നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് അറ്റോർണി ജനറലിന് കത്തയച്ച് കൊല്ലപ്പെട്ട തലാലിൻ്റെ സഹോദരൻ അബ്‌ദുൽ ഫത്താഹ് മെഹ്ദി. ഇതുവരെ നടന്ന എല്ലാ മധ്യസ്ഥ ചർച്ചകളെയും തളളുന്നുവെന്നും വധശിക്ഷ നീട്ടിവച്ചിട്ട് അരമാസം പിന്നിടുവെന്നും കത്തിൽ പരാമർശിക്കുന്നു. സമൂഹമാധ്യമത്തിലൂടെ കത്തിൻ്റെ പകർപ്പും അദ്ദേഹം പങ്കുവച്ചു.
പ്രതിബന്ധങ്ങൾ എത്ര തീവ്രമായാലും മുന്നോട്ട് പോകുമെന്നും വധശിക്ഷ നടപ്പിലാക്കണമെന്നുള്ള നിലപാടിൽ ഉറച്ചു നിൽക്കുന്നുവെന്നും സമൂഹമാധ്യമത്തിൽ മെഹ്‌ദി കുറിച്ചു. “നീതിയിലേക്കുള്ള പാത നന്നായി അറിയാം. പ്രതികാരം ചെയ്‌താൽ മാത്രമേ അടിച്ചമർത്തപ്പെട്ടവരുടെ അന്തസ് വീണ്ടെടുക്കാൻ കഴിയൂ. ആരുടെയും ശുപാർശയ്‌ക്കോ അനുവാദത്തിനോ കാത്തിരിക്കുന്നില്ല. മുറിവേറ്റ മനസോടെയാണ് ഞങ്ങൾ ഈ തീരുമാനമെടുത്തത്. പ്രതിബന്ധങ്ങൾ എത്ര തീവ്രമായാലും ഞങ്ങൾ മുന്നോട്ട് പോകും. ഞങ്ങളുടെ പാത വ്യക്തമാണ്, ഞങ്ങളുടെ നിലപാട് ഉറച്ചതാണ്. പ്രതികാരം ഞങ്ങളുടെ മാത്രം ആവശ്യമാണ്…” എന്ന് മെഹ്‌ദി സമൂഹമാധ്യമത്തിൽ കുറിച്ചു.
എന്നാൽ സമൂഹമാധ്യമ പോസ്റ്റിനു താഴെ സമ്മിശ്ര പ്രതികരണമാണ് ജനങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത്. വധശിക്ഷ ശരിയായ നടപടിയല്ലെന്നും റദ്ദാക്കണമെന്നും ഒരു കൂട്ടം ജനങ്ങൾ ആവശ്യപ്പെടുന്നുണ്ട്. എന്നാൽ ചിലർ മെഹ്‌ദിയുടെ തീരുമാനങ്ങളെ അനുകൂലിച്ചും അഭിപ്രായം പങ്കുവച്ചിട്ടുണ്ട്. വധശിക്ഷ മരവിപ്പിക്കുവാനുള്ള ഇടപെടലുകൾ ശക്തമായി പുരോഗമിക്കുന്നതിൻ്റെ ഇടയിലാണ് തലാലിൻ്റെ സഹോദരൻ അധികാരികൾക്ക് കത്തയക്കുന്നത്. ഇതിനു മുൻപും അധികാരികൾക്ക് മെഹ്‌ദി കത്തയച്ചതായി വിവിധ വൃത്തങ്ങൾ അറിയിച്ചു.
നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കാനുള്ള ഇന്ത്യയുടെ നീക്കങ്ങൾക്ക് മെഹ്‌ദിയുടെ ഈ കത്ത് എത്രമാത്രം തിരിച്ചടിയാകുമെന്നത് ആശങ്കാജനകമാണ്. മെഹ്‌ദിയ്ക്ക് ഈ കേസിൽ ഇനിയും നിയമ സാധ്യതയുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ട്.
കൊല്ലപ്പെട്ട യമൻ പൗരൻ്റെ അനന്തരാവാകാശികളുടെ പട്ടികയിൽ ആദ്യ സ്ഥാനത്തുള്ളവർ നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ യമനി പണ്ഡിതന്മാരോട് സമ്മതമറിയിച്ചിരുന്നു. ദിയാധനം ഉൾപ്പടെയുള്ള മറ്റു കാര്യങ്ങളിൽ ചർച്ചകൾ തുടരുകയാണ്. ഇതിൽ അന്തിമ തീരുമാനമായ ശേഷം സനായിലെ കോടതിയെ അറിയിക്കുമെന്നാണ് കാന്തപുരത്തെ അറിയിച്ചത്. ഈയൊരു സാഹചര്യത്തിൽ അനന്തരാവകാശികളിൽ ഒരാൾ മാത്രമായ സഹോദരൻ്റെ എതിർപ്പിന് പ്രസക്തിയില്ലന്നാണ് സൂചന.
ശരീഅത്ത് നിയമ പ്രകാരം അനന്തരാവകാശികളിൽ ഒരാളെങ്കിലും പ്രതിക്ക് മാപ്പ് നൽകിയാൽ വധശിക്ഷയിൽ ഇളവ് ലഭിക്കും. ഇത് നിമിഷയ്ക്ക് അനുകൂലമാകുമെന്നാണ് മധ്യസ്ഥ ചർച്ചയ്ക്ക് നേതൃത്വം നൽകുന്നവർ പ്രതീക്ഷിക്കുന്നത്. മധ്യസ്ഥ ചർച്ചകളുടെ ഫലമായി നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കാനുള്ള ധാരണയിലെത്തി എന്ന വിവരങ്ങൾ വന്നിരുന്നു. എന്നാൽ ഈ വാദത്തെ കേന്ദ്രം തള്ളിയിരുന്നു. കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ പ്രതിനിധികളുടെ നേത്യത്വത്തിൽ മധ്യസ്ഥ ചർച്ചകൾ നടന്നിരുന്നു.
അതേസമയം, നിമിഷപ്രിയയുടെ മോചന ശ്രമങ്ങൾക്ക് ആറംഗ നയതന്ത്ര-മധ്യസ്ഥ സംഘത്തെ നിയോഗിക്കണമെന്ന ആക്ഷൻ കൗൺസിലിൻ്റെ ആവശ്യം കേന്ദ്രം കഴിഞ്ഞ ദിവസം തള്ളിയിരുന്നു. കേന്ദ്രത്തിൻ്റെ ഈ നടപടിയ്‌ക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ആക്ഷൻ കൗൺസിൽ അറിയിച്ചു. കൊല്ലപ്പെട്ട യമൻ പൗരൻ്റെ കുടുംബത്തെ കണ്ട് മാപ്പപേക്ഷിക്കാനും ദിയാധന ചർച്ചകൾ നടത്താനുമായി ആറംഗ നയതന്ത്ര-മധ്യസ്ഥ സംഘത്തെ നിയോഗിക്കണമെന്നാണ് ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടത്. ആക്ഷൻ കൗൺസിൽ പ്രതിനിധികളായി സുപ്രീം കോടതി അഭിഭാഷകൻ അഡ്വ. സുഭാഷ് ചന്ദ്രൻ കെ ആർ, കൗൺസിൽ ട്രഷറർ കുഞ്ഞഹമ്മദ് കൂരാച്ചുണ്ട് എന്നിവരെയും മർകസ് പ്രതിനിധികളായി മുസ്ലിം പണ്ഡിതൻ അഡ്വ. ഹുസൈൻ സഖാഫി, ഹാമിദ് എന്നിവരെയും സംഘത്തിൽ ഉൾപ്പെടുത്തണമെന്നും, ബാക്കി രണ്ടു പേരെ കേന്ദ്ര സർക്കാർ നിർദേശിക്കുന്ന ഉദ്യോഗസ്ഥരാക്കണമെന്നുമായിരുന്നു ആക്ഷൻ കൗൺസിലിൻ്റെ ആവശ്യം.
കേന്ദ്ര സർക്കാരിൽ നിന്ന് മറ്റൊരു തീരുമാനവും പ്രതീക്ഷിച്ചിരുന്നില്ലെന്നും സുപ്രീം കോടതി നിർദേശിച്ചതനുസരിച്ചാണ് കേന്ദ്ര സർക്കാരിനെ സമീപിച്ചതെന്നും ആക്ഷൻ കൗൺസിലിൻ്റെ അഭിഭാഷകൻ സുഭാഷ് ചന്ദ്രൻ പറഞ്ഞു. ഓഗസ്റ്റ് 14നാണ് കേസ് സുപ്രീം കോടതി വീണ്ടും പരിഗണിക്കാനിരിക്കുന്നത്.
കഴിഞ്ഞ ജൂലൈ 16 നാണ് യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ ജയിലിലായ മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവച്ചത്. 2017 ജൂലൈ 25നാണ് യെമന്‍ പൗരന്‍ തലാല്‍ അബ്‌ദു മെഹദിയെ നിമിഷ പ്രിയ കൊലപ്പെടുത്തിയത്. പാസ്‌പോര്‍ട്ട് പിടിച്ചെടുത്ത് നടത്തിയ ക്രൂരപീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് നിമിഷയുടെ വാദം. തലാലിന് അമിത ഡോസ് മരുന്ന് കുത്തിവെച്ചാണ് കൊലപ്പെടുത്തിയത്. കോടതി വിചാരണയില്‍ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നിമിഷ പ്രിയയ്‌ക്ക് യമനൻ കോടതി വധശിക്ഷയ്ക്ക് വിധിച്ചത്.
















