ഫിഫ ക്ലബ് ലോകകപ്പോടെ 2024–25 ഫുട്ബോൾ സീസൺ അവസാനിച്ചപ്പോള്‍ കായികരംഗത്തെ ഏറ്റവും അഭിമാനകരമായ പുരസ്‌കാരം ബാലൺ ഡി ഓര്‍ ഇത്തവണ ആര്‍ക്ക് ലഭിക്കുമെന്ന ആകാംക്ഷയിലാണ് ആരാധകർ. ഫുട്ബോളിലെ ഏറ്റവും പഴക്കമുള്ള അവാർഡുകളിലൊന്നാണിത്. ഫ്രാൻസ് ഫുട്ബോൾ വർഷം തോറും നൽകുന്ന പുരസ്‌കാരം വ്യക്തിഗത മികവ്, ടീം വിജയം, കളിയിലുള്ള സ്വാധീനം എന്നിവയെ അടിസ്ഥാനമാക്കി ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ കളിക്കാരന് നല്‍കുന്നു.
പിഎസ്‌ജിയുടെ ഉസ്‌മാനെ ഡെംബെലെയ്‌ക്ക് ഇത്തവണ ഒരു മികച്ച സീസണായിരുന്നു. 33 ഗോളുകൾ നേടുകയും 13 അസിസ്റ്റുകളും നൽകുകയും ചെയ്‌ത് പിഎസ്‌ജിയുടെ ആഭ്യന്തര, യൂറോപ്യൻ സീസണുകളിൽ ഗണ്യമായ സംഭാവന നൽകി. ബാഴ്‌സലോണയുടെ റാഫിഞ്ഞയും ലാമിൻ യമാലും ടീമിന്‍റെ പ്രകടനങ്ങളിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട്. ചാമ്പ്യൻസ് ലീഗിൽ നിന്ന് ടീം നേരത്തെ പുറത്തായെങ്കിലും ലിവർപൂളിന്‍റെ മുഹമ്മദ് സലായും ശക്തമായ ഒരു മത്സരാർത്ഥിയാണ്. 2025ലെ ബാലൺ ഡി ഓർ പുരസ്‌കാരം സെപ്റ്റംബർ 22 ന് പാരീസിൽ വെച്ച് നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും.
വർഷങ്ങളോളം പരിക്കിന്‍റെ തിരിച്ചടികൾക്കും സ്ഥിരതയില്ലാത്ത ഫോമിനും ശേഷം, 2024–25 ൽ ഡെംബെലെ മികച്ച തിരിച്ചുവരവ് നടത്തുകയായിരുന്നു. സീസണില്‍ ഉടനീളം ഫ്രഞ്ച് വിംഗർ തകർപ്പൻ ഫോമിലാണ്. 2024-25 സീസണിൽ ലീഗ് 1, കൂപ്പെ ഡി ഫ്രാൻസ്, ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ എന്നിവ നേടുന്നതിൽ പിഎസ്‌ജിയുടെ വിജയത്തിന് മികച്ച സംഭാവന നൽകിയ താരമാണ് ഡെംബെലെ. ഫിഫ ക്ലബ് ലോകകപ്പ് ഫൈനലിൽ കോൾ പാമറിനെതിരെ വ്യക്തിഗത പോരാട്ടത്തിൽ പരാജയപ്പെട്ടെങ്കിലും ഇത്തവണത്തെ പുരസ്‌കാരത്തില്‍ താരം മുൻപന്തിയിൽ നില്‍ക്കുന്നു.
പതിനേഴു വയസ്സുള്ളപ്പോൾ തന്നെ ലാമിൻ യാമൽ യൂറോപ്യൻ ഫുട്ബോളിനെ കീഴടക്കി. ലോകത്തിലെ ഏറ്റവും മികച്ച വിംഗർമാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന യമാൽ, ബാഴ്‌സലോണയുടെ ആഭ്യന്തര ഡബിൾസിൽ നിർണായക പങ്ക് വഹിച്ച് ലാ ലിഗയും കോപ്പ ഡെൽ റേയും നേടാൻ സഹായിച്ചു. ബാഴ്‌സയെ ചാമ്പ്യൻസ് ലീഗ് സെമിഫൈനലിലേക്കും നയിച്ച താരം ഗോൾഡൻ ബോയ് അവാർഡ്, കോപ്പ ട്രോഫി എന്നിവ സ്വന്തമാക്കിയിട്ടുണ്ട്. ഇത്തവണ യമാലിന് അവാര്‍ഡ് ലഭിച്ചാല്‍, ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ബാലൺ ഡി ഓർ ജേതാവാകും.
2025 ലെ ബാലൺ ഡി’ഓറിലേക്ക് പിഎസ്‌ജിയിലെ വിറ്റിൻഹ ഒരു മികച്ച മത്സരാര്‍ഥിയാണ്. ടീമിന്‍റെ മിഡ്‌ഫീൽഡ് കണ്ടക്ടറായി പ്രവർത്തിച്ച താരം, ചാമ്പ്യൻസ് ലീഗിലും നയിച്ചു. നോക്കൗട്ട് മത്സരങ്ങളിൽ പ്രധാന പ്രകടനങ്ങൾ നടത്തി, ലീഗ് 1, യുവേഫ ടീം ഓഫ് ദി സീസൺ എന്നിവയിൽ ഇടം നേടി. വലിയ മത്സരങ്ങളിലെ സ്വാധീനമുള്ള പ്രകടനങ്ങളും വർദ്ധിച്ചുവരുന്ന അന്താരാഷ്ട്ര സാന്നിധ്യവും ഉപയോഗിച്ച്, ലൂക്ക മോഡ്രിച്ച് പോലുള്ള മുൻ ബാലൺ ഡി’ഓർ ജേതാവായ മിഡ്‌ഫീൽഡർമാരുമായി താരത്തെ താരതമ്യം ചെയ്യുന്നുണ്ട്.
ലിവർപൂളിന്‍റെ ഇതിഹാസ താരം മുഹമ്മദ് സലാ പ്രീമിയർ ലീഗിൽ 29 ഗോളുകൾ നേടുകയും അസിസ്റ്റുകളിൽ (18) രണ്ടാം സ്ഥാനത്തെത്തുകയും ചെയ്‌തു. വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിൽ ലിവർപൂളിനെ ലീഗ് കിരീടത്തിലേക്ക് നയിച്ചു. എന്നാല്‍ ചാമ്പ്യൻസ് ലീഗിൽ നിന്ന് ലിവർപൂളിന്‍റെ ആദ്യകാല പുറത്താകൽ സലായുടെ തിളക്കം കുറച്ചുമങ്ങിച്ചു. താരത്തിന്‍റെ ആഭ്യന്തര ആധിപത്യവും സ്ഥിതിവിവരക്കണക്കുകളും മികച്ച ഒരു മത്സരാർത്ഥിയാക്കുന്നു.
ചർച്ചകളിൽ പലപ്പോഴും അവഗണിക്കപ്പെടുന്ന റാഫിഞ്ഞ തന്‍റെ കരിയറിലെ ഏറ്റവും മികച്ച സീസണാണ് ഇത്തവണ നയിച്ചത്. എല്ലാ മത്സരങ്ങളിലുമായി 34 ഗോളുകൾ നേടിയ ബ്രസീലിയൻ വിംഗർ ബാഴ്‌സലോണയുടെ വിജയകരമായ ലീഗ്, കപ്പ് റണ്ണിൽ യമാലിനെപ്പോലെ തന്നെ നിർണായകമായിരുന്നു. ചാമ്പ്യൻസ് ലീഗിലെ ഗോൾ സ്‌കോറിംഗും വലിയ മത്സരങ്ങളിലെ സ്ഥിരതയാർന്ന പ്രകടനവും താരത്തെ ഉയര്‍ത്തുന്നു. റാഫിഞ്ഞയും യമാലും ഒരേ ക്ലബ്ബിനെ പ്രതിനിധീകരിക്കുകയും സമാനമായ റോളുകളും കളിക്കുന്നതിനാൽ, വോട്ടുകൾ വിഭജിക്കപ്പെടാനുള്ള സാധ്യതയുണ്ട്.
റയൽ മാഡ്രിഡിലെ എംബാപ്പെയുടെ ആദ്യ സീസൺ മികച്ച വ്യക്തിഗത കണക്കുകൾ നൽകിയെങ്കിലും, ചില കാര്യങ്ങള്‍ ബാലൺ ഡി ഓർ അവസരങ്ങൾക്ക് തടസ്സമായി. 30+ ഗോൾ കാമ്പെയ്‌നും ഹൈലൈറ്റ്-റീൽ നിമിഷങ്ങളും ഉണ്ടായിരുന്നിട്ടും, ലാ ലിഗ നേടാനോ യുസിഎൽ ഫൈനലിൽ എത്താനോ റയൽ മാഡ്രിഡിന് കഴിയാത്തത് മുൻ വർഷങ്ങളെ അപേക്ഷിച്ച് താരത്തിന്‍റെ സാധ്യതയെ കുറച്ച് മങ്ങിച്ചു.
















