ഓവൽ ക്രിക്കറ്റ് ടെസ്റ്റ് ഇന്ത്യയ്ക്ക് ത്രസിപ്പിക്കുന്ന ജയം. ഇംഗ്ലണ്ടിനെ 6 റൺസിന് തോൽപ്പിച്ചു. 374 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 367 റൺസിന് പുറത്തായി. വിജയത്തോടെ പരമ്പര ഇന്ത്യ സമനിലയിൽ ആക്കി(2-2). അഞ്ചു വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജും നാലു വിക്കറ്റ് വീഴ്ത്തിയ പ്രസിദ്ധ് കൃഷ്ണയും ഇന്ത്യക്ക് വിജയം ഒരുക്കിയത്. പരാജയത്തിലേക്ക് ഇന്ത്യ പോകുമെന്ന മത്സരമാണ് തിരികെ പിടിച്ചത്. ഇംഗ്ലണ്ടിന് അവസാന ദിനം ജയിക്കാന്‍ 35 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. ആറിന് 339 റണ്‍സെന്ന നിലയിലാണ് ഇംഗ്ലണ്ട് ബാറ്റിങ് ആരംഭിച്ചത്. ജെയ്മി സ്മിത്ത് (രണ്ട്), ജെയ്മി ഓവര്‍ടൻ (ഒൻപത്) എന്നിവരെ പുറത്താക്കിയ പേസർ മുഹമ്മദ് സിറാജ് കളി ഇന്ത്യയ്ക്ക് അനുകൂലമാക്കി മാറ്റി. ജോഷ് ടോങ്ങിനെ പ്രസിദ്ധ് കൃഷ്ണ ബോൾഡാക്കിയതോടെ ഇംഗ്ലണ്ടിന് ഒൻപതാം വിക്കറ്റും നഷ്ടമായി. പരുക്കേറ്റ് പുറത്തിരിക്കുന്ന ക്രിസ് വോക്സ് കളത്തിലെത്തിയെങ്കിലും വിജയം ഇന്ത്യയ്ക്കൊപ്പമായിരുന്നു.
വോക്‌സിനെ ഒരറ്റത്ത് നിര്‍ത്തി ഗസ് ആറ്റ്കിന്‍സണ്‍ ഇംഗ്ലണ്ടിനായി പൊരുതിയെങ്കിലും 86-ാം ഓവറില്‍ ആറ്റ്കിന്‍സനെ പുറത്താക്കി സിറാജ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചു. നാലാം ദിനത്തിൽ ഹാരി ബ്രൂക്കിന്റെയും ജോ റൂട്ടിന്റെയും സെഞ്ചുറികൾ ഇംഗ്ലണ്ടിന് വിജയമുറപ്പിച്ചിരുന്നു. 91 പന്തില്‍ സെഞ്ചുറി നേടിയ ബ്രൂക്ക് 98 പന്തില്‍ നിന്ന് രണ്ട് സിക്സും 14 ഫോറുമടക്കം 111 റണ്‍സെടുത്താണ് പുറത്തായത്. 152 പന്തില്‍ നിന്ന് 12 ബൗണ്ടറിയടക്കം 105 റണ്‍സെടുത്താണ് റൂട്ടും മടങ്ങിയത്.















