സംസ്ഥാനത്ത് റോഡ് പരിപാലനത്തിനുള്ള റണ്ണിംഗ് കോണ്‍ട്രാക്ട് പ്രവൃത്തികള്‍ സമയബന്ധിതമായി നടപ്പിലാക്കുന്നവെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്തണമെന്ന് പൊതുമരാമത്ത് മന്ത്രിയുടെ നിര്‍ദ്ദേശം. പൊതുമരാമത്ത് വകുപ്പിലെ റോഡ് പരിപാലനം വിലയിരുത്താനായി ചേര്‍ന്ന ഉന്നതതലയോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. 90 ശതമാനം റോഡുകളും റണ്ണിംഗ് കോണ്‍ട്രാക്ടിലൂടെ നല്ലനിലയില്‍ പരിപാലിക്കപ്പെടുന്നുണ്ട്. മഴക്കാലത്ത് ചില റോഡുകളില്‍ ഉണ്ടാകുന്ന കുഴികള്‍ താത്കാലികമായെങ്കിലും അടച്ചു എന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്തണം. അക്കാര്യത്തില്‍ ഒരു തരത്തിലുള്ള വീഴ്ചയും ഉണ്ടാകാന്‍ പാടില്ല.
റോഡുകളില്‍ ചുമതലപ്പെട്ട ഉദ്യോഗസ്ഥരുടെ പരിശോധന നിലവില്‍ നടത്തുന്നതുപോലെ തന്നെ തുടരണം. പരിശോധന സംബന്ധിച്ച റിപ്പോര്‍ട്ട് സെക്രട്ടറി തലം വരെ ദൈനംദിനമായി വിലയിരുത്തണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. മഴ മാറിക്കഴിഞ്ഞാല്‍ നിശ്ചിത ദിവസത്തിനകം തന്നെ സ്ഥിരം സ്വഭാവത്തിലുള്ള അറ്റകുറ്റപണികള്‍ പൂര്‍ത്തീകരിക്കണം.നിശ്ചിത ഇടവേളകളിലുള്ള ഉന്നത ഉദ്യോഗസ്ഥരുടെ പരിശോധന തുടരും.ഏതെങ്കിലും തരത്തില്‍ വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ഡി എല്‍ പി ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത് പോലെ വാട്ടര്‍ അതോറിറ്റി ഉള്‍പ്പെടെയുള്ള യൂട്ടിലിറ്റികള്‍ക്ക് റോഡ് കൈമാറിയാല്‍ അക്കാര്യം കൃത്യമായി ജനങ്ങളെ അറിയിക്കാന്‍ പ്രത്യേക ബോര്‍ഡുകള്‍ സ്ഥാപിക്കാനും മന്ത്രി നിര്‍ദ്ദേശിച്ചു. പൊതുമരാമത്ത് സെക്രട്ടറി ശ്രീ.കെ.ബിജു ഐഎഎസ്,ചീഫ് എഞ്ചിനീയര്‍മാര്‍,എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍മാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
CONTENT HIGH LIGHTS; Public Works Minister instructs to ensure that potholes on roads are temporarily sealed
















