കർണാടക: കർണാടക ബലഗാവി ഹുലികാട്ടിയിലെ എൽ പി സ്‌കൂളിൽ മുസ്ലിം ഹെഡ് മാസ്റ്ററെ സ്ഥലം മാറ്റാൻ വാട്ടർ ടാങ്കിൽ വിഷം കലർത്തിയ സംഭവത്തിൽ 3 പ്രതികൾ ജുഡീഷ്യൽ കസ്റ്റഡിയിൽ. സാഗർ പാട്ടീൽ, കൃഷ്ണ മദാർ, നാഗനഗൗഡ എന്നിവരെയാണ് കോടതി കസ്റ്റഡിയിൽ വിട്ടത്.
വിഷം കലർന്ന വെള്ളം കുടിച്ചതിനെ തുടർന്ന് സ്കൂളിലെ 11 കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ടാങ്കിൽ വിഷം കലർത്തിയത് ശ്രീരാമസേന സംഘമാണെന്ന് പോലീസ് പറഞ്ഞു.പ്രതികളിൽ ഒരാളായ കൃഷ്ണ മദാറിനെ കുറ്റകൃത്യത്തിൽ ഏർപ്പെടാൻ മറ്റ് രണ്ട് പ്രതികൾ ഭീഷണിപ്പെടുത്തുകയായിരുന്നു. മറ്റൊരു ജാതിയിൽപ്പെട്ട ഒരു സ്ത്രീയുമായി കൃഷ്ണ മദാറിന് ബന്ധമുണ്ടായിരുന്നുവെന്നും കുറ്റകൃത്യത്തിൽ സഹകരിച്ചില്ലെങ്കിൽ ഈ ബന്ധം പുറത്തുവിടുമെന്ന് സാഗർ പാട്ടീൽ ഭീഷണിപ്പെടുത്തിയതായി പറയുന്നു.
കൃത്യം നടത്തിയത് സ്കൂൾ പ്രിൻസിപ്പൽ ഇസ്ലാംമത വിശ്വാസിയായതിന്റെ വിരോധത്തിലാണെന്നാണ് കണ്ടെത്തൽ. ജൂലൈ 14 ന് ജനത കോളനിയിലെ ഗവൺമെന്റ് ലോവർ പ്രൈമറി സ്കൂളിൽ സംഭവം നടന്നത്. കുട്ടികൾ ആശുപത്രിയിലായതിനെ തുടർന്ന് പ്രധാനാധ്യാപകൻ സുലൈമാൻ ഗുരൈനായിക് സൗണ്ടാട്ടി പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. അഞ്ചാം ക്ലാസ് വിദ്യാർത്ഥിയെ ലഘുഭക്ഷണവും പണവും നൽകി വാട്ടർ ടാങ്കിൽ വിഷം ചേർക്കാൻ പ്രലോഭിപ്പിച്ചെന്ന് പരാതിയിൽ പറയുന്നു.
















