ഡൽഹി: മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് ചാണ്ടി ഉമ്മൻ എംഎൽഎ വീണ്ടും ഗവർണർ രാജേന്ദ്ര ആർലേക്കറെ നേരിൽ കണ്ടു. പ്രവാസി വ്യവസായി സാജൻ ലത്തീഫും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. ഗവർണറോട് നിമിഷപ്രിയയുടെ മോചനത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ടതായാണ് വിവരം.
അതേ സമയം, നിമിഷപ്രിയയുടെ വധശിക്ഷയ്ക്ക് പുതിയ തീയതി ആവശ്യപ്പെട്ടുള്ള തലാലിന്റെ സഹോദരൻ അബ്ദുൽ ഫത്താഹ് മെഹ്‍ദിയുടെ ഫേസ്ബുക്ക് പോസ്റ്റ് സാമുവൽ ജെറോം ഷെയർ ചെയ്തിരുന്നു. നിമിഷ പ്രിയയുടെ മോചനത്തിനായി പ്രവർത്തിക്കുന്ന ആളാണ് സാമുവൽ ജെറോം.
നിമിഷ പ്രിയയാൽ കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ പ്രോസിക്യൂട്ടർക്ക് നൽകിയ കത്താണ് സാമുവൽ ജെറോം ഫേസ്ബുക്ക് പോസ്റ്റിൽ ഷെയർ ചെയ്തത്. വധശിക്ഷയ്ക്ക് പുതിയ തിയതി നിശ്ചയിക്കണം എന്നാണ് അബ്ദുൽ ഫത്താഹ് മെഹ്‍ദിയുടെ ആവശ്യം. വധശിക്ഷ നീട്ടിവെച്ചിട്ട് 15 ദിവസം പിന്നിട്ടെന്നും പുതിയ തിയതി ഇതുവരെ നിശ്ചയിച്ചിട്ടില്ലെന്നുമാണ് കത്തിലെ ഓർമ്മപ്പെടുത്തൽ.
മധ്യസ്ഥ ശ്രമങ്ങൾക്കോ ചർച്ചകൾക്കോ ഉള്ള എല്ലാ ശ്രമങ്ങളെയും തള്ളുന്നുവെന്നും കത്തിൽ പറയുന്നു. വധശിക്ഷ റദ്ദായി എന്നുകാട്ടി നിമിഷപ്രിയയുടെ മോചനം സംബന്ധിച്ച് കേരളത്തിൽ ചർച്ചകൾ സജീവമാകുമ്പോഴാണ് തലാലിന്റെ സഹോദരൻ വീണ്ടും നിലപാട് കടുപ്പിക്കുന്നത്.
















