കൊച്ചി: പ്രൊഡ്യൂസേഴ്സ് അസോസിയേഷനിലെ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക തള്ളിയതിനെതിരെ നിർമ്മാതാവ് സാന്ദ്ര തോമസ് രംഗത്ത്. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിലെ ആസ്ഥാന ഗുണ്ടകളായ സുരേഷ് കുമാറിന്റെയും സിയാദ് കോക്കറിന്റെയും ഗുണ്ടായിസമാണ് ഇപ്പോൾ എല്ലാരും കണ്ടതെന്ന് സാന്ദ്ര തോമസ് പറഞ്ഞു.
പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ മെമ്പർ ആകാൻ സ്വന്തം പേരിൽ ബാനർ വേണം. അത് ഉണ്ടായപ്പോഴാണ് തനിക്ക് അംഗത്വം കിട്ടിയത്. റെഗുലർ മെമ്പർ ആയ ഒരാൾക്ക് മൂന്ന് സിനിമകൾ സ്വന്തം പേരിൽ സെൻസർ ചെയ്തിട്ടുണ്ടെങ്കിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാം. താൻ റെഗുലർ മെമ്പറും സ്വന്തം പേരിൽ ഒൻപത് സിനിമകൾ സെൻസർ ചെയ്തിട്ടുള്ള ആളുമാണ് എന്ന് സാന്ദ്ര തോമസ് പറയുന്നു.
രണ്ടു ബാനറിൽ സിനിമകൾ ചെയ്തു എന്ന പേരിലാണ് തന്റെ പത്രിക തള്ളിയതെന്നും രണ്ടു ബാനറിൽ സിനിമകൾ സെൻസർ ചെയ്ത വിശാഖ് സുബ്രഹ്മണ്യത്തിന്റെ പത്രിക ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് സ്വീകരിച്ചിട്ടുണ്ടെന്നും സാന്ദ്ര തോമസ് പറഞ്ഞു. താൻ നേരിട്ടത് അനീതിയാണ്. ഇതിനെ നിയമപരമായി നേരിടുമെന്ന് മാധ്യമങ്ങളോട് പ്രതികരിക്കവേ സാന്ദ്ര തോമസ് പറഞ്ഞു.
അസോസിയേഷൻ പ്രസിഡന്റ്, ട്രഷറർ, എക്സിക്യൂട്ടീവ് മെമ്പർ എന്നീ സ്ഥാനങ്ങളിലേക്കാണ് സാന്ദ്ര പത്രിക സമർപ്പിച്ചത്. എന്നാൽ പ്രസിഡന്റ് ട്രഷറർ എന്നീ സ്ഥാനങ്ങളിലേക്കുള്ള പത്രിക പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വരണാധികാരി തള്ളി. ‘പ്രൊഡ്യൂസേഴ്സ് അസോസിയേഷനിലെ ആസ്ഥാന ഗുണ്ടകളായ സുരേഷ് കുമാറിന്റെയും സിയാദ് കോക്കറിന്റെയും ഗുണ്ടായിസം നിങ്ങൾ കണ്ടതാണ്. ഇതാണ് പ്രൊഡ്യൂസേഴ്സ് അസ്സോസിയേഷൻ എന്ന് നിങ്ങൾ എല്ലാം മനസ്സിലാക്കി വെക്കണം. രണ്ടു സ്ത്രീകൾ അവരുടെ പ്രധാനപ്പെട്ട സ്ഥാനത്തേക്ക് ഒരു നോമിനേഷൻ കൊടുത്തതിനാണ് ഈ ബഹളം ഉണ്ടാക്കിയത്.
ഞാനിവിടെ രണ്ടു സിനിമകൾ മാത്രമേ ചെയ്തിട്ടുള്ളൂ എന്ന് ഒരു മലയാളികൾക്കും പറയാൻ പറ്റില്ല. കാരണം ഹിറ്റായിട്ടുള്ള എന്റെ സിനിമകൾ തന്നെ അഞ്ചെണ്ണം ഉണ്ട്. ഒൻപത് സിനിമകൾ എന്റെ സ്വന്തം പേരിൽ സെൻസർ ചെയ്തിട്ടുള്ള ഒരാളാണ് ഞാൻ. അസോസിയേഷന്റെ രജിസ്റ്ററിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട് എന്റെ സിനിമകൾ. എന്നിട്ടുപോലും അതൊന്നും നോക്കാൻ തയ്യാറാകാതെ എന്റെ നോമിനേഷൻ തിരസ്കരിക്കുകയായിരുന്നു. ഇത് തീർത്തും വേദനാജനകമാണ്. എന്നോട് അനീതി ആണ് കാണിക്കുന്നത്. ഇതിന്റെ അർഥം വരണാധികാരി അവരുടെ ആളാണെന്നാണ്. മറ്റാരും പറയുന്നതിന് മുൻപ് തന്നെ അദ്ദേഹം പറഞ്ഞു എനിക്ക് മത്സരിക്കാൻ അർഹത ഇല്ല എന്ന്. ഇത്രയും നോമിനേഷൻ നോക്കിയിട്ടു എന്റെ പേപ്പറുകൾ മാത്രമാണ് മുഴുവൻ എടുപ്പിച്ചത്.
എന്റെ സ്ഥാനാർത്തിത്വത്തിൽ മാത്രമാണ് അദ്ദേഹത്തിന് സംശയം ഉള്ളത്. അതിന്റെ അർഥം തന്നെ ഇതെല്ലാം മുൻകൂട്ടി തീരുമാനിച്ചതാണ് എന്നാണ്. ഞാനിതിനെ നിയമപരമായി തന്നെ നേരിടും. ഇവിടെ കോടതിയും നിയമവുമൊക്കെ ഉണ്ടല്ലോ. ഈ അസോസിയേഷൻ വർഷങ്ങളായി നടത്തിക്കൊണ്ടുപോകുന്ന കാര്യങ്ങളാണ് ഇതൊക്കെ. ഇവിടെ ചോദ്യം ചെയ്യാൻ ഒരാൾ വന്നത് ഇതാദ്യമായിട്ടാണ്. എക്സിക്യൂട്ടീവിലേക്കും ഞാൻ നോമിനേഷൻ കൊടുത്തിട്ടുണ്ട് പക്ഷേ പ്രസിഡന്റായിട്ട് മത്സരിക്കാൻ തന്നെയാണ് എന്റെ തീരുമാനം. അവർ എന്നെ മാന്യമായിട്ട് മത്സരിച്ച് തോൽപ്പിച്ച് കാണിക്കട്ടെ, അല്ലാതെ ഇങ്ങനെയല്ലല്ലോ ചെയ്യേണ്ടത്.
രാഗേഷിന് ധൈര്യമുണ്ടെങ്കിൽ എന്നെ മത്സരിച്ചു തോൽപ്പിച്ച് കാണിക്കണം. അല്ലാതെ നിഷ്പക്ഷൻ അല്ലാത്ത ഒരാളെ വെച്ചിട്ട് അദ്ദേഹം എന്റെ നോമിനേഷൻ നിരസിക്കുകയല്ല വേണ്ടത്. അദ്ദേഹം 25 വർഷം ആയി ഇരിക്കുന്നത് നിക്ഷ്പക്ഷനായ ഒരാൾ അല്ല എന്നുള്ളതിന് തെളിവല്ലേ. നമ്മുടെ ബൈലോ പ്രകാരം അങ്ങനെ ഒരു വരണാധികാരിയെ വയ്ക്കാൻ എവിടെയും പറഞ്ഞിട്ടില്ല. എന്തായാലും ഈ അസോസിയേഷനിൽ ഞാൻ കയറും. അത് മത്സരിച്ച് തന്നെ കയറും. ഇത് എല്ലാവരും അറിയേണ്ടതാണ്. ഞാൻ നേരത്തെ പറഞ്ഞതുപോലെ തന്നെ ഈ അസോസിയേഷനിൽ ഒരു ഭരണവിരുദ്ധ വികാരം ഉണ്ട്. കുറച്ചുപേരുടെ കോക്കസിനകത്താണ് മലയാള സിനിമ മുഴുവൻ ഇരിക്കുന്നത്. ആ കോക്കസ് ഇവിടെ വളരെ സജീവമായിട്ട് വർക്ക് ചെയ്യുന്നുണ്ട് അതാണ് നിങ്ങൾ എല്ലാവരും ഇപ്പോൾ ഇവിടെ കണ്ടത്.
സുരേഷ് കുമാറും സിയാദ് കോക്കറും അടക്കമുള്ള ആളുകൾ കാണിക്കുന്ന ഗുണ്ടായിസവും എല്ലാവരും കണ്ടതാണ്. ഇതാണ് ഇവർ മറ്റെല്ലാ നിർമ്മാതാക്കളോടും കാണിക്കുന്നത്. ഇവിടെ ഒരു നോമിനേഷൻ കൊടുക്കാൻ പോലും ആരെയും സമ്മതിക്കാറില്ല. കോടതിയെ സമീപിക്കുക മാത്രമേ എനിക്ക് വഴിയുള്ളൂ കാരണം ഒരു റിട്ടേണിങ് ഓഫീസറെ വെച്ചിട്ടുള്ളത് തന്നെ അവർ വച്ചിരിക്കുന്ന ആളാണ്, അവിടെ എനിക്ക് നീതി കിട്ടില്ല. നൂറുശതമാനം മെറിറ്റുള്ള കേസാണ് എന്റേത്. ഞാൻ സിനിമകൾ ചെയ്തിട്ടുണ്ടെന്ന് ഇവിടെ മലയാളികൾക്ക് എല്ലാവർക്കും അറിയാവുന്നതാണ്. ഞാൻ മൂന്നിൽ കൂടുതൽ സിനിമകൾ ചെയ്തിട്ടുള്ള ഒരു നിർമ്മാതാവാണ് എന്റെ പേരിൽ 9 സിനിമകളോളം സെൻസർ സർട്ടിഫിക്കറ്റ് ഉണ്ട്. നമ്മുടെ ബൈലോ പ്രകാരം ഏതൊരു റെഗുലർ മെമ്പറിനും മൂന്ന് സെൻസർ സർട്ടിഫിക്കറ്റുകൾ കാണിച്ചാൽ മത്സരിക്കാം. ഞാൻ ഇവിടെ ഒരു റെഗുലർ മെമ്പറാണ്.
സെൻട്രൽ ബോർഡ് ഓഫ് സർട്ടിഫിക്കേഷൻ ആണ് എനിക്ക് സർട്ടിഫിക്കറ്റുകൾ തന്നിരിക്കുന്നത്. ഇവർ അംഗീകരിക്കാതിരുന്നത് കൊണ്ട് ‘മങ്കി പെൻ’, ‘ആട്’ എന്നീ സിനിമകൾ എന്റേത് അല്ലാതെ ആകുന്നില്ലല്ലോ. ഒറിജിനൽ സിനിമ ആരുടെ പേരിലാണ് അത് അവരുടെ പേരിൽ തന്നെയാണ് സെൻസർ സർട്ടിഫിക്കറ്റ് തരുന്നത്. മെമ്പർഷിപ്പിന് വേണ്ടി ബാനർ ആണ് വേണ്ടത് അതുകൊണ്ടുതന്നെയാണ് ഞാൻ ഇത്രയും കാലം കാത്തിരുന്നത്. ഒരു സിനിമ ചെയ്ത ആൾക്ക് ഇവിടെ അസോസിയേഷനിൽ മെമ്പർ ആവാം എന്ന് വരണാധികാരി പറയുന്നത് എല്ലാവരും കേട്ടതാണ്. പക്ഷേ ഇതിന് മുന്നത്തെ വർഷം ഒരു സിനിമ ചെയ്തിട്ടും എന്നെ മെമ്പറാക്കിയിട്ടില്ല.
അതുപോലെതന്നെ ഒരുപാട് നിർമ്മാതാക്കളെ ഇവിടെ മെമ്പേഴ്സ് ആക്കിയിട്ടില്ല അവർ പറയുന്ന കാരണം 2 സിനിമകൾ ചെയ്താലേ മെമ്പർ ആകാൻ പറ്റൂ എന്നാണ്. രണ്ടു സിനിമകൾ ചെയ്തതിന് ശേഷം രണ്ട് സെൻസർ സർട്ടിഫിക്കറ്റുകൾ കൊടുത്തതിനുശേഷം ആണ് ഇപ്പോൾ ഞാൻ മെമ്പർ ആയിരിക്കുന്നത്. അത് പ്രകാരം ഞാൻ റെഗുലർ മെമ്പറാണ്. രണ്ട് സിനിമകൾ സെൻസർ ചെയ്തിട്ടുണ്ടെങ്കിൽ ഇവിടെ മെമ്പർ ആകാം അല്ലാതെ എല്ലാ സെൻസർ സർട്ടിഫിക്കറ്റുകളും ഇവിടെ കൊണ്ടുവന്ന് കാണിക്കണം എന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ ബൈലോയിൽ പറയുന്നില്ല.
പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കണമെന്നുണ്ടെങ്കിൽ റെഗുലർ മെമ്പർ ആയിരിക്കണം അവർക്ക് മൂന്നു സിനിമകളുടെ സെൻസർ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. അത് ഒരേ കമ്പനിയുടെതായിരിക്കണം എന്ന് എവിടെയും പറഞ്ഞിട്ടില്ല. അതുപോലെതന്നെ ഇവിടെ പെൻഷൻ വാങ്ങിക്കുന്നവരെല്ലാം പല ബാനറുകളിൽ നിന്നുള്ളവരാണ്. ഇതിനുമുമ്പുള്ള ഇലക്ഷനുകളിലും പലരും പല ബാനറുകളിൽ നിന്നാണ് മത്സരിച്ചിരിക്കുന്നത്. ഈയൊരു പ്രാവശ്യം മാത്രമാണ് ഇങ്ങനെ ഒരു നാടകം ഇവിടെ നടന്നിരിക്കുന്നത്.
എന്നെപ്പോലെ തന്നെ രണ്ടു ബാനറുകളിൽ സിനിമ ചെയ്തതാണ് വിശാഖ് സുബ്രഹ്മണ്യം. വിശാഖ് രണ്ട് ബാനറിൽ രണ്ട് സിനിമകളാണ് ചെയ്തിരിക്കുന്നത്. വിശാഖിന്റെ അപേക്ഷ അവർ സ്വീകരിച്ചു എന്റേത് എന്തുകൊണ്ട് സ്വീകരിച്ചില്ല. ഞാനൊരു സ്ത്രീയായതുകൊണ്ടാണോ. വിശാഖിന്റെ നോമിനേഷൻ ജോയിന്റ് സെക്രട്ടറി പോസ്റ്റിലേക്കാണ്. രണ്ടു ബാനറിൽ രണ്ട് സിനിമകളാണ് വിശാഖ് ചെയ്തിരിക്കുന്നത്. വിശാഖിന്റെയും എന്റെയും ഒരേ കേസാണ്. എന്നിട്ടുപോലും വിശാഖിന്റെ നോമിനേഷൻ സ്വീകരിക്കുകയും എന്റേത് തള്ളുകയും ചെയ്തു.
ഞാനൊരു കമ്പനിയിൽ നിന്നും മാറി എന്ന് കരുതി ചെയ്ത സിനിമകൾ ഇല്ലാതാകുന്നില്ലല്ലോ ഞാനായിരുന്നു ആ കമ്പനിയുടെ മാനേജിങ് പാർട്ണർ. ആ സിനിമകൾ ഒന്നും ഒരു ചാനലുകളും പിൻവലിച്ചിട്ടില്ലല്ലോ. എന്റെ പാട്ണറായിരുന്ന വിജയ് ബാബുവിനോട് ഒരു കത്ത് ഇവർ ചോദിച്ചിട്ട് വിജയ് ബാബു അത് നൽകിയതുപോലുമില്ല. എന്നോട് കാണിക്കുന്നത് അനീതിയാണ്. ഞാൻ ഇതിനെ നിയമപരമായി നേരിടും.” സാന്ദ്ര തോമസ് പറയുന്നു .
















