വാഷിങ്ടൻ: ഇന്ത്യയ്‌ക്കു ചുമത്തിയിട്ടുള്ള തീരുവ ഗണ്യമായി വർധിപ്പിക്കുമെന്ന് ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. റഷ്യയില്‍നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നത് ചൂണ്ടിക്കാണിച്ചാണ് യുഎസ് പ്രസിഡന്റിന്റെ ഭീഷണി. ഈക്കാര്യം സോഷ്യൽ മീഡിയയിലൂടെ ആണ് അദ്ദേഹം വെളിപ്പെടുത്തിയത്.
‘ഇന്ത്യ വലിയ തോതിൽ റഷ്യയിൽ നിന്ന് ഇന്ധനം വാങ്ങുന്നുയെന്നു മാത്രമല്ല, വാങ്ങിയ ഇന്ധനത്തിന്റെ ഭൂരിഭാഗവും പൊതുവിപണിയിൽ വലിയ ലാഭത്തിന് വിൽക്കുകയും ചെയ്യുന്നു. റഷ്യയുടെ ആക്രമണത്തിൽ യുക്രെയ്‌നിൽ എത്ര ആളുകൾ കൊല്ലപ്പെടുന്നു എന്നതിൽ ഇന്ത്യയ്‌ക്ക് ആശങ്കയില്ല. ഇക്കാരണത്താൽ, ഞാൻ ഇന്ത്യ യുഎസിനു നൽകുന്ന ഇറക്കുമതി തീരുവ ഗണ്യമായി വർദ്ധിപ്പിക്കും.’ – സമൂഹമാധ്യമത്തിൽ പങ്കുവെച്ച പോസ്റ്റിൽ ട്രംപ് കുറിച്ചു. എന്നാൽ തീരുവ എത്രയായിരിക്കുമെന്ന് ട്രംപ് വ്യക്‌തമാക്കിയില്ല.
ഇന്ത്യയിൽ നിന്ന് യുഎസിൽ ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങൾക്ക് 25 ശതമാനം തീരുവയും അധിക പിഴയും ഡോണൾഡ് ട്രംപ് ചുമത്തിയിരുന്നു. റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ തുടര്‍ച്ചയായുള്ള ക്രൂഡോയില്‍ ഇറക്കുമതിയുടെ അടിസ്ഥാനത്തിലാണ് അധിക പിഴ ചുമത്തിയത്. ലോകത്തെ വലിയ സാമ്പത്തിക ശക്‌തികളിലൊന്നായ ഇന്ത്യയ്‌ക്ക് അധിക പിഴ ചുമത്തുമെന്ന് ട്രംപ് പറഞ്ഞിരുന്നെങ്കിലും വിശദാംശങ്ങൾ നൽകിയിട്ടില്ല.
















