പട്ന: ആർജെഡി നേതാവ് തേജസ്വി യാദവിനെതിരെ അഭിഭാഷകനായ രാജീവ് രഞ്ജൻ പൊലീസിൽ പരാതി. രണ്ട് വോട്ടർ കാർഡ് കൈവശം വെച്ചതിന്റെ പേരിൽ ആണ് തേജസ്വിക്കെതിരെ ബിഹാറിലെ ഡിഗ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.
തന്റെ വോട്ടവകാശം നഷ്ടപ്പെടുത്തിയെന്ന് ആരോപിച്ചു തേജസ്വി യാദവ് പത്രസമ്മേളനത്തിൽ പ്രദർശിപ്പിച്ച വോട്ടർ തിരിച്ചറിയൽ കാർഡ് വ്യാജമാണെന്ന് ആരോപണം ഉയർന്നിരുന്നു. പത്രസമ്മേളനത്തിൽ പ്രദർശിപ്പിച്ച കാർഡ് പരിശോധനയ്ക്കായി ഹാജരാക്കാൻ തിരഞ്ഞെടുപ്പു കമ്മിഷൻ തേജസ്വി യാദവിനു നോട്ടിസ് നൽകിയിട്ടുണ്ട്. തേജസ്വി യാദവിന്റെ യഥാർഥ വോട്ടർ തിരിച്ചറിയൽ കാർഡ് നമ്പർ വേറെയാണെന്നു തിരഞ്ഞെടുപ്പു കമ്മിഷൻ വെളിപ്പെടുത്തിയിരുന്നു.
പരാതിയിൽ ഇതുവരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് വാർത്താ ഏജൻസി അറിയിച്ചു. ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടർ പട്ടികകളുടെ പരിഷ്കരണം (എസ്ഐആർ) സംബന്ധിച്ച ചൂടേറിയ ചർച്ചകൾക്കിടെയാണ് തേജസ്വിയുടെ വോട്ടർ കാർഡ് സംബന്ധിച്ച് പരാതി ഉയരുന്നത്. സ്ഥിരതാമസക്കാരല്ലാത്ത 65 ലക്ഷം പേരെ ബിഹാറിലെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ പറയുന്നത്. ഭരണകക്ഷിയായ ബിജെപിയുടെയും സഖ്യകക്ഷികളുടെയും നിർദ്ദേശപ്രകാരം തിരഞ്ഞെടുപ്പ് കമ്മീഷൻ ഏകപക്ഷീയമായി വോട്ടർമാരെ നീക്കം ചെയ്തുവെന്ന് പ്രതിപക്ഷ പാർട്ടികളും ആരോപിക്കുന്നു.
















