ന്യൂഡൽഹി: റഷ്യയിൽ നിന്ന് ഇന്ധനം വാങ്ങുന്ന ഇന്ത്യയ്‌ക്ക് തീരുവ ഉയർത്തുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പുതിയ ഭീഷണിക്ക് മറുപടിയായി ഇന്ത്യ. യുഎസും യുറോപ്യൻ യൂണിയനും ഇന്ത്യയെ ലക്ഷ്യമിടുകയാണെന്നും നടപടി അംഗീകരിക്കാനാവില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്‌തമാക്കി.
യുക്രൈൻ യുദ്ധം തുടങ്ങിയപ്പോഴാണ് ഇന്ത്യ റഷ്യയിൽനിന്ന് എണ്ണ ഇറക്കുമതി തുടങ്ങിയത്. അന്നുതൊട്ട് യുഎസും യൂറോപ്യൻ യൂണിയനും ഇന്ത്യയെ ഉന്നംവെക്കുന്നു. യുക്രൈൻ യുദ്ധത്തെത്തുടർന്ന് പരമ്പരാഗത ഇറക്കുമതിമാർഗങ്ങൾ തടയപ്പെട്ടതോടെയാണ് റഷ്യയിൽനിന്ന് എണ്ണ ഇറക്കുമതി തുടങ്ങിയത്. അക്കാലത്ത് യുഎസ് അതിനെ പ്രോത്സാഹിപ്പിച്ചിരുന്നു. എണ്ണയുടെ ആഗോളവിപണി ശക്തമാക്കുമെന്നാണ് അന്ന് പറഞ്ഞിരുന്നതെന്നും വിദേശകാര്യമന്ത്രാലയം പത്രക്കുറിപ്പിൽ വിശദീകരിച്ചു.
‘ആഗോളസാഹചര്യം ഇന്ത്യയെ അതിന് നിർബന്ധിക്കുകയായിരുന്നു. ഇപ്പോൾ ഇന്ത്യയെ വിമർശിക്കുന്ന പല രാജ്യങ്ങളും റഷ്യയുമായി എണ്ണയിടപാട് നടത്തിയിരുന്നു. യുഎസ് യുറേനിയവും വൈദ്യുതവാഹനങ്ങൾക്കുവേണ്ട ഘടകങ്ങളും പ്രത്യേക രാസവസ്തുക്കളും വളങ്ങളും റഷ്യയിൽനിന്ന് വാങ്ങുന്നുണ്ട്. യൂറോപ്പ്-റഷ്യ വ്യാപാരത്തിൽ ഊർജ്ജം മാത്രമല്ല, വളങ്ങൾ, ഖനന ഉൽപ്പന്നങ്ങൾ, രാസവസ്തുക്കൾ, ഇരുമ്പും ഉരുക്കും, യന്ത്രസാമഗ്രികളും ഗതാഗത ഉപകരണങ്ങളും ഉൾപ്പെടുന്നു. ഈ സാഹചര്യത്തിൽ ഇന്ത്യയെ കുറ്റപ്പെടുത്തുന്നത് നീതീകരിക്കാനാകില്ല. മറ്റു പ്രധാന സാമ്പത്തികശക്തികളെപ്പോലെ ഇന്ത്യക്കും രാജ്യതാത്‌പര്യങ്ങളും സാമ്പത്തിക സുരക്ഷിതത്വവും പരിഗണിക്കേണ്ടതുണ്ട്’’ -പ്രസ്താവനയിൽ പറഞ്ഞു.
നേരത്തെ, ഇന്ത്യയ്ക്കുനേരെ വീണ്ടും തീരുവഭീഷണി ഉയര്‍ത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തിയിരുന്നു. ഇന്ത്യയ്ക്കുമേല്‍ ചുമത്തിയ തീരുവ ഉയര്‍ത്തുമെന്നായിരുന്നു തന്റെ സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലില്‍ ട്രംപ് കുറിച്ചത്. റഷ്യയില്‍നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നത് ചൂണ്ടിക്കാണിച്ചായിരുന്നു വിമര്‍ശനം.
‘ഇന്ത്യ, വലിയ അളവില്‍ റഷ്യന്‍ എണ്ണ വാങ്ങുക മാത്രമല്ല, അങ്ങനെ വാങ്ങുന്നതില്‍ ഏറിയ പങ്കും ഉയര്‍ന്ന ലാഭത്തിന് പൊതുവിപണിയില്‍ വില്‍ക്കുകയും ചെയ്യുന്നു. യുക്രൈനില്‍ എത്രയാളുകള്‍ റഷ്യകാരണം കൊല്ലപ്പെടുന്നു എന്നതിനെ കുറിച്ച് അവര്‍ക്ക് ആശങ്കയില്ല. അതിനാല്‍ ഇന്ത്യ, യുഎസ്എയ്ക്ക് നല്‍കേണ്ടുന്ന തീരുവ ഞാന്‍ ഉയര്‍ത്തും’, ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.
Statement by Official Spokesperson⬇️
🔗 https://t.co/O2hJTOZBby pic.twitter.com/RTQ2beJC0W— Randhir Jaiswal (@MEAIndia) August 4, 2025
















