ആലപ്പുഴ: ചേർത്തലയിലെ തിരോധാന കേസുകളിൽ പ്രതി സെബാസ്റ്റ്യനുമായി ഇന്നും തെളിവെടുപ്പ് തുടരും. കോട്ടയം, ആലപ്പുഴ ജില്ലകളിലെ വിവിധ സ്ഥലങ്ങളിലാണ് തെളിവെടുപ്പ്. പ്രതിയെന്ന് സംശയിക്കുന്ന ചേർത്തല പള്ളിപ്പുറം സ്വദേശി സെബാസ്റ്റ്യന്‍റെ (68) വീട്ടുവളപ്പിൽനിന്ന് ഇന്നലെ 64 അസ്ഥിക്കഷ്ണങ്ങളാണ് കണ്ടെത്തിയത്. ഇവ ഡിഎൻഎ പരിശോധനയ്ക്ക് അയക്കും. വീട്ടിലെ ശുചിമുറിയിൽ നിന്ന് രക്തക്കറയും കണ്ടെത്തിയിരുന്നു.
മുറിക്കുള്ളില്‍ രക്തക്കറയും ലേഡീസ് ബാഗും വസ്ത്രങ്ങളും ഒരു കൊന്തയും കണ്ടെത്തിയിട്ടുണ്ട്. രണ്ടര ഏക്കർ പുരയിടത്തിലെ വീടിന്റെ പിന്നിലെ കാട് വെട്ടിത്തെളിച്ച് കുഴിയെടുത്തപ്പോഴാണ് കഴിഞ്ഞ ദിവസം ശരീരാവശിഷ്ടങ്ങള്‍ ലഭിച്ച സ്ഥലത്തിന്റെ സമീപത്തുനിന്ന് വീണ്ടും മൃതദേഹാവശിഷ്ടങ്ങൾ ലഭിച്ചത്.
വീട്ടിലെ പരിശോധനയ്ക്ക് നടുവിലിരുത്തി സമ്മർദ്ദത്തിലൂടെ സെബാസ്റ്റ്യനിൽ നിന്ന് കൂടുതൽ വിവരങ്ങൾ തേടാനുള്ള ക്രൈം ബ്രാഞ്ച് തന്ത്രവും പരാജയപ്പെട്ടു. ഇന്നലെയും അന്വേഷണത്തോട് സെബാസ്റ്റ്യൻ സഹകരിച്ചില്ല. രണ്ട് ദിവസം കൂടി മാത്രമാണ് കസ്റ്റഡി കാലാവധി അവശേഷിക്കുന്നത്.
കണ്ടെത്തിയ അസ്ഥികൾക്ക് ആറ് വർഷത്തെയെങ്കിലും പഴക്കമുണ്ടാകാമെന്നാണ് പ്രാഥമിക നിഗമനം. ഇയാളുടെ വീട്ടുവളപ്പിലെ കുളം വറ്റിച്ച് നടത്തിയ പരിശോധനയിൽ രണ്ട് വസ്ത്രങ്ങളും കണ്ടെത്തിയിട്ടുണ്ട്. സെബാസ്റ്റ്യന് ബന്ധമുണ്ടെന്ന് സംശയം നിലനിൽക്കുന്ന നാല് തിരോധാനക്കേസുകൾക്ക് പുറമേ കൂടുതൽ തിരോധാനങ്ങളുമായി ഇയാൾക്ക് ബന്ധമുണ്ടെന്ന് ക്രൈം ബ്രാഞ്ച് മുൻപുതന്നെ സംശയിച്ചിരുന്നു. കഡാവർ നായകളെ ഉൾപ്പെടെ എത്തിച്ചാണ് സെബാസ്റ്റ്യന്റെ വീട്ടിൽ പരിശോധന നടത്തിയത്.
കഴിഞ്ഞ ഡിസംബറിൽ കാണാതായ ജെയ്നമ്മയെക്കുറിച്ച അന്വേഷണമാണ് സെബാസ്റ്റ്യനിലെത്തിച്ചത്. ഇവരുമായി ബന്ധമുണ്ടായിരുന്നതായി സമ്മതിച്ചതിനെ തുടർന്നാണ് കോട്ടയം ക്രൈംബ്രാഞ്ച് യൂനിറ്റ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ജെയ്നമ്മ കൊല്ലപ്പെട്ടെന്ന സൂചന ലഭിച്ചതിനെ തുടർന്നാണ് അന്വേഷണം പള്ളിപ്പുറത്തേക്ക് എത്തിയത്. ജെയ്നമ്മയുടെ കേസുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഇയാൾ സമ്മതിച്ചിട്ടുള്ളത്. ഇതിനിടെ, ചേർത്തല ഭാഗത്തുനിന്ന് 2006നുശേഷം കാണാതായ മറ്റ് ചില സ്ത്രീകളുടെ തിരോധാനത്തിലും ഇയാൾക്ക് പങ്കുണ്ടോയെന്ന സംശയത്തിലാണ് അന്വേഷണം മുന്നോട്ടുപോകുന്നത്.
















