തിരുവനന്തപുരം: മലയാളത്തിന്റെ നിത്യഹരിത നായകനായ പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസിന് ഇന്ന് കേരളക്കര വിട നല്‍കും. സംസ്‌കാരം ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് പാളയം മുസ്ലീം ജമാഅത്ത് ഖബര്‍സ്ഥാനിൽ നടക്കും.
ഇന്നലെ രാത്രി 11.50-ഓടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു ഷാനവാസിന്റെ അന്ത്യം. 71 വയസായിരുന്നു. 4 വർഷമായി വൃക്ക–ഹൃദയ സംബന്ധമായ രോഗങ്ങൾക്കു ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാത്രിയോടെ രോഗം വഷളായതിനെത്തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
മലയാള സിനിമ രംഗത്ത് നായക- വില്ലന്‍ വേഷങ്ങളില്‍ സജീവ സാന്നിധ്യമായി തിളങ്ങിയിരുന്ന നടനായിരുന്നു ഷാനവാസ്. മലയാളം, തമിഴ് ഭാഷകളിലായ് 96 സിനിമകളില്‍ ഷാനവാസ് അഭിനയിച്ചിട്ടുണ്ട്. 1981ൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത പ്രേമഗീതങ്ങൾ എന്ന ചിത്രത്തിലൂടെയാണ് ഷാനവാസ് സിനിമയിലേക്ക് എത്തിയത്. നീണ്ട ഇടവേളയ്ക്ക് ശേഷം 2011ല്‍ പുറത്തിറങ്ങിയ ചൈനാ ടൗണ്‍ എന്ന മലയാള ചലച്ചിത്രത്തിലൂടെ അദ്ദേഹം സിനിമാരംഗത്തേക്ക് തിരിച്ചെത്തി. പൃഥ്വിരാജ് ചിത്രം ‘ജനഗണമന’യിലാണ് ഒടുവില്‍ വേഷമിട്ടത്. ശംഖുമുഖം, വെളുത്ത കത്രീന, കടമറ്റത്തു കത്തനാർ, സത്യമേവ ജയതേ തുടങ്ങിയ സീരിയലുകളിലും വേഷമിട്ടു.
ഭാര്യ: അയിഷ അബ്ദുൽ അസീസ്. മക്കൾ: അജിത് ഖാൻ, ഷമീർഖാൻ. മരുമകൾ: ഹന.
















