കൊച്ചി: നിർമ്മാതാക്കളുടെ സംഘടന പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തിരഞ്ഞെടുപ്പിൽ നാമനിർദ്ദേശപത്രിക തള്ളിയതിനെതിരെ നിർമ്മാതാവ് സാന്ദ്ര തോമസ് കോടതിയെ സമീപിക്കും. എറണാകുളം സബ് കോടതിയിലാണ് ഹർജി സമർപ്പിക്കുക. പ്രസിഡന്റ് സ്ഥാനത്തേക്കും ട്രഷറർ സ്ഥാനത്തേക്കുമുള്ള പത്രികയാണ് തള്ളിയത്. പത്രിക തള്ളുന്നതിൽ സാന്ദ്ര പ്രതിഷേധിച്ചിരുന്നു. തുടർന്ന് വരണാധികാരിയുമായി വാക്കേറ്റമുണ്ടായി. വരണാധികാരിയുടെ നിലപാടിൽ പ്രതിഷേധിച്ച് സാന്ദ്ര തോമസ് യോഗത്തിൽ ബഹളം വെക്കുകയും ചെയ്തിരുന്നു.
പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭരിക്കുന്നത് ഗുണ്ടകളാണെന്ന് നിർമാതാവ് സാന്ദ്രാ തോമസ്. സുരേഷ് കുമാറും സിയാദ് കോക്കറും അസോസിയേഷനിലെ ആസ്ഥാന ഗുണ്ടകളാണ്. മാധ്യമങ്ങളുടെ മുന്നിൽ ഇത്രയധികം ഗുണ്ടായിസം കാണിച്ചെങ്കിൽ അടച്ചിട്ട മുറിയിൽ എത്രമാത്രം കാണിക്കുമെന്നും സാന്ദ്ര ചോദിച്ചു. സൂക്ഷ്മ പരിശോധനയ്ക്കിടെ മാധ്യമങ്ങളെ അനുവദിച്ചത് തന്നെ അപമാനിക്കുക ലക്ഷ്യം വെച്ചാണ്. പത്രിക തള്ളിയതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും സാന്ദ്രാ തോമസ് പറഞ്ഞു.
‘എന്‍റെ ഇതുവരെയുള്ള സിനിമകള്‍ കാണാന്‍ പോലും വരാണാധികാരി തയ്യാറിയിരുന്നില്ല. അതിന് മുന്നേ എന്നെ തള്ളുന്നതായി പ്രഖ്യാപിച്ചു. ഇത് മുന്‍കൂട്ടി മുന്‍കൂട്ടി തീരുമാനിച്ച് നടത്തിയ നാടകമാണ്. ജനാധിപത്യമാര്‍ഗത്തില്‍ മത്സരിച്ച് എന്നെ തോല്‍പ്പിക്കുന്നതിന് പകരം അപമാനിക്കുകയാണ് ചെയ്തത്. തോല്‍ക്കുമെന്ന് അവര്‍ക്കറിയാം. അസോസിയേഷനിലെ മുഴുവന്‍ നിര്‍മാതാക്കള്‍ക്കും അവരോട് എതിരഭിപ്രായമാണ്. അത്രക്കും വലിയ അഴിമതിയാണ് അസോസിയേഷന്‍ ഉപയോഗിച്ച് അവര്‍ ചെയ്യുന്നത്’. സാന്ദ്രാ തോമസ് പറഞ്ഞു.
ഈ മാസം 14നാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തിരഞ്ഞെടുപ്പ്. പ്രസിഡന്റ്, എക്സിക്യൂട്ടീവ് കമ്മിറ്റി, ട്രഷറർ സ്ഥാനത്തേക്കുള്ള പത്രികയാണ് തള്ളിയത്. ട്രഷറർ സ്ഥാനത്തേക്കുള്ള പത്രിക പരിഗണിക്കുന്നതിനിടയിലാണ് വാക്ക് തർക്കം ഉണ്ടായത്. പ്രൊഡ്യൂസേഴ്‍സ് അസോസിയേഷൻ തെരഞ്ഞെടുപ്പിൽ മത്സരിക്കാനായി സാന്ദ്രാ തോമസ് കഴിഞ്ഞ ദിവസമാണ് നാമനിർദ്ദേശ പത്രിക നൽകിയത്.
നിർമാതാവ് എന്ന നിലയിൽ സ്വതന്ത്രമായി മൂന്ന് സിനിമകളുടെ സെൻസർ സർട്ടിഫിക്കറ്റ് വേണം എന്നായിരുന്നു വരണാധികാരിയുടെ നിലപാട്. ഒമ്പത് സിനിമകൾ നിർമിച്ചയാളാണ് താനെന്നും ഫ്രൈഡേ ഫിലിംസുമായി സഹകരിച്ച് ഏഴുസിനിമകളും സ്വന്തം ബാനറിൽ രണ്ടുസിനിമകളും നിർമിച്ചെന്നും സാന്ദ്ര വരണാധികാരികൾക്ക് മുന്നിൽ സാന്ദ്ര വ്യക്തമാക്കി.
















