ഖത്തറിലുടനീളം ഈ ആഴ്ച മൂടൽമഞ്ഞ് ഇനിയും വർധിക്കുമെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് (ക്യുഎംഡി) മുന്നറിയിപ്പ് നൽകി. ആഗസ്റ്റ് 5 മുതൽ 6 വരെ മൂടൽമഞ്ഞിലുണ്ടാകുന്ന വർധനവ് തുടരും. ഖത്തറിലെ ചില പ്രദേശങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടുന്നതിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഈ കാലാവസ്ഥയിൽ ജാഗ്രത പുലർത്തണമെന്നും ഖത്തർ കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. ഖത്തറിലെ വേനൽക്കാലം മൂന്നാം മാസത്തിലേക്ക് കടക്കുകയാണ്. ഈ സമയത്ത് ചൂടുള്ളതും ഈർപ്പമുള്ളതുമായ കാലാവസ്ഥയാണ് നിലനിൽക്കുന്നത്.
പ്രതിമാസ കാലാവസ്ഥാ വിവരങ്ങൾ അനുസരിച്ച്, ആഗസ്റ്റ് മാസത്തിൽ ഉപരിതലത്തിൽ ന്യൂനമർദ്ദത്തിന്റെ സാന്നിധ്യം കൂടുതലായിരിക്കും. ഈ മാസത്തിൽ കാറ്റ് കൂടുതലും കിഴക്കൻ ദിശയിലായിരിക്കും. ഇത് ആപേക്ഷിക ആർദ്രത വർദ്ധിപ്പിക്കുന്നതിന് കാരണമാകും. പ്രായമുള്ളവരും കുട്ടികളും ഇത്തരം കാലാവസ്ഥയിൽ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകി.
















