കാറുകളുടെ വില വർധിപ്പിക്കാൻ വാഹന നിർമ്മാതാക്കൾ ഒരുങ്ങുന്നു. പുതുക്കിയ വില ഏപ്രിൽ മുതൽ പ്രാബല്യത്തിൽ വരും. വില വർധന ആദ്യം പ്രഖ്യാപിച്ച മാരുതി സുസുക്കി, കിയ, ടാറ്റ മോട്ടോഴ്സ് എന്നിവക്ക് പിറകെ ഹോണ്ട, ഹ്യുണ്ടായ്, ബി.എം.ഡബ്ല്യു, റെനോ കമ്പനികളും രംഗത്തെത്തി. എല്ലാ മോഡലുകളുടെയും വില വർധിക്കുമെന്ന് ഹോണ്ട അറിയിച്ചു.
2023 ഫെബ്രുവരിക്കു ശേഷം റെനോയുടെ ആദ്യ വിലവർധനയാണിത്. ഏപ്രിൽ ഒന്നു മുതൽ ബി.എം.ഡബ്ല്യു, മിനി കാർ ശ്രേണിയിൽ മൂന്നു ശതമാനം വരെ വില വർധിപ്പിക്കും.
ഏപ്രിൽ മുതൽ വില മൂന്നു ശതമാനം വരെ ഉയർത്തുമെന്ന് ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ ലിമിറ്റഡും അറിയിച്ചു.
ഗ്രാൻഡ് ഐ10 നിയോസ് മുതൽ ഐ.ഒ.എൻ.ഐ.ക്യു5 ഇലക്ട്രിക് എസ്.യു.വി വരെയുള്ള മോഡലുകളുടെ വില വർധിക്കും. അടുത്ത മാസം മുതൽ എല്ലാ മോഡലുകൾക്കും രണ്ട് ശതമാനം വരെ വില വർധിപ്പിക്കുമെന്ന് റെനോ ഇന്ത്യയും പ്രഖ്യാപിച്ചു.
















