റാന്നിയിലെ എയ്‌ഡഡ് സ്‌കൂള്‍ അധ്യാപികയായ ഭാര്യയുടെ ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് ഭർത്താവ് ആത്മഹത്യ ചെയ്‌ത സംഭവത്തിൽ നടപടിയെടുത്ത് വിദ്യാഭ്യാസ വകുപ്പ്. ഡിഇ ഓഫിസിലെ മൂന്ന് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്‌തു. പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഓഫിസിലെ പി.എ അനിൽകുമാർ എൻജി, സൂപ്രണ്ട് ഫിറോസ് എസ്, സെക്ഷൻ ക്ലർക്ക് ബിനി ആർ എന്നിവരെ 1960 ലെ കേരള സിവിൽ സർവീസസ് (തരംതിരിക്കലും നിയന്ത്രണവും അപ്പീലും) ചട്ടങ്ങൾ പ്രകാരം അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്‌ത് പൊതുവിദ്യാഭ്യാസ ഡയറക്‌ടര്‍ ഉത്തരവ് പുറപ്പെടുവിച്ചു.
സ്‌കൂളിലെ പ്രധാന അധ്യാപികയെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്യാൻ മാനേജ്‌മെൻ്റിന് പൊതുവിദ്യാഭ്യാസ ഡയറക്‌ടര്‍ നിർദേശം നൽകി. റാന്നി നാറാണംമൂഴി സെന്‍റ് ജോസഫ് ഹൈസ്‌കൂളിലെ അധ്യാപികയുടെ യു പി എസ് ടി തസ്‌തികയിലെ നിയമനം ഉപാധികളോടെ അംഗീകരിച്ചുകൊണ്ട് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. അധ്യാപികയുടെ ശമ്പളവും മറ്റാനുകൂല്യങ്ങളും മൂന്നു മാസത്തിനുള്ളിൽ വിതരണം ചെയ്യുന്നതിന് പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഓഫിസർക്ക് നിർദേശവും നൽകിയിരുന്നു. എന്നാൽ ഇത് പാലിക്കാതെ വീഴ്‌ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടിയെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.
കോടതി വിധി പരിശോധിച്ചു ചട്ടപ്രകാരം നടപടി സ്വീകരിക്കുന്നതിന് സർക്കാർ പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഓഫിസർക്ക് നിർദേശം നൽകിയിരുന്നു. എന്നാൽ 2024 ലെ കോടതി വിധിപ്രകാരം മൂന്നു മാസത്തിനുള്ളിൽ ശമ്പളവും ആനുകൂല്യങ്ങളും വിതരണം ചെയ്യണമെന്ന ഉത്തരവ് നിലനിൽക്കെ, സർക്കാർ നിർദേശം നൽകിയതിനു ശേഷവും ഉദ്യോഗസ്ഥർ തുടർനടപടികൾ ഒന്നും സ്വീകരിക്കാതെ വിഷയവുമായി ബന്ധപ്പെട്ട ഫയൽ തീർപ്പാക്കുകയും, സ്‌പാർക്ക് ഓതൻ്റിക്കേഷന് സ്‌കൂൾ പ്രധാനാധ്യാപിക നൽകിയ അപേക്ഷയിൽ തീരുമാനമെടുക്കാതെ വച്ച് താമസിപ്പിച്ചിക്കുകയുമായിരുന്നു.
അധ്യാപികയുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിൽ പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഓഫിസിലെ പിഎ, സൂപ്രണ്ട്, സെക്ഷൻ ക്ലർക്ക് എന്നിവർ വീഴ്‌ച വരുത്തിയിട്ടുള്ളതായി പ്രഥമ ദൃഷ്ട്യാ ബോധ്യപ്പെട്ടതായി പൊതുവിദ്യാഭ്യാസ ഡയറക്‌ടർ റിപ്പോർട്ട് ചെയ്‌തു. ഇതിനെ തുടർന്നാണ് നടപടി. 14 വർഷമായി ഭാര്യയുടെ ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് പത്തനംതിട്ട നാറാണംമൂഴി സ്വദേശി ഷിജോ ത്യാഗരാജനാണ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്‌തത്. വിഷയത്തിൽ മന്ത്രി വി ശിവൻകുട്ടി ഇടപെട്ടിരുന്നു.
സമഗ്രമായ അന്വേഷണം നടത്തി ഇന്ന് വൈകുന്നേരം അഞ്ചു മണിക്ക് മുമ്പ് റിപ്പോർട്ട് സമർപ്പിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്‌ടർക്ക് മന്ത്രി കർശന നിർദേശം നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് മൂന്ന് ജീവനക്കാരെ സസ്പെൻഡ് ചെയ്‌തത്. വീടിന് സമീപം വനത്തില്‍ മരിച്ച നിലയിലാണ് ഷിജോയെ കണ്ടെത്തിയത്. ഇദ്ദേഹം കൃഷി വകുപ്പില്‍ ജോലി ചെയ്‌തിരുന്നു. കർഷകസംഘം ജില്ലാ കമ്മിറ്റിയംഗം ത്യാഗരാജൻ-കോമളം ദമ്പതികളുടെ മകനാണ് ഷിജോ. ഏകമകൻ വൈഷ്‌ണവിൻ്റെ എൻജിനിയറിങ് പഠനാവശ്യത്തിനായി പണം സ്വരൂപിക്കാനാവാത്ത വിഷമത്തിലായിരുന്നു ഷിജോയെന്ന് നാട്ടുകാര്‍ പറഞ്ഞു.
















