റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യക്കെതിരെ ഗുരുതരമായ ആരോപണങ്ങളുമായി യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. റഷ്യയിൽ നിന്ന് വൻതോതിൽ എണ്ണ വാങ്ങുകയും അത് ഉയർന്ന വിലയ്ക്ക് തുറന്ന വിപണിയിൽ വിൽക്കുകയും ചെയ്യുന്ന നിലപാട് സ്വീകരിച്ചതിനാല്‍ ഇന്ത്യക്കെതിരേ കൂടുതല്‍ തീരുവ ചുമത്തുമെന്ന് ട്രംപ് ദ ട്രൂത്ത് സോഷ്യല്‍ മീഡിയ വഴി വ്യക്തമാക്കി . ഇന്ത്യന്‍ നടപടി റഷ്യ-ഉക്രെയ്ൻ യുദ്ധ യന്ത്രത്തെ പിന്തുണയ്ക്കുന്നതിന് തുല്യമാണെന്നും, ഇതിലൂടെ ഇന്ത്യ ‘വലിയ ലാഭം’ നേടാൻ ശ്രമിക്കുന്നുവെന്നും ട്രംപ് ആരോപിച്ചു.
“റഷ്യ ഉക്രെയ്നിൽ എത്ര പേരെ കൊല്ലുന്നുണ്ടെന്ന് അവർ കാര്യമാക്കുന്നില്ല,”. ഈ കാരണത്താൽ ഇന്ത്യയുടെ ഇറക്കുമതിക്ക് യു.എസ്. ഏർപ്പെടുത്തിയിട്ടുള്ള തീരുവ ഗണ്യമായി വർധിപ്പിക്കുമെന്നാണ് ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ പോസ്റ്റിൽ വ്യക്തമാക്കിയത്.
കഴിഞ്ഞയാഴ്ച ഇന്ത്യയുടെ ഇറക്കുമതിക്ക് 25% താരിഫ് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ട്രംപിന്റെ പുതിയ ഭീഷണി. ഇന്ത്യയുടെ “കഠിനവും മ്ലേച്ഛവുമായ പണേതര വ്യാപാര തടസങ്ങളും” വലിയ ഉഭയകക്ഷി വ്യാപാര കമ്മിയുമാണ് ഈ താരിഫ് വർധനവിന് കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടിയത്. റഷ്യൻ സൈനിക ഉപകരണങ്ങളും എണ്ണയും ഇന്ത്യ തുടർന്നും വാങ്ങുന്നത് കാരണം ‘അധിക പിഴ’ ചുമത്തുമെന്നും ട്രംപ് നേരത്തെ പ്രസ്താവിച്ചിരുന്നു.
















