കലാകേരളത്തിന്റെ ഏറ്റവും വലിയ പ്രദര്‍ശന മാമാങ്കമായ 64-ാമത് കേരള സ്‌കൂള്‍ കലോത്സവം 2026 ജനുവരി 07 മുതല്‍ 11 വരെ തൃശ്ശൂര്‍ ജില്ലയില്‍ വച്ച് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഇരുപത്തഞ്ചോളം വേദികളിലായിട്ടാണ് സംസ്‌കൃതോത്സവവും, അറബിക് സാഹിത്യോത്സവവും ഇതോടനുബന്ധിച്ച് നടക്കും. 2018 ലാണ് അവസാനമായി തൃശ്ശൂരില്‍ വച്ച് കലോത്സവം നടന്നത്. കലോത്സവത്തിന്റെ സുഗമമായ നടത്തിപ്പിനായി അംഗീകൃത അദ്ധ്യാപക സംഘടനകളുടെ നേതൃത്വത്തില്‍ വിവിധ സബ് കമ്മിറ്റികള്‍ രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നു. ഇതുമായി ബന്ധപ്പെട്ട വിപുലമായ സംഘാടക സമിതിരൂപീകരണം 12ന് തൃശ്ശൂര്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വെച്ച് ചേരും.
സംസ്ഥാന കലോത്സവത്തിനു മുന്നോടിയായി സ്‌കൂള്‍തല മത്സരങ്ങള്‍ സെപ്തംബര്‍ മാസത്തിലും സബ്ജില്ലാതല മത്സരങ്ങള്‍ ഒക്ടോബര്‍ രണ്ടാംവാരത്തിനുള്ളിലും ജില്ലാതല മത്സരങ്ങള്‍ നവംബര്‍ ആദ്യവാരവും പൂര്‍ത്തിയാക്കും. സബ്ജില്ലാ കലോത്സവം, ജില്ലാകലോത്സവം എന്നിവയുടെ വേദികള്‍ റൊട്ടേഷന്‍ വ്യവസ്ഥയില്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍/വിദ്യാഭ്യാസ ഉപഡയറക്ടര്‍മാര്‍ എന്നിവര്‍ തെരഞ്ഞെടുക്കുന്നതാണ്. തൃശ്ശൂരില്‍ വച്ച് നടക്കുന്ന 64-ാമത് സംസ്ഥാന കലോത്സവം വന്‍ വിജയമാക്കി തീര്‍ക്കുന്നതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ഇതിനകം തന്നെ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. എല്ലാവരുടെയും സഹകരണം അഭ്യര്‍ത്ഥിക്കുന്നു.
പഴയ സ്‌കൂള്‍ കെട്ടിടം പൊളിക്കല്‍
സംസ്ഥാനത്ത് പൊതു കെട്ടിടങ്ങളില്‍, വിശേഷിച്ച് സ്‌കൂള്‍ / ആശുപത്രി കെട്ടിടങ്ങളില്‍ ഘടനാപരമായി ബലഹീനമായിട്ടുള്ളവയെ കുറിച്ച് പഠനം നടത്തി പൊളിച്ചുമാറ്റേണ്ടവയുടെ കാര്യത്തില്‍ സ്വീകരിക്കേണ്ട അടിയന്തിര തുടര്‍ നടപടികള്‍ ആലോചിക്കുന്നതിന് 2025 ആഗസ്റ്റ് 5-ന് രാവിലെ 10.30 മണിക്ക് ഓണ്‍ലൈനായി ഒരു യോഗം വിളിച്ചു ചേര്‍ക്കുവാന്‍ ബഹുമാനപ്പെട്ട മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഈ ഓണ്‍ലൈന്‍ യോഗത്തില്‍ പഴയ സ്‌കൂള്‍ കെട്ടിടങ്ങള്‍ പൊളിക്കുന്നതുമായി ബന്ധപ്പെട്ട കര്‍മ്മ പദ്ധതി തയ്യാറാക്കും.
സംസ്ഥാന റ്റി.റ്റി.ഐ./പി.പി.റ്റി.റ്റി.ഐ. കലോത്സവം – 2025-26
കേരളത്തിലെ റ്റി.റ്റി.ഐ./പി.പി.റ്റി.റ്റിഐ. വിദ്യാര്‍ത്ഥികളുടെയും അദ്ധ്യാപകരുടെയും കലാപരമായ കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിന് വേണ്ടി റ്റി.റ്റി.ഐ./പി.പി.റ്റി.റ്റി.ഐ. കലോത്സവം വര്‍ഷംതോറും നടത്തിവരുന്നുണ്ട്. 2007 വരെ കലോത്സവത്തിന്റെ കൂടെ ആയിരുന്നു റ്റി.റ്റി.ഐ./പി.പി.റ്റി.റ്റി.ഐ. കലോത്സവവും നടന്നിരുന്നത്. എന്നാല്‍ 2008-09 അധ്യയന വര്‍ഷം മുതല്‍ ദേശീയ അദ്ധ്യാപക ദിനാഘോഷത്തോട് അനുബന്ധിച്ച് നടത്തി വരുന്നു. 2025-26 അധ്യയന വര്‍ഷത്തെ 29-ാമത് സംസ്ഥാന റ്റി.റ്റി.ഐ./പി.പി.റ്റി.റ്റി.ഐ. കലോത്സവം വയനാട് ജില്ലയില്‍ വച്ച് സെപ്റ്റംബര്‍ 12-ാ ം തീയതി നടക്കുകയാണ്. പ്രസ്തുത കലോത്സവത്തില്‍ ഏകദേശം 600 ഓളം മത്സരാര്‍ത്ഥികള്‍ പങ്കെടുക്കാറുണ്ട്.
ഈ വര്‍ഷത്തെ സംസ്ഥാന റ്റി.റ്റി.ഐ./പി.പി.റ്റി.റ്റി.ഐ. കലോത്സവം, 12ന് രാവിലെ 8.30 ന് വയനാട് ഡയറ്റില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പതാക ഉയര്‍ത്തുന്നതോടെ ആരംഭിക്കും. നാല് വേദികളിലായിട്ടാണ് മത്സരങ്ങള്‍ നടക്കുന്നത്. വൈകുന്നേരം 5.00 മണിക്ക് സുല്‍ത്താന്‍ ബത്തേരി അധ്യാപകഭവന്‍ ഓഡിറ്റോറിയത്തില്‍ സമാപന സമ്മേളനം നടക്കുന്നതാണ്.സമാപന സമ്മേളനത്തില്‍ സമൂഹത്തിലെ വിവിധ മേഖലയില്‍ നിന്നുള്ള പ്രമുഖര്‍ പങ്കെടുക്കുന്നതാണ്. സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവം ഇത്തവണ മലപ്പുറത്താണ്. നവംബര്‍ 6 മുതല്‍ 8 വരെയാണ് സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവം.
CONTENT HIGH LIGHTS; 64th Kerala School Arts Festival on January 7, 2026 in Thrissur; Special School Arts Festival in Malappuram; T.T.I./P.P.T.T.I. Arts Festival in Wayanad
















