കെസിഎല്‍ രണ്ടാം സീസണ്‍ അടുത്തെത്തി നില്ക്കെ പിച്ചുകളുടെ നിര്‍മ്മാണം അവസാന ഘട്ടത്തിലാണെന്ന് കെ.സി.എ. ആദ്യ സീസണ്‍ അപേക്ഷിച്ച് രണ്ടാം സീസണില്‍ കൂടുതല്‍ റണ്ണൊഴുക്ക് പ്രതീക്ഷിക്കാമെന്നാണ് ക്യൂറേറ്റര്‍ എ.എം ബിജു പറയുന്നത്. തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ആഗസ്റ്റ് 21 മുതല്‍ സെപ്റ്റംബര്‍ ആറ് വരെയാണ് രണ്ടാം സീസണ്‍ മത്സരങ്ങള്‍ നടക്കുന്നത്. ആദ്യ സീസണിലെ മത്സരങ്ങള്‍ പകുതി പിന്നിട്ട ശേഷമായിരുന്നു കൂറ്റന്‍ സ്‌കോറുകള്‍ കൂടുതലായി പിറന്നത്.
ഫൈനല്‍ ഉള്‍പ്പടെ മൂന്ന് കളികളില്‍ സ്‌കോര്‍ 200 പിന്നിടുകയും ചെയ്തു. കാലിക്കറ്റ് ഗ്ലോബ് സ്റ്റാര്‍സ് ഉയര്‍ത്തിയ 213 റണ്‍സ് മറികടന്നായിരുന്നു ഫൈനലില്‍ ഏരീസ് കൊല്ലം സെയിലേഴ്സ് കപ്പുയര്‍ത്തിയത്. ഇത്തവണ തുടക്കം മുതല്‍ തന്നെ റണ്ണൊഴുക്കിന്റെ മത്സരങ്ങള്‍ കാണാമെന്നാണ് ക്യൂറേറ്റര്‍ എ.എം ബിജു പറയുന്നത്. ട്വന്റി 20യില്‍ കൂടുതല്‍ റണ്‍സ് പിറന്നാല്‍ മാത്രമെ മത്സരം ആവേശത്തിലേക്കുയരൂ എന്നാണ് ബിജുവിന്റെ പക്ഷം. അതിന് യോജിച്ച പേസും ബൗണ്‍സുമുള്ള പിച്ചുകളാണ് ഒരുക്കുന്നത്.
ഇതിനായി കര്‍ണ്ണാടകയിലെ മാണ്ഡ്യയില്‍ നിന്നെത്തിച്ച പ്രത്യേക തരം കളിമണ്ണ് ഉപയോഗിച്ചാണ് പിച്ചുകള്‍ തയ്യാറാക്കുന്നത്. ബാറ്റിങ്ങിന് അനുയോജ്യമെങ്കിലും കണിശതയോടെ പന്തെറിഞ്ഞാല്‍ പേസും ബൗണ്‍സും ബൗളര്‍മാരെയും തുണയ്ക്കുമെന്നും ബിജു പറയുന്നു. ഓരോ ദിവസവും രണ്ട് മത്സരങ്ങള്‍ വീതമാണുള്ളത്. ഉച്ചയ്ക്ക് രണ്ടര മണിക്ക് ആദ്യ മത്സരവും വൈകിട്ട് 6.45 ന് രണ്ടാം മത്സരവും തുടങ്ങും. അടുപ്പിച്ച് രണ്ടാഴ്ചയോളം, രണ്ട് മത്സരങ്ങള്‍ വീതം ഉള്ളതിനാല്‍ അഞ്ച് പിച്ചുകളാണ് തയ്യാറാക്കുന്നത്. ഇതില്‍ മാറിമാറിയായിരിക്കും മത്സരങ്ങള്‍ നടക്കുക.
കൂടാതെ ഒന്‍പതോളം പരിശീലന പിച്ചുകളും ഒരുക്കുന്നുണ്ടെന്ന് ബിജു പറഞ്ഞു. പിച്ച് ഒരുക്കുന്നതില്‍ മൂന്ന് പതിറ്റാണ്ടുകളുടെ പരിചയ സമ്പത്തുള്ളയാളാണ് ബിജു. ഇദ്ദേഹത്തോടൊപ്പം 25 പേരോളം അടങ്ങുന്ന സംഘമാണ് കെസിഎയ്ക്ക് വേണ്ടി പിച്ചുകള്‍ ഒരുക്കുന്നത്.
CONTENT HIGH LIGHTS;’Kerala Cricket League: Curator Biju says the aim is to have run-flowing pitches; The pace of play will be unpredictable on the clay pitch being prepared in Mandya
















