ലോകമഹാത്ഭുതങ്ങളിൽ ഒന്നായ താജ്‌മഹൽ കാണാൻ നിരവധി സഞ്ചാരികളാണ് എത്തുന്നത്. ആഗ്ര യമുനാനദിക്കരയിൽ സ്ഥിതി ചെയ്യുന്ന ഈ പ്രണയകുടീരം നിര്‍മാണ വൈദഗ്ധ്യം കൊണ്ടും മനോഹാരിത കൊണ്ടും വിസ്മയിപ്പിക്കുന്നു. പൂർണമായും വെണ്ണക്കല്ലിൽ നിർമ്മിച്ച ഈ സ്മാരകം പൂർത്തിയാകാൻ 22 വർഷം എടുത്തു എന്നാണ് കണക്ക്. ഇന്നും താജ്മഹൽ കാണാൻ സഞ്ചാരികളുടെ തിരക്കാണ്.
ഇന്ത്യയ്ക്ക് എക്കാലവും അഭിമാനിക്കാവുന്ന ഉദാത്ത സൃഷ്ടികളിലൊന്നാണ് താജ്മഹൽ. ലോകത്തുള്ളതിൽ ഏറ്റവും സുന്ദരമായ പ്രണയകാവ്യം എന്നു ചരിത്രം വിശേഷിപ്പിച്ചിട്ടുള്ള താജ്മഹൽ, അർജുമംദ് ബാനു ബീഗം എന്ന മുംതാസിനുള്ള ഷാജഹാന്റെ ഉപഹാരമായിരുന്നു. നൂറ്റാണ്ടുകളുടെ പഴക്കമായെങ്കിലും ഇന്നും തെളിമ മങ്ങാതെ, ആ പ്രണയം പോലെ തന്നെ ജ്വലിച്ചു നിൽക്കുന്നു താജ്‌മഹൽ. പേർഷ്യൻ, ഒട്ടോമൻ, ഇന്ത്യൻ, ഇസ്ലാമിക് വാസ്തുരീതികളുടെ സങ്കലനമായ താജ്മഹൽ യുനെസ്കോയുടെ ലോക പൈതൃക കേന്ദ്രങ്ങളില്‍ ഒന്നാണ്. ഈ സ്മാരക മന്ദിരം ലോകാദ്ഭുതങ്ങളിലൊന്നായി പരിഗണിക്കപ്പെടുന്നു.
ഇവിടേയ്ക്ക് നിരവധി സന്ദർശകരാണ് വർഷാവർഷം എത്തിച്ചേരുന്നത്. ന്യൂഡൽഹിയിൽ നിന്ന് ഏകദേശം 200 കിലോമീറ്റർ അകലെയാണ് ഈ മനോഹരയിടം.പൂർണമായും വെണ്ണക്കല്ലിൽ പണിതിരിക്കുന്ന ഈ പ്രണയ സ്മാരകം പലയിടങ്ങളിൽ നിന്നായി കൊണ്ടുവന്ന അമൂല്യ രത്നങ്ങളും കല്ലുകളും ഉൾപ്പെടുത്തിയാണ് നിർമിച്ചിരിക്കുന്നത്. 20,000 പണിക്കാരും ആയിരം ആനകളും താജ്മഹലിന്റെ നിർമാണത്തിനായി രണ്ടു പതിറ്റാണ്ടിലേറെ ജോലി ചെയ്തതായാണ് ചരിത്രരേഖകൾ പറയുന്നത്. ഇരുപതാം വയസ്സിൽ ഷാജഹാൻ മുംതാസിനെ ഭാര്യയാക്കിയ ശേഷം ഇരുവരും 19 വർഷം ഒരുമിച്ചു ജീവിച്ചു. മരണക്കിടക്കയിൽവച്ച് മുംതാസ് തനിക്കായി ഒരു സ്മാരകം പണിയണമെന്നു ഷാജഹാനോട് ആവശ്യപ്പെട്ടിരുന്നു എന്നാണ് രേഖകൾ പറയുന്നത്.
അത്തരമൊരു സ്മാരകം ലോകത്തിൽ മറ്റെവിടെയും ഉണ്ടാവരുത് എന്ന മുംതാസിന്റെ ആഗ്രഹം പൂർത്തീകരിക്കാനായി ചക്രവർത്തി താജ്മഹൽ പണികഴിക്കുകയായിരുന്നു. സമാനമായ മറ്റൊരു നിർമാണം ഇനി ഉണ്ടാകരുത് എന്ന ആഗ്രഹത്തിൽ, താജ്മഹൽ പണിത ശിൽപിയുടെ കരങ്ങൾ വെട്ടിക്കളഞ്ഞു എന്നൊരു കഥയും നൂറ്റാണ്ടുകളായി പ്രചരിക്കുന്നുണ്ട്.ഗ്രന്ഥകാരനായ ജദുനാഥ് സർക്കാർ ‘ ‘സ്റ്റഡീസ് ഇൻ മുഗൾ ഇന്ത്യ’ എന്ന തന്റെ പുസ്തകത്തിൽ താജ്മഹലിന്റെ നിർമാണം 1643ൽ അന്നത്തെ 50 ലക്ഷം രൂപ മുതൽ മുടക്കിലാണ് പൂർത്തിയായത് എന്നു പറയുന്നുണ്ട്.
എന്നാൽ മറ്റു ചില കണക്കുകൾ പ്രകാരം 9 കോടി രൂപയ്ക്കു മുകളിൽ താജ്മഹലിനായി അക്കാലത്ത് ചെലവഴിച്ചിട്ടുണ്ടാവാം എന്നും പറയപ്പെടുന്നു.
നിർമാണ ചെലവ് സംബന്ധിച്ച് ഇത്തരം വ്യത്യസ്ത കണക്കുകൾ നിലനിൽക്കുന്നുണ്ടെങ്കിലും ഇന്നത്തെ മൂല്യം അനുസരിച്ചുള്ള 916 മില്യൻ അമേരിക്കൻ ഡോളറിനു (6,900 കോടി) സമാനമായ തുക ഷാജഹാൻ ചക്രവർത്തി താജ്മഹലിനായി മുടക്കിയിട്ടുണ്ടാവും എന്നാണ് ഏകദേശ കണക്ക്. ഇത്രയും തുക മുടക്കി ഇതുപോലെ മറ്റൊന്നു നിർമിച്ചാലും ഷാജഹാന്റെ താജ്മഹലിനോളം വാസ്തുവിദ്യയിൽ മികവുപുലർത്തുന്ന ഒന്ന് നിർമ്മിച്ചെടുക്കുക അസാധ്യമാണെന്നു തന്നെ പറയാം. മുംതാസ് മരണമടഞ്ഞ മധ്യപ്രദേശിലെ ബർഹൻപൂരിൽ താജ്മഹൽ നിർമിക്കാനായിരുന്നു ആദ്യ പദ്ധതി. എന്നാൽ ബർഹൻപൂരിൽ വെളുത്ത മാർബിൾ അത്ര സുലഭമല്ലാത്തതിനാൽ ആഗ്ര തിരഞ്ഞെടുക്കുകയായിരുന്നു.
താജ്മഹൽ നിർമിച്ച ശേഷം മുംതാസിന്റെ ശവകുടീരം സ്മാരകത്തിന് സമീപത്തായി തന്നെ ഒരുക്കി. സൂര്യപ്രകാശമേൽക്കുന്നതനുസരിച്ച് പകൽസമയങ്ങളിൽ വ്യത്യസ്ത നിറങ്ങളിലാണ് താജ്മഹൽ കാണപ്പെടുന്നത്. ചാരനിറത്തിലും ഇളം പിങ്ക് നിറത്തിലും രാത്രികാലങ്ങളിൽ അർധസുതാര്യമായ നീല നിറത്തിലും നിർമിതി കാണപ്പെടും. മരണശേഷം ഷാജഹാന്റെ മൃതദേഹം അടക്കം ചെയ്യുന്നതിനായി താജ്മഹലിനു സമാനമായ മറ്റൊരു നിർമിതികൂടി പണികഴിക്കണമെന്നു പദ്ധതിയിട്ടിരുന്നതായും ചരിത്രമുണ്ട്.
















