ഇന്ത്യൻ സൈന്യത്തിൻ്റെ പോരാട്ട വീര്യത്തെ അഭിവാദ്യം ചെയ്യുന്ന പ്രമേയം പാസാക്കി ബിജെപിയുടെ നേതൃത്വത്തിലുള്ള നാഷണൽ ഡെമോക്രാറ്റിക് അലയൻസ് (എൻഡിഎ) യോഗം. പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഓപ്പറേഷൻ സിന്ദൂരിലും ഓപ്പറേഷൻ മഹാദേവിലും വീരോചിതമായ വീര്യം പ്രകടിപ്പിക്കുകയും സായുധ സേനയുടെ അതുല്യമായ ധൈര്യത്തെയും അചഞ്ചലമായ പ്രതിബദ്ധതയെയും അഭിവാദ്യം ചെയ്യുന്നുവെന്ന് പ്രമേയത്തില്‍ പറയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന എൻഡിഎ യോഗത്തിലാണ് പ്രമേയം പാസാക്കിയത്.
പഹല്‍ഗാം ഭീകരാക്രമണത്തില്‍ 26 പേരുടെ ജീവൻ നഷ്ടപ്പെട്ടിരുന്നു. ഇതിന് മറുപടിയായി മെയ് 7ന് ഇന്ത്യൻ സൈന്യം ഓപ്പറേഷൻ സിന്ദൂര്‍ ആരംഭിക്കുകയും പാക് അധീന കശ്മീരിലെത്തി നിരവധി ഭീകരരെ വധിക്കുകയും ചെയ്തിരുന്നു. ഓപ്പറേഷൻ മഹാദേവിൻ്റെ ഭാഗമായി ദിവസങ്ങള്‍ക്ക് മുമ്പ് പഹല്‍ഗാം ഭീകരാക്രമണത്തിലെ തീവ്രവാദികളെ വധിച്ചുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും അവകാശപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് സൈന്യത്തിൻ്റെ വീര്യത്തെ അഭിനന്ദിച്ച് എൻഡിഎ രംഗത്തെത്തിയത്. മോദിയുടെ നേതൃത്തെയും പ്രമേയത്തില്‍ പ്രശംസിച്ചു
















