2025 ജൂണ്‍ 30-ലെ കണക്കനുസരിച്ച്, പുരപ്പുറ സൗരോര്‍ജ്ജ (Rooftop Solar – RTS) സ്ഥാപിത ശേഷിയുടെ കാര്യത്തില്‍ കേരളം രാജ്യത്ത് നാലാം സ്ഥാനത്താണ്. ഗുജറാത്ത്, മഹാരാഷ്ട്ര, രാജസ്ഥാന്‍ എന്നീ വലിയ സംസ്ഥാനങ്ങളാണ് കേരളത്തിനു മുന്നിലുള്ളത്. തമിഴ്നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന തുടങ്ങിയ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍, അവരെക്കാള്‍ വൈദ്യുതി ആവശ്യം കുറവാണെങ്കില്‍ക്കൂടി പുരപ്പുറ സൗരോര്‍ജ്ജ ഉത്പാദനത്തില്‍ കേരളം മുന്നിട്ടുനില്‍ക്കുന്നു എന്നത് ശ്രദ്ധേയമാണ്. നിലവില്‍ കര്‍ണാടകത്തിന്റെ ഇരട്ടിയോളം ആണ് കേരളത്തിലെ പുരപ്പുറ സൌരോര്‍ജ്ജ നിലയങ്ങളുടെ ശേഷി.
ഗുജറാത്ത്, മഹാരാഷ്ട്ര, രാജസ്ഥാന്‍, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെ കണക്കുകള്‍ പരിശോധിച്ചാല്‍, അവിടെയെല്ലാം പകല്‍ സമയത്താണ് വൈദ്യുതിയുടെ ആവശ്യം ഏറ്റവും കൂടുതല്‍ എന്ന് കാണാം. എന്നാല്‍, കേരളത്തിലെ സ്ഥിതി തികച്ചും വ്യത്യസ്തമാണ്. കേരളത്തില്‍ ഏറ്റവും ഉയര്‍ന്ന വൈദ്യുതി ആവശ്യം (Peak Demand) അനുഭവപ്പെടുന്നത് സൗരോര്‍ജ്ജോത്പാദനം ഒട്ടുമില്ലാത്ത വൈകുന്നേരം 6 മണിക്കും രാത്രി 11 മണിക്കും ഇടയിലാണ്. ഇത് സൗരോര്‍ജ്ജ വൈദ്യുതിയുടെ ലഭ്യതയും ഉപഭോക്താക്കളുടെ വൈദ്യുതി ആവശ്യകതയും തമ്മില്‍ വലിയൊരു പൊരുത്തക്കേട് സൃഷ്ടിക്കുന്നുണ്ട്.
പുരപ്പുറ സൗരോര്‍ജ്ജ നിലയങ്ങളില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ വലിയൊരു ഭാഗവും പകല്‍ സമയത്ത് ഉപയോഗിക്കപ്പെടുന്നില്ല എന്നതാണ് മറ്റൊരു വസ്തുത. നിലവിലെ കണക്കനുസരിച്ച്, സൗരോര്‍ജ്ജ ഉത്പാദനത്തിന്റെ 36% മാത്രമാണ് പകല്‍ സമയത്ത് ഉത്പാദകര്‍ ഉപയോഗിക്കുന്നത്. ഉപയോഗശേഷം ഉത്പാദകര്‍ ഗ്രിഡിലേക്ക് നല്‍കിയ 64 ശതമാനത്തില്‍ ഏകദേശം 45 ശതമാനം വൈദ്യുതി ‘ബാങ്കിംഗ്’ സംവിധാനത്തിലൂടെ സൗരോര്‍ജ്ജം ലഭ്യമല്ലാത്ത സമയങ്ങളില്‍ ഉത്പാദകര്‍തന്നെ ഉപയോഗിക്കുന്നു. ബാക്കിയുള്ള 19 ശതമാനം വൈദ്യുതിക്ക് ശരാശരി വൈദ്യുതി വാങ്ങല്‍ വില (APPC) പ്രൊസ്യൂമര്‍മാര്‍ക്ക് (സോളാര്‍ ഉത്പാദകര്‍) നല്‍കി അവരില്‍ നിന്ന് കെഎസ്ഇബി വാങ്ങുന്ന സാഹചര്യമാണ് നിലവിലുള്ളത്.
നിലവിലെ ബാങ്കിംഗ് വ്യവസ്ഥകള്‍ പ്രകാരം, പ്രൊസ്യൂമര്‍മാര്‍ പകല്‍ സമയത്ത് ഗ്രിഡിലേക്ക് നല്‍കുന്ന വൈദ്യുതിക്ക് തുല്യമായ അളവിലുള്ള വൈദ്യുതി, ആവശ്യകത ഏറ്റവും കൂടുതലുള്ള വൈകുന്നേരങ്ങളില്‍ (ഈവനിംഗ് പീക്ക് മണിക്കൂറുകള്‍) അവര്‍ക്ക് തിരികെ നല്‍കാന്‍ കെഎസ്ഇബി ബാധ്യസ്ഥരാണ്. ഈ സമയത്ത് വിപണിയില്‍ വൈദ്യുതിയുടെ ലഭ്യത കുറവും വില വളരെ കൂടുതലുമായതിനാല്‍ ഇത് കെ എസ് ഇ ബിക്ക് വലിയ സാമ്പത്തിക ആഘാതമുണ്ടാക്കുന്നുണ്ട്. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ ബാങ്കിംഗ് മൂലമുണ്ടായ സാമ്പത്തിക ആഘാതം 500 കോടി രൂപ കവിഞ്ഞു. സംസ്ഥാനത്തെ 1.3 കോടിയിലേറെ വരുന്ന എല്ലാ ഉപഭോക്താക്കള്‍ക്കും യൂണിറ്റിന് 19 പൈസയുടെ അധികഭാരമായി മാറുന്ന സാഹചര്യമാണ് ഇത് സൃഷ്ടിക്കുന്നത്.
ബാറ്ററി സ്റ്റോറേജില്ലാതെ 3 കിലോവാട്ടിനു മുകളിലുള്ള പ്ലാന്റുകള്‍ ഇനിയും സ്ഥാപിച്ചാല്‍ ഈ അധികച്ചെലവ് നിലവിലുള്ള 19 പെസയില്‍ നിന്ന് വരും വര്‍ഷങ്ങളില്‍ വര്‍ദ്ധിച്ചു വരും. ഈ പ്രവണത തുടരുകയാണെങ്കില്‍, 2034-35 ആകുമ്പോഴേക്കും യൂണിറ്റിന് 39 പൈസയുടെ അധികഭാരം ഉപഭോക്താക്കള്‍ വഹിക്കേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്. ഇത് സംസ്ഥാനത്തെ സാധാരണ ഉപഭോക്താക്കള്‍ക്ക് അനാവശ്യമായ സാമ്പത്തിക ഭാരം അടിച്ചേല്‍പ്പിക്കുന്നതാണ്.
കൂടാതെ പകല്‍സമയ ഉപയോഗം വളരെ കുറഞ്ഞ കേരളം പോലുള്ള ഒരു സംസ്ഥാനത്തില്‍, അധികമായി ഉല്‍പ്പാദിപ്പിച്ച് ഗ്രിഡിലേക്കെത്തുന്ന വൈദ്യുതി കാരണം ഗ്രിഡില്‍ ഉയര്‍ന്ന വോള്‍ട്ടേജ് ഉണ്ടാകാനും ഗാര്‍ഹിക ഉപകരണങ്ങള്‍ കേടാവാനുമുള്ള സാധ്യതയും വളരെ കൂടുതലാണ്. വൈദ്യുത ശൃംഖലയുടെ സുരക്ഷിതത്വത്തിന് സോളാര്‍ പ്ലാന്റുകള്‍ നിശ്ചിതസമയം ഓഫ് ചെയ്യേണ്ടുന്ന സാഹചര്യം പോലും ഭാവിയില്‍ ഉണ്ടാകുകയും ചെയ്യും.
സംസ്ഥാനത്തെ 1.3 കോടിയിലേറെ വരുന്ന വൈദ്യുതി ഉപഭോക്താക്കളുടെ വെറും രണ്ട് ശതമാനം – രണ്ടര ലക്ഷത്തില്‍പ്പരം പേര്‍ മാത്രമാണ് നിലവില്‍ സോളാര്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നത്. വൈദ്യുതിയുടെ ബാങ്കിംഗ് മൂലമുണ്ടായ അധികബാധ്യത സൗരോര്‍ജ്ജ ഉത്പാദകരല്ലാത്തവരുള്‍പ്പെടെ എല്ലാ ഉപഭോക്താക്കളും സഹിക്കേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കപ്പെടേണ്ടതാണ് എന്ന നിലപാടാണ് കെ.എസ്.ഇ.ബി.ക്കുള്ളത്. റിന്യൂവബിള്‍ എനെര്‍ജി റെഗുലേഷന്‍ 2025-ന്റെ കരടിന്മേലുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ഭൂരിഭാഗം വരുന്ന സാധാരണക്കാരായ വൈദ്യുതി ഉപഭോക്താക്കള്‍ക്ക് അധികഭാരം വരാത്ത തരത്തില്‍, അവരെ സംരക്ഷിക്കുന്ന നിലപാടായിരിക്കും കെ.എസ്.ഇ.ബി. സ്വീകരിക്കുക.
CONTET HIGH LIGHTS; Renewable Energy Regulation 2025: KSEB stands with ordinary consumers
















