അങ്കണവാടികളിലെ ‘ബിര്‍ണാണി’ക്ക് ഇനി മണവും രുചിയും കൃത്യം.. അങ്കണവാടികളുടെ പരിഷ്കരിച്ച മാതൃക ഭക്ഷണ മെനുവില്‍ പരിശീലനം നല്‍കുന്നതിനായി വനിത ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കോവളം, ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്മെന്റ് ആന്‍ഡ് കേറ്ററിംഗ് ടെക്നോളജിയില്‍ സംഘടിപ്പിച്ച ത്രിദിന ശില്പശാല നടന്നു. വനിത ശിശുവികസന വകുപ്പിന്റെ നേതൃത്വത്തില്‍ ഐഎച്ച്എംസിടി ഷെഫുമാരുള്‍പ്പെടെയുള്ള ടീമും ആരോഗ്യ വിദഗ്ധരും ചേര്‍ന്നാണ് പരിശീലനം നല്‍കിയത്. പുതിയ മെനുവിലെ ഭക്ഷണം സൂപ്പറാണെന്ന് ആരോഗ്യ, വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഭക്ഷണം രുചിച്ചശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. മുട്ട ബിരിയാണി & ഫ്രൂട്ട് കപ്പ്, ന്യൂട്രി ലഡു, വെജിറ്റബിള്‍ പുലാവ് & സാലഡ്, ബ്രോക്കണ്‍ വീറ്റ് പുലാവ്, ഇല അട തുടങ്ങിയ പ്രധാന വിഭങ്ങളിലാണ് പരിശീലനം നല്‍കിയത്.
‘ഉപ്പുമാവ് വേണ്ട, ബിര്‍ണാണി മതി’ എന്ന് കായംകുളം ദേവികുളങ്ങരയിലെ മൂന്നുവയസ്സുകാരന് ശങ്കുവിന്റെ ആവശ്യമാണ് യഥാര്‍ത്ഥത്തില്‍ അങ്കണവാടികളിലെ മെനു സംവിധാനം പരിശോധിക്കുന്നതിനും നടപ്പാക്കുന്നതിനും പ്രചോദനമായത്. അങ്കണവാടികളില്‍ മുന്‍പ് അളവുകളും കലോറി കണക്കുകളും അടിസ്ഥാനമാക്കിയുള്ള മെനു ആയിരുന്നു. എന്നാല്‍ കുഞ്ഞുങ്ങളുടെ ശാരീരികവും മാനസികവും ബൗദ്ധികവുമായ സമഗ്ര വളര്‍ച്ച ലക്ഷ്യമിട്ട്, രുചികരമായ ഭക്ഷണങ്ങളിലൂടെ അവര്‍ക്ക് ആവശ്യമായ പോഷകങ്ങള്‍ ഉള്‍പ്പെടുത്തിയതാണ് പുതിയ മെനു. എഗ്ഗ് ബിരിയാണി, വെജിറ്റബിള്‍ പുലാവ്, സോയാബീന്‍ െ്രെഫ, ഓംലറ്റ് തുടങ്ങിയ ഇഷ്ടഭക്ഷണം കുഞ്ഞുങ്ങള്‍ക്ക് അങ്കണവാടികളില്‍ ലഭ്യമാക്കുമെന്ന് മന്ത്രി പറഞ്ഞു.
ബിരിയാണി ഉള്‍പ്പടെയുള്ള പരിഷ്ക്കരിച്ച മെനു പ്രഖ്യാപിച്ചപ്പോള്‍ അങ്കണവാടികളില്‍ ലഭ്യമായ വിഭവങ്ങളെയും അതിന്റെ നിലവാരത്തെയും കുറ്റം പറഞ്ഞവര്‍ക്കുള്ള മറുപടി കൂടിയാണ് ഇന്ന് ഇവിടെ ഒരുക്കിയ ഭക്ഷണം. സംസ്ഥാനത്തെ പതിനാല് ജില്ലകളിലും നിന്നുള്ളവര്‍ ഇന്നിവിടെ ബിരിയാണിയും പുലാവും ഒരുക്കിയിട്ടുണ്ട്. ഐഎച്ച്എംസിടിയിലെ സീനിയര്‍ ലക്ച്ചറും പ്രൊഫഷണല്‍ ഷെഫുമായ പ്രതോഷ് പി പൈ പുതിയ വിഭവങ്ങള്‍ രുചിച്ച് വളരെ മികച്ച അഭിപ്രായമാണ് പറഞ്ഞത്. കൂടാതെ, ഡോക്ടര്‍മാരും പുതിയ മെനുവിന് അനുകൂലമായ അഭിപ്രായമാണ് നല്‍കിയിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു.
നമ്മുടെ കുരുന്നുകള്‍ക്കായി നമ്മള് ഒറ്റക്കെട്ടായി സ്നേഹത്തോടെ നടത്തുന്ന ഈ പ്രവര്‍ത്തനം ചരിത്രത്തില്‍ പ്രത്യേകമായി അടയാളപ്പെടുത്തും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഈ സംരംഭത്തില്‍ കൈകോര്‍ക്കുന്നുണ്ട്. പദ്ധതിയുടെ വിജയത്തിനായി പ്രവര്‍ത്തിക്കുന്ന എല്ലാവരെയും, പരിശീലനം സംഘടിപ്പിക്കാന്‍ സഹായം നല്കിയ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്മെന്റ് ആന്‍ഡ് കേറ്ററിംഗ് ടെക്നോളജി ടീമിനെയും മന്ത്രി അഭിനന്ദിച്ചു. കേരളത്തിന്റെ ഈ പദ്ധതിയെക്കുറിച്ച് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും അന്വേഷണങ്ങള്‍ ഉണ്ടായതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.
വനിതാ ശിശു വികസന വകുപ്പ് ഡയറക്ടര്‍ ഹരിത വി കുമാര്‍, ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്മെന്റ് ആന്‍ഡ് കേറ്ററിംഗ് ടെക്നോളജി പ്രിന്‍സിപ്പല്‍ ഡോ ടി അനന്ത കൃഷ്ണന് തുടങ്ങിയവര്‍ സന്നിഹിതരായി. സംസ്ഥാനത്തെ 14 ജില്ലകളിലെയും തിരഞ്ഞെടുത്ത 56 സിഡിപിഒ മാര്‍ക്കും സൂപ്പര്‍വൈസര്‍മാര്‍ക്കും മാസ്റ്റര്‍ ട്രെയിനര്‍മാര്‍ എന്ന നിലയില്‍ ശില്പശാലയില് പരിശീലനം നല്‍കും.
















