ഹൈദരാബാദ്: കഠിനമായ ഡയറ്റും ചിട്ടയായ വർക്കൗട്ടും പിന്തുടരുന്ന ആളാണ് ഇന്ത്യൻ പേസർ മുഹമ്മദ് സിറാജ്. ഇംഗ്ലണ്ട് പരമ്പരയ്ക്ക് തയ്യാറെടുക്കാൻ ഇന്ത്യൻ പേസർ പിന്തുടർന്ന കർശനമായ ഭക്ഷണക്രമവും ഫിറ്റ്നസ് തയ്യറെടുപ്പുകളും മുഹമ്മദ് സിറാജിന്റെ സഹോദരൻ ഇസ്മായിൽ വെളിപ്പെടുത്തി.
ഇംഗ്ലണ്ടിനെതിരായ അഞ്ചു ടെസ്റ്റുകളടങ്ങിയ പരമ്പരയിൽ താരം മാത്രം എറിഞ്ഞത് 185.3 ഓവറുകളാണ്. ജോലിഭാരം കുറക്കുന്ന മാനേജ്മെന്‍റ് പദ്ധതികളൊന്നും സിറാജിന്‍റെ കാര്യത്തിൽ ആവശ്യമില്ല. രണ്ടു ടെസ്റ്റുകളിൽ ഇന്ത്യയുടെ പേസ് കുന്തമുന ജസ്പ്രീത് ബുംറക്ക് മാനേജ്മെന്‍റ് വിശ്രമം അനുവദിച്ചപ്പോൾ, ഇംഗ്ലീഷ് മണ്ണിൽ വിശ്രമമില്ലാതെ പന്തെറിയുകയായിരുന്നു സിറാജ്. 23 വിക്കറ്റുകൾ നേടി പരമ്പരയിലെ വിക്കറ്റ് വേട്ടക്കാരനുമായി. ഇംഗ്ലണ്ടിൽ ഒരു ടെസ്റ്റ് പരമ്പരയിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടുന്ന ബുംറയുടെ റെക്കോഡിനൊപ്പമെത്താനും സിറാജാനായി.
ഫിറ്റ്നസിന് വളരെയധികം ശ്രദ്ധകൊടുക്കുന്ന താരമാണ് സിറാജെന്ന് സഹോദരൻ പറയുന്നു. ‘ജങ്ക് ഫുഡ് കഴിക്കാറില്ല, കഠിനമായ ഡയറ്റാണ് താരം പിന്തുടരുന്നത്. ഹൈദരാബാദിൽ താമസിക്കുമ്പോഴും അപൂർവമായി മാത്രമാണ് ബിരിയാണി കഴിക്കുന്നത്, അതും വീട്ടിലുണ്ടാക്കിയത് മാത്രം. പിസ്സയും ഫാസ്റ്റ് ഫുഡും കഴിക്കാറില്ല. സ്വന്തം ശീരത്തിന്‍റെ ആരോഗ്യത്തിൽ അത്രമാത്രം ശ്രദ്ധാലുവാണ്’ -ഇസ്മാഈൽ പറഞ്ഞു.
ഡയറ്റിനൊപ്പം താരം ജിമ്മിലെ വ്യായാമത്തിലും വിട്ടുവീഴ്ച ചെയ്യാറില്ല. ചാമ്പ്യൻസ് ട്രോഫിക്കുള്ള സ്ക്വാഡിൽ ഉൾപ്പെടാത്തതൊന്നും താരത്തെ തളർത്തിയില്ല. ഡയറ്റും വർക്ക്ഔട്ടു കൃത്യമായി തുടർന്നു. 100 ശതമാനം സമർപ്പണം അപ്പോഴും താരത്തിനുണ്ടായിരുന്നു. എല്ലാ ദിവസും രാവിലെയും വൈകീട്ടും വ്യായാമം തുടർന്നതായും സഹോദരൻ വെളിപ്പെടുത്തി.















