മുപ്പത് കഴിഞ്ഞാൽ ചർമത്തിൽ ചുളിവുകളും നേർത്ത വരകളും പ്രത്യക്ഷപ്പെടുന്നു. ഇത് പലരെയും അലട്ടുന്ന പ്രശ്നം ആണ്. എന്നാൽ ഇനി ചർമത്തിന്റെ യുവത്വവും ആരോഗ്യവും നിലനിർത്താം. ഇതിനായി യുവത്വം കാത്തുസൂക്ഷിക്കാനുള്ള ചില നുറുങ്ങുവിദ്യകൾ പരിചയപ്പെടാം.
ചർമത്തിന് അകാല വാർധക്യം തോന്നുന്നതിന് ഒരു സുപ്രധാന കാരണം സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നത് മൂലമുള്ള പ്രശ്നങ്ങൾ തന്നെയാണ്. ഇന്ത്യൻ കാലാവസ്ഥയിൽ പ്രത്യേകിച്ചും. അതിനാൽ സൺസ്ക്രീനുകൾ പതിവായി ഉപയോഗിക്കേണ്ടത് അത്യാവശ്യമാണ്. വെയിലില്ലാത്ത ദിവസങ്ങളിൽ വീടിനുള്ളിൽ തന്നെ സമയം ചെലവിടുകയാണെങ്കിൽ പോലും സൺസ്ക്രീൻ പുരട്ടാൻ പ്രത്യേകം ശ്രദ്ധിക്കുക. സ്ക്രീനിൽ നിന്നുള്ള ബ്ലൂ ലൈറ്റും ചർമത്തിന്റെ യുവത്വത്തെ തടസ്സപ്പെടുത്തിയേക്കാം എന്നതിനാലാണ് ഇത്. എസ്പിഎഫ് മുപ്പതോ അതിനു മുകളിലോ ഉള്ള ബ്രോഡ് സ്പെക്ട്രം സൺസ്ക്രീൻ തന്നെ ഉപയോഗിക്കണം. മൂന്നോ നാലോ മണിക്കൂറിന്റെ ഇടവേളയിൽ സൺസ്ക്രീൻ വീണ്ടും പുരട്ടാനും ശ്രദ്ധിക്കുക.
വൈറ്റമിൻ എ അടങ്ങിയ ക്രീമുകൾ
ചർമത്തെ മൃദുവാക്കാനും നിറം വർധിപ്പിക്കാനും യുവത്വത്തോടെ നിലനിർത്താനും റെറ്റിനോയിഡുകൾ സഹായിക്കും. ചർമത്തിൽ ഇറങ്ങി ചെന്ന് കൊളാജൻ ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കാനും കറുത്ത പാടുകളും നേർത്തവരകളും നീക്കം ചെയ്യാനുമുള്ള കഴിവ് ഇവയ്ക്കുണ്ട്. അതിനാൽ റെറ്റിനോയിഡുകൾ ഉൾപ്പെടുന്ന നൈറ്റ് ക്രീമുകളും സെറമുകളും തന്നെ തിരഞ്ഞെടുക്കുക. റെറ്റിനോയ്ഡിന്റെ കാഠിന്യം കുറഞ്ഞ രൂപമായ റെറ്റിനോൾ അടങ്ങിയ ഉത്പന്നങ്ങൾ തുടക്കത്തിൽ തിരഞ്ഞെടുക്കാം. ഇവ അടങ്ങിയ ക്രീമുകളും സെറമുകളും പുരട്ടിയശേഷം മോയ്സ്ചറൈസർ ഉപയോഗിക്കാൻ വിട്ടു പോകരുത്.
ജലാംശം നിലനിർത്തണം
ചർമം വരണ്ടതാകാതെ കാത്തുസൂക്ഷിക്കുക എന്നത് പ്രധാനമാണ്. അതിനായി സെറാമയ്ഡുകളോ ഹയലൂറോണിക് ആസിഡോ ഉൾപ്പെടുന്ന മോയ്സ്ചറൈസറുകൾ ഉപയോഗിക്കാം. ചർമം മൃദുവാക്കുന്നതിനൊപ്പം തിളക്കം നൽകാനും ഇവ സഹായിക്കും. ചർമത്തിന്റെ സംരക്ഷണ വലയം നഷ്ടപ്പെടുന്ന തരത്തിൽ അധികമായി മുഖം കഴുകുകയോ കാഠിന്യമേറിയ സോപ്പുകൾ ഉപയോഗിക്കുകയോ ചെയ്യരുത്.
ആന്റിഓക്സിഡന്റുകൾ
അന്തരീക്ഷത്തിലെ മാലിന്യങ്ങളും സൂര്യപ്രകാശവുമാണ് ചർമത്തിന് ഏറ്റവും അധികം ഹാനികരമാകുന്നത്. ചർമ കോശങ്ങളെ കേടാക്കുന്ന റാഡിക്കലുകൾ ഉത്പാദിപ്പിക്കപ്പെടും. ഇതുമൂലം ചർമത്തിന്റെ ദൃഢത നഷ്ടപ്പെടുകയും കറുത്ത പാടുകളും ചുളിവുകളും വർധിപ്പിക്കുകയും ചെയ്യും. അതിനാൽ പാടുകൾ അകറ്റുകയും ചർമത്തിന്റെ സ്വാഭാവിക നിറം നിലനിർത്തുകയും ചെയ്യുന്ന വൈറ്റമിൻ സി, ചർമത്തെ മൃദുവാക്കുന്ന വൈറ്റമിൻ ഇ, ചർമത്തിനു സംരക്ഷണം നൽകുന്ന ഗ്രീൻ ടീ എക്സ്ട്രാക്ട്, ചർമത്തെ യുവത്വത്തോടെ കാത്തുസൂക്ഷിക്കുന്ന നിയാസിനാമൈഡ് തുടങ്ങിയ ആന്റിഓക്സിഡന്റുകൾ ഉൾപ്പെടുന്ന ഉത്പന്നങ്ങൾ തിരഞ്ഞെടുക്കാം. രാവിലെ സമയങ്ങളിൽ ഇത്തരം ഉത്പന്നങ്ങൾ ഉപയോഗിക്കുന്നതാണ് മാലിന്യങ്ങളിൽ നിന്നും സൂര്യതാപത്തിൽ രക്ഷനേടാൻ ഏറ്റവും ഗുണകരം.
ഉറക്കം ക്രമമാക്കാം സമ്മർദം കുറയ്ക്കാം
ബാഹ്യ ഘടകങ്ങൾ പോലെ തന്നെ ആന്തരിക ഘടകങ്ങളും ചർമത്തിന്റെ ആരോഗ്യത്തിൽ പ്രധാനമാണ്. ഏഴു മുതൽ 8 മണിക്കൂർ വരെ ശാന്തമായ ഉറക്കം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. മാനസിക സമ്മർദമാണ് ചർമ സൗന്ദര്യത്തിൽ പ്രതിഫലിക്കുന്ന മറ്റൊന്ന്. കൊളാജൻ ഉത്പാദനം കുറയാനും ചർമത്തിന്റെ ദൃഢത നഷ്ടപ്പെടാനുമൊക്കെ സമ്മർദം കാരണമാകും. അതിനാൽ മാനസിക സന്തോഷം ഉറപ്പുവരുത്താനുള്ള പ്രവൃത്തികൾക്ക് മുൻതൂക്കം നൽകുക. ശാരീരിക വ്യായാമങ്ങൾ പതിവാക്കുകയും വേണം.
















