ന്യൂഡല്‍ഹി: ഉത്തരകാശിയിലെ ധാരാലി ഗ്രാമത്തില്‍ മേഘ വിസ്‌ഫോടനത്തില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടരുന്നു. 60 ല്‍ അധികം പേര്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നു എന്നാണ് സംശയം. സൈന്യം എൻഡിആർഎഫ്, എസ്‍ഡിആർഎഫ്, ഐടിബിപി തുടങ്ങിയ സേനകളാണ് ദൗത്യത്തിന് നേതൃത്വം നൽകുന്നത്.
മേഖലയിൽ 8 സൈനികരെയും കാണാതായിട്ടുണ്ട്. നാല് മരണമാണ് ഇതുവരെ സ്ഥിരീകരിച്ചത്. ഇതുവരെ 130 ഓളം പേരെ രക്ഷപ്പെടുത്തി. കനത്തമഴയെത്തുടർന്ന് എസ്ഡിആർഎഫിന്റെ ഒരു സംഘം ഋഷികേശിൽ കുടുങ്ങി. രക്ഷാപ്രവര്‍ത്തനത്തിനായി കൂടുതല്‍ സേനാ വിഭാഗങ്ങളും ഹെലികോപ്റ്ററുകളും ഇന്ന് ഉത്തരകാശിയിലെത്തും. രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി മൂന്ന് ഐഎഎസ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.
റോഡുകള്‍ തകര്‍ന്നതും മോശം കാലാവസ്ഥയും കുത്തനെയുള്ള ഭൂപ്രകൃതിയും രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി ഇന്ന് അപകടസ്ഥലം സന്ദര്‍ശിച്ചേക്കും. അപകടസാധ്യത തുടരുന്നതിനാല്‍ പ്രദേശവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്നലെ ഉച്ചയോടെയാണ് ഉത്തരകാശിയിൽ മേഘവിസ്ഫോടനം ഉണ്ടായത്.
















