കോട്ടയം: ചേർത്തലയിലെ തിരോധാന കേസുകളിൽ ഡിഎൻഎ പരിശോധന ഫലം ഇന്ന് വന്നേക്കും. പ്രതി സെബാസ്റ്റ്യന്റെ നിസ്സഹകരണത്താൽ വഴിമുട്ടിയ അന്വേഷണത്തിന് സഹായകമാകുന്നതായിരിക്കും ഫലം. ജൈനമ്മ തിരോധന കേസിന് പിന്നാലെ സെബാസ്റ്റ്യന്റെ ആലപ്പുഴ പള്ളിപ്പുറത്തെ വീട്ടിൽനിന്ന് കഴിഞ്ഞ ദിവസം കണ്ടെത്തിയ അസ്ഥിക്കഷണങ്ങളുടെയും ശരീരാവശിഷ്ടങ്ങളുടെയും പരിശോധനാഫലമാണ് ഇന്ന് ലഭിക്കുന്നത്.
ക്രൈംബ്രാഞ്ച് കസ്റ്റഡിയിലുള്ള സെബാസ്റ്റ്യനെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ചോദ്യംചെയ്യുന്നത് തുടരുകയാണ്. അതേസമയം സെബാസ്റ്റ്യന്റെ കസ്റ്റഡി കാലാവധി നാളെ അവസാനിക്കും. അതിനുള്ളിൽ ഡിഎൻഎ ഫലം ലഭിച്ചാൽ ചോദ്യം ചെയ്യലിൽ അന്വേഷണ സംഘത്തിന് കൂടുതൽ സഹായകരമാകും.
കാണാതായ മുഴുവൻ സ്ത്രീകളുടെയും കേസുകൾ അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് ബിന്ദു പത്മനാഭൻ തിരോധാനക്കേസിൽ ആക്ഷൻ കൗൺസിൽ മുഖ്യമന്ത്രിക്ക് കത്തയച്ചു. ചേര്‍ത്തല കടക്കരപ്പള്ളി ആലുങ്കല്‍ പത്മനിവാസില്‍ ബിന്ദു പത്മനാഭനെ (47) കാണാതായ കേസിലും സെബാസ്റ്റ്യന് ഒന്നാംപ്രതിയാണ്.
കോട്ടയം ക്രൈംബ്രാഞ്ച് ഓഫിസിൽ ചൊവ്വാഴ്ചയും സെബാസ്റ്റ്യനെ ചോദ്യംചെയ്യലിന് വിധേയനാക്കി. എന്നാൽ, അന്വേഷണ സംഘത്തിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നില്ല. ചിരിയും മൗനവും മാത്രമാണ് ഉത്തരം. ആരോഗ്യപ്രശ്നങ്ങളും ചൂണ്ടിക്കാട്ടുന്നു. നിലവിൽ നാല് സ്ത്രീകളുടെ തിരോധാനവുമായി സെബാസ്റ്റ്യന് ബന്ധമുണ്ടെന്നാണ് സംശയം. സെബാസ്റ്റ്യന്റെ കസ്റ്റഡി അവസാനിക്കുംമുമ്പ് കൂടുതല്‍ തെളിവുകള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് കോട്ടയം ക്രൈംബ്രാഞ്ച് അന്വേഷണസംഘം.
കേസുമായി ബന്ധപ്പെട്ട് ഒരു കാര്യവും തുറന്നുപറയാൻ സെബാസ്റ്റ്യൻ തയാറായിട്ടില്ല. നിലവിൽ കണ്ടെത്തിയ അസ്ഥിക്കഷ്ണങ്ങൾ ജൈനമ്മയുടേതാണെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ നിഗമനം. എന്നാൽ പിന്നീട് രണ്ട് സ്ത്രീകളുടെ കൂടെ തിരോധാനകേസുകളിൽ സെബാസ്റ്റ്യന് പങ്കുണ്ടെന്ന് കണ്ടെത്തിയതോടെ അസ്ഥി ഇവരുടേതാകാമെന്ന നിഗമനത്തിലേക്ക് എത്തി.
നാല് വർഷത്തിലധികം പഴക്കമുള്ള അസ്ഥികളാണ് കണ്ടെത്തിയത്. ജൈനമ്മയെ കാണാതായത് 2024 ഡിസംബറിലാണ്. അതിനാൽ നാല് വർഷം പഴക്കമുള്ള അസ്ഥി ആരുടേതാണെന്ന സംശയം ഇപ്പോഴും തുടരുകയാണ്. ഈ സംശയം നീങ്ങാൻ ഡിഎൻഎ ഫലം ലഭ്യമാകേണ്ടതുണ്ട്. കേസിൽ കൂടുകൽ വിവരങ്ങൾക്കായി സെബാസ്റ്റ്യന്റെ ഭാര്യയെ ചോദ്യം ചെയ്തിരുന്നു.
















