തിരുവനന്തപുരം: കേരള സർവകലാശാല രജിസ്ട്രാർ കെ എസ് അനിൽകുമാറിന്റെ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. രജിസ്ട്രാർ ഡോക്ടർ കെ .എസ് അനിൽകുമാർ നൽകിയ ഹരജിയിലാണ്, ജസ്റ്റിസ് ടി.ആർ രവി അധ്യക്ഷനായ സിംഗിൾ ബെഞ്ചിൽ വാദം തുടരുക. കഴിഞ്ഞ ദിവസം ഹൈക്കോടതി രൂക്ഷ വിമർശനമാണ് വി സി മോഹനൻ കുന്നുമ്മലിനെതിരെ നടത്തിയത്. ഇന്ന് വിസി സത്യവാങ്ങ്മൂലം കോടതിയിൽ സമർപ്പിക്കും.
കേരള സർവകലാശാല രജിസ്ട്രാർ കെ എസ് അനിൽകുമാറിൻ്റെ സസ്പെൻഷൻ, വി സിയുടെ നടപടി റദ്ദാക്കി രജിസ്ട്രാറെ വീണ്ടും നിയമിച്ച സിൻഡിക്കേറ്റിൻ്റെ നടപടി എന്നിവയിലാണ് വി സി മോഹനൻ കുന്നുമ്മലിനെ കോടതി രൂപക്ഷമായി വിമർശിച്ചത്. പിന്നാലെ നിലപാട് വ്യക്തമാക്കി രേഖാമൂലം വിശദീകരണത്തിന് വി.സി സമയം തേടി. കൂടുതൽ സമയം അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ കോടതി ഹർജി ഇന്ന് പരിഗണിക്കാൻ മാറ്റി.
എന്ത് അധികാരം ഉപയോഗിച്ചാണ് രജിസ്ട്രാറെ സസ്പെൻഡ് ചെയ്തത് എന്ന് വിസിയോട് കോടതി ചോദിച്ചിരുന്നു. ഇക്കാര്യത്തിൽ വിസി ഇന്ന് കോടതിയിൽ വിശദീകരണം നൽകും. സിൻഡിക്കേറ്റിന് മുകളിലാണ് വിസിയുടെ അധികാരം എന്നാണോ കരുതുന്നത് എന്നും, കോടതി ചോദിച്ചിരുന്നു.
സസ്പെൻഡ് ചെയ്യാനും, നടപടി എടുക്കാനും സിൻഡിക്കേറ്റിനാണ് അധികാരമെന്നാണ് രജിസ്ട്രാറുടെ വാദം. തന്റെ സസ്പെൻഷൻ സിൻഡിക്കേറ്റ് റദ്ദ് ചെയ്തു എന്നും, എന്നാൽ ചുമതല നിർവഹിക്കാൻ വിസി സമ്മതിക്കുന്നില്ല എന്നും രജിസ്ട്രാർ കോടതിയെ അറിയിച്ചിരുന്നു. രജിസ്ട്രാറുടെ നടപടികളെ സർവകലാശാല അഭിഭാഷകനും കോടതിയിൽ പിന്തുണച്ചിരുന്നു.
















