റഷ്യയിൽ നിന്ന് അസംസ്കൃത എണ്ണ വാങ്ങുന്നതിന് ഇന്ത്യയ്‌ക്ക് മേൽ കനത്ത തീരുവ ചുമത്തുമെന്ന യുഎസ് പ്രസിഡന്റ് ട്രംപിന്റെ ഭീഷണിക്കിടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ മോസ്കോയിലെത്തി. റഷ്യൻ പ്രസിഡന്റ് വ്ലാഡമീർ പുടിനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന. ഒപ്പം മുതിർന്ന നയതന്ത്ര ഉദ്യോഗസ്ഥരുമായും അദ്ദേഹം ചർച്ച നടത്തും.സ്വതന്ത്ര വിദേശനയം പിന്തുടരാനും ദേശീയ താൽപ്പര്യങ്ങളെ അടിസ്ഥാനമാക്കിയുള്ള പങ്കാളിത്തം നിലനിർത്താനുമുള്ള ഇന്ത്യയുടെ ശ്രമത്തിന്റെ ഭാഗമായാണ് ഈ സന്ദർശനത്തെ കാണുന്നത്.
കൂടാതെ, വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും ഓഗസ്റ്റ് 27, 28 തീയതികളിൽ റഷ്യ സന്ദർശിക്കും. പ്രതിരോധം, ഊർജ്ജം, വ്യാപാര ചർച്ചകളിൽ അദ്ദേഹത്തിന്റെ സന്ദർശനം ശ്രദ്ധ കേന്ദ്രീകരിക്കും.
ഉഭയകക്ഷി, അന്താരാഷ്ട്ര വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി ജയശങ്കർ റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവുമായി കൂടിക്കാഴ്ച നടത്തും. സാങ്കേതിക, സാമ്പത്തിക സഹകരണത്തിനായുള്ള ഇന്ത്യ-റഷ്യ ഇന്റർ-ഗവൺമെന്റൽ കമ്മീഷന്റെ സഹ അധ്യക്ഷനായി റഷ്യൻ ഉപപ്രധാനമന്ത്രി യൂറി ബോറിസോവുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.
ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധം പരസ്പര ധാരണയുടെ അടിസ്ഥാനത്തിലാണെന്നും മറ്റ് രാജ്യങ്ങൾ അതിനെ വിലയിരുത്തരുതെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
















