ചേര്‍ത്തല തിരോധാന കേസില്‍ ബിന്ദു പത്മനാഭന്റെ സഹോദരന്റെ ഡിഎന്‍എ സാമ്പിള്‍ വീണ്ടും പരിശോധിക്കാന്‍ തീരുമാനം. ഇതിനായി ബിന്ദുവിന്റെ ഇറ്റലിയിലുള്ള ഏക സഹോദരനോട് നാട്ടിലെത്താന്‍ ആവശ്യപ്പെട്ടിരുന്നു. അടുത്താഴ്ച്ചയോടെ ബിന്ദുവിന്റെ സഹോദരന്‍ നാട്ടിലെത്തും. അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പും അന്വേഷണത്തിന്റെ ഭാഗമായി ബിന്ദുവിന്റെ സഹോദരന്റെ രക്തത്തിന്റെ സാമ്പിള്‍ പൊലീസ് ശേഖരിച്ചിരുന്നു. എന്നാല്‍ ശേഖരിച്ച രക്ത സാമ്പിളിന്റെ കാലപ്പഴക്കം പരിശോധനയെ ബാധിക്കും എന്നതിനാലാണ് വീണ്ടും ശേഖരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. അതേസമയം ചേർത്തലയിലെ തിരോധാന കേസുകളിൽ ഡിഎൻഎ പരിശോധന ഫലം ഇന്ന് വന്നേക്കും. പ്രതി സെബാസ്റ്റ്യന്റെ നിസ്സഹകരണത്താൽ വഴിമുട്ടിയ അന്വേഷണത്തിന് സഹായകമാകുന്നതായിരിക്കും ഫലം. ജൈനമ്മ തിരോധന കേസിന് പിന്നാലെ സെബാസ്റ്റ്യന്റെ വീടിന് പരിസരത്ത് നടത്തിയ പരിശോധനയിൽ കണ്ടെത്തിയ അസ്ഥികളുടെ പരിശോധനാഫലമാണ് ഇന്ന് ലഭിക്കുന്നത്.
കഴിഞ്ഞമാസം 28നാണ് ജൈനമ്മ തിരോധാന കേസുമായി ബന്ധപ്പെട്ട് പ്രതി സെബാസ്റ്റ്യനുമായി വീട്ടിലെത്തി പരിശോധന നടത്തിയത്. ഈ പരിശോധനയിലാണ് വീടിന് സമീപത്ത് നിന്ന് കത്തിക്കരിഞ്ഞ നിലയിൽ അസ്ഥികൾ ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തുന്നത്. ഈ അസ്ഥികളാണ് ഡിഎൻഎ പരിശോധനയ്ക്ക് അയച്ചിരുന്നത്. അതേസമയം സെബാസ്റ്റ്യന്റെ കസ്റ്റഡി കാലാവധി നാളെ അവസാനിക്കും. അതിനുള്ളിൽ ഡിഎൻഎ ഫലം ലഭിച്ചാൽ ചോദ്യം ചെയ്യലിൽ അന്വേഷണ സംഘത്തിന് കൂടുതൽ സഹായകരമാകും.
കേസുമായി ബന്ധപ്പെട്ട് ഒരു കാര്യവും തുറന്നുപറയാൻ സെബാസ്റ്റ്യൻ തയാറായിട്ടില്ല. നിലവിൽ കണ്ടെത്തിയ അസ്ഥിക്കഷ്ണങ്ങൾ ജൈനമ്മയുടേതാണെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ നിഗമനം. എന്നാൽ പിന്നീട് രണ്ട് സ്ത്രീകളുടെ കൂടെ തിരോധാനകേസുകളിൽ സെബാസ്റ്റ്യന് പങ്കുണ്ടെന്ന് കണ്ടെത്തിയതോടെ അസ്ഥി ഇവരുടേതാകാമെന്ന നിഗമനത്തിലേക്ക് എത്തി.
















