മഴക്കാലത്ത് ക്ഷീണവും തളര്‍ച്ചയും ശരീരവേദനയുമൊക്കെ ഉണ്ടാകുന്നതായി തോന്നുന്നുണ്ടോ? സാധാരണ സമയത്തേക്കാള്‍ കൂടുതലായി ഷീണം തോന്നുന്നത് മടി കൊണ്ടല്ല. മറിച്ച് സൂര്യപ്രകാശം കുറയുന്നതും അന്തരീക്ഷത്തിലെ ഈര്‍പ്പം വര്‍ധിക്കുന്നതും പകര്‍ച്ച വ്യാധികള്‍ വ്യാപിക്കുന്നതുമെല്ലാം ഈ ക്ഷീണത്തിന് കാരണമാകുന്നുണ്ട്. മഴക്കാലത്തെ ക്ഷീണം മാറി ഒന്ന് റീചാര്‍ജാകാന്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കാം.
സൂര്യപ്രകാശത്തിന്റെ കുറവുകൊണ്ട് നിങ്ങളുടെ വിറ്റമിന്‍ ഡി അളവുകള്‍ കുറയുന്നത് നിങ്ങളുടെ ആരോഗ്യത്തേയും ബാധിച്ചേക്കാം. വിറ്റമിന്‍ ഡി ടെസ്റ്റ് ചെയ്ത് കുറവാണെങ്കില്‍ സപ്ലിമെന്റുകള്‍ കഴിച്ചുതുടങ്ങണം.
ശരീരത്തിന്റെ തളര്‍ച്ച മാറാന്‍ അയേണ്‍ കൂടുതലായി കഴിക്കേണ്ടത് ആവശ്യമാണ്. ഇലക്കറികള്‍ ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തണം.
അന്തരീക്ഷത്തില്‍ ഈര്‍പ്പത്തിന്റെ അളവ് കൂടുന്നത് നിങ്ങളുടെ കുടലിന്റെ പ്രവര്‍ത്തനങ്ങളേയും സാവധാനത്തിലാക്കിയേക്കാം. കുടലിലെ നല്ല ബാക്ടീരിയകളുടെ അളവ് കൂട്ടാനായി പ്രോബയോട്ടിക്കുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കാം. പഴങ്കഞ്ഞി, പുളിപ്പിച്ച മാവ് കൊണ്ടുണ്ടാക്കിയ വിവിധതരം പലഹാരങ്ങള്‍, തൈര് തുടങ്ങിയവ കഴിക്കാം.
മഗ്നീഷ്യം കൂടുതലുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് നിങ്ങളുടെ സ്‌ട്രെസ് കുറയ്ക്കാന്‍ സഹായിക്കും. ബദാം, നട്ട്സ്, വാഴപ്പഴം തുടങ്ങിയ ഡയറ്റില്‍ ഉള്‍പ്പെടുത്തണം.
















