പുരപ്പുറ സൗരോര്‍ജ്ജ നിലയങ്ങള്‍ സ്ഥാപിക്കുന്നതിലെ വാര്‍ഷിക വളര്‍ച്ചാ നിരക്കില്‍ കേരളം രാജ്യത്ത് ഒന്നാം സ്ഥാനത്തെത്തി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 99.97 ശതമാനം വര്‍ദ്ധനവ് രേഖപ്പെടുത്തിയാണ് സംസ്ഥാനം ഒന്നാമതെത്തിയത്. പി.എം. സൂര്യഘര്‍ പദ്ധതി അപേക്ഷകരില്‍ നിന്ന് ഏറ്റവും കൂടുതല്‍ സൗരോര്‍ജ്ജ നിലയങ്ങള്‍ സ്ഥാപിച്ചതിന്റെ ശതമാനത്തില്‍ കേരളം രാജ്യത്ത് രണ്ടാം സ്ഥാനത്താണ്. അപേക്ഷകരില്‍ 67.44 ശതമാനം പേരും സൗരോര്‍ജ്ജ നിലയങ്ങള്‍ സ്ഥാപിച്ചു. ആകെ സൗരോര്‍ജ്ജ നിലയങ്ങള്‍ സ്ഥാപിച്ചതിന്റെ എണ്ണത്തില്‍ കേരളം നാലാം സ്ഥാനത്താണ്. എന്നാല്‍ ഇക്കാര്യത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനത്ത് നില്‍ക്കുന്ന ഗുജറാത്ത്, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളുമായി ജനസംഖ്യ, ഭൂവിസ്തൃതി എന്നിവയുടെ അടിസ്ഥാനത്തില്‍ താരതമ്യം ചെയ്യുകയാണെങ്കില്‍ വലിയ നേട്ടമാണ് കേരളം ഈ വിഭാഗത്തിലും കൈവരിച്ചിട്ടുള്ളത്.
2025 ജൂലൈ 31 വരെയുള്ള കണക്കുകള്‍ പ്രകാരം പി എം സൂര്യഘര്‍ പദ്ധതിയിലേക്ക് 1,80,671 അപേക്ഷകളാണ് സംസ്ഥാനത്ത് ലഭിച്ചത്. ഇതില്‍ 1,23,860 സൗരോര്‍ജ്ജ പ്ലാന്റുകളുടെ ഇന്‍സ്റ്റലേഷന്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. ഇവയില്‍ നിന്ന് പ്രതിദിനം 495.5 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി 1,27,141 ഗുണഭോക്താക്കള്‍ക്ക് 869.31 കോടി രൂപയുടെ സബ്സിഡി ലഭ്യമായിട്ടുണ്ട്.
2025 ജൂലൈ 9-ലെ കണക്കുകള്‍ പ്രകാരം എറണാകുളം ജില്ലയില്‍ 22,067 ഇടങ്ങളില്‍ പുരപ്പുറ സൗരോര്‍ജ്ജ നിലയങ്ങള്‍ സ്ഥാപിച്ച് ഗ്രിഡുമായി ബന്ധിപ്പിച്ചു. സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന സംഖ്യയാണിത്. തൃശ്ശൂരില്‍ 15,417, തിരുവനന്തപുരത്ത് 11,536, മലപ്പുറത്ത് 9,849, കണ്ണൂരില്‍ 9,064, കൊല്ലത്ത് 8,547, ആലപ്പുഴയില്‍ 8,358, കോഴിക്കോട് 7,885, പാലക്കാട് 7,583, കോട്ടയത്ത് 7,249 പത്തനംതിട്ടയില്‍ 4,446, കാസര്‍ഗോഡില്‍ 3,601, ഇടുക്കിയില്‍ 1,217 വയനാട് 498 എന്നിങ്ങനെയാണ് മറ്റു ജില്ലകളില്‍ ഇന്‍സ്റ്റാളേഷനുകള്‍ പൂര്‍ത്തിയാക്കി ഗ്രിഡുമായി ബന്ധിപ്പിച്ചതിന്റെ കണക്കുകള്‍. ഇതില്‍ ഇടുക്കി, വയനാട് ജില്ലകളില്‍ സൗരോര്‍ജ്ജ നിലയങ്ങള്‍ക്കായി ലഭിച്ച അപേക്ഷകളില്‍ വന്ന കുറവ് പരിഹരിക്കുന്നതിനും സൗരോര്‍ജ്ജം സാധാരണകാരിലേക്ക് കൂടുതലായി എത്തിക്കുന്നതിനുമായി 1.5 കോടി രൂപ ചെവ് വരുന്ന പ്രചാരണ പരിപാടികള്‍ സംസ്ഥാന വൈദ്യുതി ബോര്‍ഡ് നടപ്പാക്കും.
സംസ്ഥാനത്തിന്റെ ആകെ സൗരോര്‍ജ്ജ ഉത്പാദന ശേഷി 1684.47 മെഗാവാട്ടാണ്. ഇതില്‍ കെ.എസ്.ഇ.ബി.യുടെയും സ്വകാര്യ റൂഫ്‌ടോപ് നിലയങ്ങളും ഗ്രൗണ്ട് മൗണ്ടഡ് പദ്ധതികളും ഉള്‍പ്പെടുന്നു. കേരളത്തിന്റെ മൊത്തം സൗരോര്‍ജ്ജ ശേഷിയുടെ 81 ശതമാനം റൂഫ്‌ടോപ് സൗരോര്‍ജ്ജ പ്ലാന്റുകളില്‍ നിന്നാണ് ഉല്‍പ്പാദിപ്പിക്കുന്നത്. ഈ വിഭാഗത്തിലും കേരളം രാജ്യത്ത് ഒന്നാം സ്ഥാനത്താണ്. പ്രതിദിന വൈദ്യുതി ആവശ്യകതയുടെ 31.3% വരെ നിറവേറ്റാന്‍ റൂഫ് ടോപ്പ് സൗരോര്‍ജ്ജ നിലയങ്ങളിലൂടെ കഴിയുന്നു. 2024-2025 സാമ്പത്തിക വര്‍ഷത്തില്‍ ലോ ടെന്‍ഷന്‍ (LT) വിഭാഗത്തിലെ പ്രോസ്യൂമര്‍മാര്‍ അഥവാ സൗരോര്‍ജ്ജം ഉല്‍പ്പാദിപ്പിച്ച് ഉപയോഗിക്കുന്നവര്‍ 1,076 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കുകയും 816.41 ദശലക്ഷം യൂണിറ്റ് ഗ്രിഡിലേക്ക് നല്‍കുകയും ചെയ്തിട്ടുണ്ട്.
സൗരോര്‍ജ്ജ രംഗത്തെ ഈ ദ്രുതഗതിയിലുള്ള വളര്‍ച്ചയ്ക്ക് പിന്നില്‍ കെ.എസ്.ഇ.ബി.എല്‍ നടപ്പിലാക്കിയ സംവിധാനങ്ങള്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ഉപഭോക്താക്കളുടെ പരാതികള്‍ പരിഹരിക്കുന്നതിനായി കോള്‍ സെന്ററും പി.എം. സൂര്യഘര്‍ ഹെല്‍പ്പ് ഡെസ്‌കും ഉള്‍പ്പെടുന്ന ഒരു പരാതി പരിഹാര ഫോറം കെ.എസ്.ഇ.ബി.എല്‍ ഇതിനായി സ്ഥാപിച്ചിരുന്നു. പദ്ധതി സംബന്ധിച്ച പരാതികള്‍ക്കും വിവരങ്ങള്‍ക്കും പൊതുജനങ്ങള്‍ക്ക് നോഡല്‍ ഓഫിസര്‍ നൗഷാദ് ഷറഫുദീനെയോ (മൊബൈല്‍ നമ്പര്‍ 9025351982) ഹെല്‍പ് ഡെസ്‌ക്കിലോ (മൊബൈല്‍ നമ്പര്‍ 9496266631, 9496018370) ബന്ധപ്പെടാം.
1210 വിതരണക്കാരെ കെ.എസ്.ഇ.ബി. സൗരോജ്ജ പദ്ധതികള്‍ക്കായി എംപാനല്‍ ചെയ്തിട്ടുണ്ട്. എല്ലാ 14 ജില്ലകളിലുമുള്ള ഫീല്‍ഡ് ഓഫീസര്‍മാര്‍ക്ക് വിതരണക്കാരെ എംപാനല്‍ ചെയ്യുന്നതിന്റെയും പോര്‍ട്ടല്‍ പ്രവര്‍ത്തനങ്ങളുടെയും പരിശോധനയുടെയും നെറ്റ് മീറ്റര്‍ കണക്ഷന്‍ നല്‍കുന്നതിന്റെയും ചുമതല നല്‍കി. പ്രധാന ദേശീയ ബാങ്കുകളുമായി ഏകോപിപ്പിച്ച് പ്രവര്‍ത്തിക്കാന്‍ ഒരു സംസ്ഥാനതല ബാങ്കിംഗ് കമ്മിറ്റിയും രൂപീകരിച്ചു. ഇത് ഇന്‍സ്റ്റാളേഷനുകള്‍ക്ക് 6.5% പലിശ നിരക്കില്‍ വായ്പകള്‍ ലഭ്യമാക്കി വരുന്നു. വിതരണക്കാരുടെ പ്രശ്നങ്ങള്‍ വേഗത്തില്‍ പരിഹരിക്കുന്നതിനായി പ്രതിമാസ ഡെവലപ്പര്‍ യോഗങ്ങളും ബോര്‍ഡ് നടത്തുന്നുണ്ട്. ഊര്‍ജ്ജ സ്വയംപര്യാപ്തതയിലേക്കും സുസ്ഥിര ഭാവിയി ലേക്കുമുള്ള കേരളത്തിന്റെ നിര്‍ണായക ചുവടുവെയ്പ്പ് അടിവരയിടുന്നതാണ് സൗരോജ്ജ വളര്‍ച്ച സംബന്ധിച്ച കണക്കുകള്‍.
CONTENT HIGH LIGHTS; Kerala tops in rooftop solar power growth rate: State’s total solar power generation capacity is 1684.47 MW; Rs 869.31 crore subsidy to rooftop solar power producers from March 2024 to July 2025
















