ഉത്തരകാശി മേഘവിസ്‌ഫോടനത്തിന് പിന്നാലെ ഹിമാചല്‍ പ്രദേശിലെ കിന്നൈര്‍ ജില്ലയില്‍ അപ്രതീക്ഷിത വെള്ളപ്പൊക്കം. കിന്നര്‍ കൈലാഷ് യാത്രാപാതയില്‍ കുടുങ്ങിയ 413 തീര്‍ഥാടകരെ ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് രക്ഷപ്പെടുത്തി. ടാങ്ലിങ് പ്രദേശത്തിനടുത്തുള്ള ട്രക്കിങ് പാതയുടെ വലിയൊരു ഭാഗം ഒലിച്ചുപോയതിന് പിന്നാലെയാണ് തീര്‍ഥാടകര്‍ കുടുങ്ങിയത്. തീർഥാടകരെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റിപാര്‍പ്പിച്ചു.
കയര്‍ അധിഷ്‌ഠിത ട്രാവേഴ്‌സ് ക്രോസിങ് സാങ്കേതിക വിദ്യ ഉപയോഗിച്ച് ഐടിബിപിയുടെ 17-ാം ബറ്റാലിയനിലെ ഉദ്യോഗസ്ഥരാണ് ഈ മേഖലയില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയത്. ദേശീയ ദുരന്ത നിവാരണ സേനയിലെ 14 അംഗ സംഘവുമായി സഹകരിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. മറ്റ് 33 ഉദ്യോഗസ്ഥരുടെ പിന്തുണയോടെ ഒരു ഗസറ്റഡ് ഓഫിസറുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തന ദൗത്യം നടത്തിയത്.
















