അമിത് ഷായ്‌ക്കെതിരായ അപകീര്‍ത്തി പരാമര്‍ശക്കേസില്‍ കോൺഗ്രസ് നേതാവും ലോക്‌സഭ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി കോടതിക്ക് മുന്നില്‍ ഹാജറായി. ജാർഖണ്ഡിലെ ചൈബാസയിലുള്ള എംപി – എംഎൽഎ പ്രത്യേക കോടതിക്ക് മുമ്പാകെയാണ് രാഹുല്‍ എത്തിയത്. വിചാരണ നടപടികളുമായി സഹകരിക്കണമെന്ന വ്യവസ്ഥയിൽ കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചു.
ജുഡീഷ്യൽ മജിസ്‌ട്രേറ്റ് സുപ്രിയ റാണി ടിഗ്ഗയാണ് കേസ് പരിഗണിച്ചത്. മുതിർന്ന അഭിഭാഷകരായ പ്രദീപ് ചന്ദ്ര, ദീപങ്കർ റോയ് എന്നിവരുൾപ്പെടെയുള്ള നിയമസംഘത്തിൻ്റെ വാദം കേട്ട ശേഷമാണ് കോടതി രാഹുലിന് ജാമ്യം അനുവദിച്ചത്. 2018-ൽ അമിത് ഷാ ബിജെപി ദേശീയ അധ്യക്ഷനായിരിക്കുമ്പോഴായിരുന്നു കേസിനാസ്‌പദമായ സംഭവം.
കോൺഗ്രസ് സമ്മേളനത്തിൽ രാഹുൽ ഗാന്ധി നടത്തിയ പ്രസംഗത്തിൽ അമിത് ഷായെ ‘കൊലപാതകി’ എന്ന് വിശേഷിപ്പിച്ചതായി ആരോപിക്കപ്പെടുന്നു. “ഒരു കൊലപാതകിക്കും കോൺഗ്രസിൽ ദേശീയ പ്രസിഡൻ്റാകാൻ കഴിയില്ല. കോൺഗ്രസുകാർക്ക് ഒരു കൊലപാതകിയെ ദേശീയ പ്രസിഡൻ്റായി അംഗീകരിക്കാൻ കഴിയില്ല. ഇത് ബിജെപിയിൽ മാത്രമേ സാധ്യമാകൂ” – എന്ന് രാഹുല്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ട്.
ഇതിനിതിരെ ബിജെപി നേതാവായ പ്രതാപ് കത്യാർ 2018 ജൂലൈ 9-നാണ് രാഹുൽ ഗാന്ധിക്കെതിരെ മാനനഷ്‌ടകേസ് ഫയൽ ചെയ്യുന്നത്. വർഷങ്ങളായി കെട്ടിക്കിടക്കുന്ന കേസിൽ ഒന്നിലധികം വാറണ്ടുകൾ പുറപ്പെടുവിച്ചിരുന്നു. 2022 ഏപ്രിലിൽ കോടതി ജാമ്യം ലഭിക്കാവുന്ന വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
അന്ന് രാഹുൽ ഗാന്ധി ഹാജരാകാതിരുന്നതിനെ തുടർന്ന് 2024 ഫെബ്രുവരിയിൽ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. തുടർന്ന് സിആർപിസി സെക്ഷൻ പ്രകാരം നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടു. എന്നാല്‍ കോടതി രാഹുലിന്‍റെ ആവശ്യം കോടതി തള്ളിയിരുന്നു.
പിന്നീട് അദ്ദേഹം ജാർഖണ്ഡ് ഹൈകോടതിയെ സമീപിക്കുകയായിരുന്നു. 2024 മാർച്ചിൽ ഹൈക്കോടതി രാഹുൽ ഗാന്ധിയുടെ ഹർജി തീർപ്പാക്കി. ഇതേതുടർന്ന് 2025 മെയ് 22 ന് ചൈബാസ കോടതി മറ്റൊരു ജാമ്യമില്ല വാറണ്ട് പുറപ്പെടുവിച്ചു. പിന്നീട് രാഹുൽ ഗാന്ധി കോടതിയുടെ ഉത്തരവ് പാലിച്ച് ഇന്ന് (ആഗസ്‌റ്റ് 6) കോടതിയിൽ നേരിട്ട് ഹാജരാവുകയും ജാമ്യം ലഭിക്കുകയുമായിരുന്നു. ഇനി കേസ് വിചാരണ ഘട്ടത്തിലേക്ക് കടക്കും.
















