അതിർത്തി ലംഘിച്ച് മത്സ്യബന്ധനം നടത്തിയെന്ന് ആരോപിച്ച് 14 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്‌ത് ശ്രീലങ്കൻ നാവികസേന. പാമ്പൻ സൗത്ത് മത്സ്യബന്ധന തുറമുഖത്ത് നിന്ന് മാരൻ എന്ന് പേരുള്ള മോട്ടോർ ബോട്ടിൽ മത്സ്യബന്ധനത്തിന് പോയ പത്ത് മത്സ്യത്തൊഴിലാളികളെ കടൽത്തീരത്തിന് സമീപം പിടികൂടി ശേഷം ഇവരെ പുട്ടലം നാവിക താവളത്തിലേക്ക് കൊണ്ടുപോയി.
പ്രാഥമിക ചോദ്യം ചെയ്യലിനുശേഷം മത്സ്യത്തൊഴിലാളികളെ പുട്ടലം ഫിഷറീസ് വകുപ്പിന് കൈമാറിയതായി ശ്രീലങ്കൻ നാവികസേന അറിയിച്ചു. സമാനമായി, മത്സ്യബന്ധനത്തിന് പോയ തിരുപ്പലൈക്കുടിയിൽ നിന്നുള്ള നാല് മത്സ്യത്തൊഴിലാളികളെയും ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്‌തു. ശ്രീലങ്കയിലെ കാങ്കേശൻ തുറമുഖത്തേക്ക് കൊണ്ടുപോയതിനുശേഷം ഇവരെ കോടതിയിൽ ഹാജരാക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
സമുദ്രാതിർത്തി ലംഘിച്ചുവെന്നാരോപിച്ച് ശ്രീലങ്കൻ നാവികസേന ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്യുന്നത് നിത്യ സംഭവമായി മാറുകയാണ്. ഈ വിഷയത്തിൽ നടപടിയാവശ്യപ്പെട്ട് തമിഴ്‌നാട് സർക്കാർ കേന്ദ്ര സർക്കാരിന്മേൽ സമ്മർദം ചെലുത്തുന്നുണ്ട്.
കഴിഞ്ഞ ഒന്നര മാസത്തിനിടെ 40-ലധികം ഇന്ത്യൻ മത്സ്യത്തൊഴിലാളികളെയാണ് അറസ്റ്റ് ചെയ്‌തത്. മത്സ്യബന്ധന ബോട്ടുകളും പിടിച്ചെടുത്തു. മുമ്പ് അറസ്റ്റിലായി ശ്രീലങ്കൻ ജയിലുകളിൽ കഴിയുന്ന മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്താനും കൂടുതൽ അറസ്റ്റ് തടയാനും സർക്കാർ ഇടപെടണമെന്ന് മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾ ആവശ്യപ്പെട്ടു.
തുടർച്ചയായ അറസ്റ്റ് കാരണം രാമേശ്വരത്തെ മത്സ്യത്തൊഴിലാളികൾ ആശങ്കാകുലരാണ്. ശ്രീലങ്കൻ ജയിലിൽ കഴിയുന്ന മത്സ്യത്തൊഴിലാളികളുടെ മോചനത്തിന് വേണ്ടിയുള്ള നടപടിയാവശ്യപ്പെട്ട് രംഗത്ത് വന്നിരിക്കുകയാണ് തമിഴ്‌നാട് സർക്കാരും മത്സ്യത്തൊഴിലാളികളുടെ കുടുംബാംഗങ്ങളും. ഉടനടി നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷ.
















