പോസ്റ്റ്-അപ്പോക്കലിപ്റ്റിക് സോംബി സീരിസ് ആയ “ദി വാക്കിംഗ് ഡെഡ്”, ‘ഷിക്കാഗോ മെഡ്’ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തയായ നടി കെല്ലി മാക്ക് അന്തരിച്ചു. 33 വയസ്സ് ആയിരുന്നു. അപൂർവമായ ബ്രെയിൻ ട്യൂമർ ആയിരുന്നു നടിയെ ബാധിച്ചിരിടുന്നത്. പരസ്യ ചിത്രങ്ങളിലൂടെ അവർ അഭിനയ ജീവിതം ആരംഭിച്ചത്.
കേന്ദ്ര നാഡീവ്യൂഹത്തെ ബാധിക്കുന്ന ഗ്ലിയോമ എന്ന രോഗവുമായുള്ള പോരാട്ടത്തിനൊടുവിൽ ശനിയാഴ്ചയായിരുന്നു അന്ത്യമെന്ന് കുടുംബം പങ്കുവെച്ച പ്രസ്താവനയിൽ പറയുന്നു. കെയറിംഗ് ബ്രിഡ്ജ് വെബ്സൈറ്റിലൂടെയാണ് അവർ ഇക്കാര്യം അറിയിച്ചത്. “ഞങ്ങളുടെ പ്രിയപ്പെട്ട കെല്ലിയുടെ വിയോഗവാർത്ത അഗാധമായ ദുഃഖത്തോടെ ഞങ്ങൾ അറിയിക്കുന്നു. തിളക്കമേറിയതും ആവേശഭരിതവുമായ ഒരു പ്രകാശം മറ്റൊരു ലോകത്തേക്ക് യാത്രയായിരിക്കുന്നു, നാമെല്ലാവരും ഒടുവിൽ പോകേണ്ട ഒരിടത്തേക്ക്,” മാക്കിന്റെ സഹോദരി കാതറിൻ ക്ലെബെനോ പറഞ്ഞു. കെല്ലിയുടെ മരണസമയത്ത് അമ്മ ക്രിസ്റ്റനും ആന്റിയായ കാരനും സമീപത്തുണ്ടായിരുന്നു. വാക്കുകൾക്ക് വിവരിക്കാനാവാത്ത വിധം അവളുടെ അഭാവം തങ്ങളെ വേദനിപ്പിക്കുമെന്നും കാതറിൻ കൂട്ടിച്ചേർത്തു.
ഓഗസ്റ്റ് 16-ന് ഒഹായോയിലെ ഗ്ലെൻഡേലിൽ വെച്ച് കെല്ലിയുടെ ഓർമ്മയ്ക്കായി ഒരു അനുസ്മരണ ചടങ്ങ് നടത്തുമെന്നും, പിന്നീട് ലോസ് ആഞ്ചലിസിലും സമാനമായൊരു ചടങ്ങ് സംഘടിപ്പിക്കുമെന്നും കുടുംബം അറിയിച്ചു. നാഡികളുടെ പ്രവർത്തനത്തെയും കേന്ദ്ര നാഡീവ്യൂഹത്തെയും പിന്തുണയ്ക്കുന്ന ഗ്ലിയൽ കോശങ്ങൾ അനിയന്ത്രിതമായി വളരുമ്പോൾ ഉണ്ടാകുന്ന ഒരുതരം ട്യൂമറാണ് ഗ്ലിയോമയെന്ന് ക്ലീവ്‌ലാൻഡ് ക്ലിനിക്ക് വിശദീകരിച്ചു. ഗ്ലിയോമകൾ സാധാരണയായി തലച്ചോറിലാണ് വളരുന്നതെങ്കിലും, അവ സുഷുമ്നാ നാഡിയിലും ഉണ്ടാകാമെന്നും അവർ വ്യക്തമാക്കി.
കെല്ലി ലിൻ ക്ലെബെനോ എന്നാണ് കെല്ലി മാക്കിന്റെ യഥാർത്ഥ പേര്. ‘ദ വാക്കിംഗ് ഡെഡി’ന്റെ ഒമ്പതാം സീസണിൽ ആഡി എന്ന കഥാപാത്രത്തെയാണ് കെല്ലി മാക്ക് അവതരിപ്പിച്ചത്. നിരവധി പരസ്യങ്ങളിലും ടെലിവിഷൻ പരിപാടികളിലും അഭിനയിച്ചിട്ടുണ്ടെങ്കിലും, ‘ഷിക്കാഗോ മെഡി’ന്റെ എട്ടാം സീസണിലെ പെനലോപ് ജേക്കബ്സ് എന്ന കഥാപാത്രമായിരുന്നു അവരുടേതായി ഏറ്റവും ശ്രദ്ധിക്കപ്പെട്ടത്. ആസ്ട്രോസൈറ്റോമയുടെ അപൂർവവും ഗുരുതരവുമായ രൂപമായ ഡിഫ്യൂസ് മിഡ്‌ലൈൻ ഗ്ലിയോമ തനിക്ക് സ്ഥിരീകരിച്ചതായി ഈ ജനുവരിയിൽ മാക്ക് വെളിപ്പെടുത്തിയിരുന്നു.
















