ഉത്തരകാശിയിലെ മിന്നൽ പ്രളയത്തിൽ കാണാതായ മലയാളികൾ സുരക്ഷിതർ. ഗംഗോത്രിക്ക് സമീപം കുടുങ്ങിയ ഇവരെ രക്ഷാപ്രവർത്തന സംഘം കണ്ടെത്തുകയായിരുന്നു . നിലവിൽ ഇവരെ ഇൻഡോ-ടിബറ്റൻ ബോർഡർ പൊലീസിന്റെ (ഐടിബിപി) ക്യാമ്പിലേക്ക് മാറ്റിയിട്ടുണ്ട്.
തീർഥാടന ടൂർ പാക്കേജിൽ 28 മലയാളികളികളാണ് ഡൽഹിയിൽ നിന്നും ഡെറാഡൂണിലേക്കും അവിടെ നിന്ന് ഉത്തരാഖണ്ഡിലേക്കും യാത്ര തിരിച്ചത്. ഇതിൽ 20 പേർ മുംബൈ മലയാളികളും എട്ടു പേർ കേരളത്തിൽ നിന്നുള്ളവരുമാണ്. കേരളത്തിൽ നിന്നുള്ളവർ കൊച്ചി, കായംകുളം , തിരുവനന്തപുരം എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്. ഇവരെല്ലാവരും അടുത്ത ബന്ധുക്കളുമാണ്. ഇവർ സുരക്ഷിതരായിരിക്കുമെന്നും ബന്ധപ്പെടാൻ കഴിയാത്തത് വിനിയമ സംവിധാനങ്ങൾ തകരാറിലായതു കൊണ്ടാണെന്നും ടൂർ ഓപ്പറേറ്റേഴ്‌സ് ബന്ധുക്കളെ അറിയിച്ചു.
മിന്നല്‍ പ്രളയത്തില്‍ എഴുപതോളം ആളുകളെയാണ് ഇതുവരെ ആകെ കാണാതായത്. സൈന്യം, എൻഡിആർഎഫ്, എസ്‍ഡിആർഎഫ്, ഐടിബിപി തുടങ്ങിയ സേനകളെ സംഭവ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. ഇവരാണ് രക്ഷാ ദൗത്യത്തിന് നേതൃത്വം നൽകുന്നത്. ഇന്ത്യന്‍ സൈന്യം, സംസ്ഥാന ദുരന്ത നിവാരണ സേന (SDRF), ദേശീയ ദുരന്ത നിവാരണ സേന (NDRF), തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവരുടെ നേതൃത്വത്തിൽ രക്ഷാ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
മേഖലയിൽ കാണാതായ 9 സൈനികർക്കായുള്ള തെരച്ചിലും ഊർജിതമാണ്. പ്രദേശത്തെ സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ടെന്നും ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ടെന്നും ഉത്തരാഖണ്ഡ് സർക്കാർ അറിയിച്ചു















