പട്ന: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പേരിൽ ബിഹാറിൽ താമസ സർട്ടിഫിക്കറ്റിന് അപേക്ഷ. ബിഹാറിൽ വോട്ടർപട്ടിക സംബന്ധിച്ച വിവാദങ്ങൾ കനക്കുന്നതിനിടെ ആണ് വ്യാജ താമസ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊണ്ട് അപേക്ഷ വന്നത്. സമസ്തപുർ ജില്ലയിലെ പടോരി സബ്ഡിവിഷനിലെ മൊഹിയുദ്ദീൻ ബ്ലോക്കിൽ നിന്നാണ് താമസ സർട്ടിഫിക്കറ്റിനായി ഓൺലൈൻ മുഖേനെ വ്യാജ അപേക്ഷ ലഭിച്ചത്.
ഹസൻപുർ ഗ്രാമത്തിലെ താമസക്കാരനാണ് താനെന്നും താമസ സർട്ടിഫിക്കറ്റ് വേണമെന്നുമാണ് ആവശ്യം. ജൂലൈ 29-നാണ് അപേക്ഷ ലഭിച്ചത്. ആധാർ കാർഡ് നമ്പർ അടക്കമാണ് അപേക്ഷ. എന്നാൽ, ഇത് വ്യാജമെന്ന് കണ്ടെത്തിയതിനെത്തുടർന്ന് തള്ളിയതായി ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. ട്രംപിന്റെ പിതാവിന്റെ പേരിന്റെ സ്ഥാനത്ത് ഫ്രെഡറിക് ക്രൈസ്റ്റ് ട്രംപ് എന്നും മാതാവിന്റെ പേര് മേരി ആനി മക്ലിയോഡ് എന്നും രേഖ,പ്പെടുത്തിയിട്ടുണ്ട്. 1946 ജൂൺ 10-നാണ് ജനനത്തീയതി രേഖപ്പെടുത്തിയിരിക്കുന്നത്. പുരുഷനാണെന്നും രേഖപ്പെടുത്തിയിട്ടുണ്ട്.
ഡോണാൾഡ് ട്രംപിന്റെ ഫോട്ടോ അടക്കമാണ് അപേക്ഷ സമർപ്പിച്ചിരിക്കുന്നത്. അതേസമയം, ആധാർ കാർഡിലെ നമ്പറുകൾ മറ്റാരുടേയോ കാർഡിലെ നമ്പറുകൾ തിരുത്തിയാണ് നൽകിയിരിക്കുന്നത്. പതിമൂന്നാം വാർഡ്, ബക്കർപുർ, പി.ഒ. മൊഹിയുദ്ദീൻ നഗർ, സമസ്തിപുർ, ബിഹാർ എന്ന വിലാസത്തിൽ താമസ സർട്ടിഫിക്കറ്റ് വേണമെന്നാണ് അപേക്ഷയിലെ ആവശ്യം. സർക്കാർ സംവിധാനത്തെ പരിഹസിക്കുന്നതിനായി ബോധപൂർവ്വം നടത്തിയ ശ്രമമാണിതെന്നാണ് ഉദ്യോഗസ്ഥർ സംശയിക്കുന്നത്. വിഷയം ഗൗരവമായി എടുക്കുന്നുവെന്നും കൂടുതൽ അന്വേഷണത്തിനായി സൈബർ പോലീസിലേക്ക് റഫർ ചെയ്തിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിഹാറിൽ ഇത്തരത്തിൽ നിരവധി വ്യാജ അപേക്ഷകൾ ലഭിക്കുന്നുണ്ടെന്നാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.
















