വികസനമെന്നാല്‍ റോഡുകളും പാലങ്ങളും ബഹുനില മന്ദിരങ്ങളും മാത്രമല്ലെന്നും പ്രാണവായുവിന്റെ ശുദ്ധീകരണം ലക്ഷ്യമിട്ടുള്ള കാര്‍ബണ്‍ ന്യൂട്രല്‍ കാട്ടാക്കട പ്രൊജക്ട് ഒരു നാടിന്റെ ഭാവിക്കായുള്ള ഏറ്റവും വലിയ പദ്ധതിയാണെന്നും കൃഷിമന്ത്രി പി. പ്രസാദ് പറഞ്ഞു. കാട്ടാക്കട മണ്ഡലത്തിലെ ആറു ഗ്രാമ പഞ്ചായത്തുകളിലെയും, 5 സാമൂഹിക സാമ്പത്തിക മേഖലകളിലെയും കാര്‍ബണ്‍ ബഹിര്‍ഗമനത്തെക്കുറിച്ച് ശാസ്ത്രീയമായി പഠിച്ച് തയ്യാറാക്കിയ രണ്ടാമത്തെ കാര്‍ബണ്‍ ഓഡിറ്റ് റിപ്പോര്‍ട്ട് പ്രകാശനം ചെയ്യുകയായിരുന്നു മന്ത്രി.
കഴിഞ്ഞദിവസം മിന്നല്‍പ്രളയവും ഉരുള്‍പൊട്ടലും നേരിട്ട ഉത്തരാഖണ്ഡ് ഒറ്റപ്പെട്ട സംഭവമല്ല. ഒരു അപകടവും രോഗവും നമ്മളെ ബാധിക്കില്ല എന്നതാണ് മലയാളികളുടെ ചിന്താഗതി. ഓഖിയും മുണ്ടക്കൈ ദുരന്തവും ഈ ചിന്താഗതി മാറ്റിമറിച്ചു.
പരിസ്ഥിതിയുടെ രാഷ്ട്രീയത്തെയാണ് കാര്‍ബണ്‍ ന്യൂട്രല്‍ കാട്ടാക്കട പദ്ധതിയിലൂടെ ഐ.ബി. സതീഷ് എം.എല്‍.എ മുന്നോട്ടുവച്ചത്. അനിയന്ത്രിതമായ ചൂഷണത്തിനെതിരായ രാഷ്ട്രീയമാണിത്. കാര്‍ബണ്‍ഡൈ ഓക്‌സൈഡ് പോലുള്ള ഹരിതഗൃഹവാതകങ്ങള്‍ അന്തരീക്ഷത്തില്‍ അമിതമായി പുറന്തള്ളപ്പെടുന്ന സാഹചര്യത്തില്‍ ഈ കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുക എന്നത് ഒരു
രാഷ്ട്രീയപ്രവര്‍ത്തനവും വികസനപ്രവര്‍ത്തനവുമായി കണക്കാക്കുന്നു എന്നതാണ് ഐ.ബി സതീഷിന്റെയും കാട്ടാക്കട മണ്ഡലത്തിന്റെയും പ്രത്യേകതയെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് സി.ഡബ്ല്യു.ആര്‍.ഡി.എം സയന്റിസ്റ്റ് ഡോ. ശ്രുതി കെ.വി. കാര്‍ബണ്‍ ഓഡിറ്റ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഐ.ബി സതീഷ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. കില ഡയറക്ടര്‍ ജനറല്‍ നിസാമുദ്ദീന്‍ ഐ.എ.എസ്, സി.ഡബ്ല്യു.ആര്‍.ഡി.എം ഡയറക്ടര്‍ ഡോ. മനോജ് പി സാമുവല്‍, ഭൂവിനിയോഗ വകുപ്പ് ഓഫീസര്‍ സജു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാര്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ വിളപ്പില്‍ രാധാകൃഷ്ണന്‍, നേമം ബ്ലോക്ക്
പ്രസിഡന്റ് എസ്.കെ. പ്രീജ, കാട്ടാക്കട പഞ്ചായത്ത് പ്രസിഡന്റ് കെ. അനില്‍കുമാര്‍, മാറനെല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എ. സുരേഷ്‌കുമാര്‍, പള്ളിച്ചല്‍ പഞ്ചായത്ത് പ്രസിഡന്റ് കെ. രാകേഷ്, മലയിന്‍കീഴ് പഞ്ചായത്ത് പ്രസിഡന്റ് എ. വത്സലകുമാരി, വിളവൂര്‍ക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് ടി. ലാലി മുരളി, വിളപ്പില്‍ പഞ്ചായത്ത് പ്രസിഡന്റ് ലില്ലി മോഹന്‍ ആര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
CONTENT HIGH LIGHTS; Carbon neutral forest, the biggest project for the future of the country: Agriculture Minister P. Prasad
















