കാട്ടാക്കട നിയോജക മണ്ഡലത്തിലെ കാര്‍ബണ്‍ ബഹിര്‍ഗമനത്തില്‍ 46.75% കുറവ് ഉണ്ടായതായി രണ്ടാം കാര്‍ബണ്‍ ഓഡിറ്റ് റിപ്പോര്‍ട്ട്. കാട്ടാക്കട മണ്ഡലത്തിലെ ആറു ഗ്രാമ പഞ്ചായത്തുകളിലെയും, 5 സാമൂഹിക സാമ്പത്തിക മേഖലകളിലെയും കാര്‍ബണ്‍ ബഹിര്‍ഗമനത്തെക്കുറിച്ച് ശാസ്ത്രീയമായി പഠിച്ച് തയ്യാറാക്കിയ രണ്ടാമത്തെ കാര്‍ബണ്‍ ഓഡിറ്റ് റിപ്പോര്‍ട്ട് കൃഷിമന്ത്രി പി. പ്രസാദ് പ്രകാശനം ചെയ്തു. രാജ്യത്ത് ആദ്യമായിട്ടാണ് ഒരു നിയോജക മണ്ഡലത്തില്‍ രണ്ടാമതും ഓഡിറ്റ് നടത്തി പ്രവര്‍ത്തന പുരോഗതി വിലയിരുത്തുന്നത്.
കാട്ടാക്കട കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുന്നതില്‍ ശ്രദ്ധേയമായ പുരോഗതി രേഖപ്പെടുത്തിയെങ്കിലും കാട്ടാക്കട നിയോജക മണ്ഡലം ഇപ്പോഴും കാര്‍ബണ്‍ പോസിറ്റീവ് എന്ന നിലയില്‍ തന്നെ തുടരുകയാണെന്നും നിയോജകമണ്ഡലത്തിലെ ആറ് ഗ്രാമപഞ്ചായത്തുകളിലും അധിക കാര്‍ബണ്‍ ബഹിര്‍ഗമനമാണുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സൌരോര്‍ജ്ജ പദ്ധതി, മാലിന്യ മുക്തം കാട്ടാക്കട പദ്ധതി, ഫലവൃക്ഷത്തോട്ടങ്ങള്‍, ജലസമൃദ്ധി പദ്ധതി എന്നിവയുമായി ബന്ധപ്പെട്ടാണ് ഏറ്റവും ഗണ്യമായ കുറവുണ്ടായിരിക്കുന്നത്.
കോഴിക്കോട് ആസ്ഥാനമായുള്ള ജലവിഭവ വിനിയോഗ കേന്ദ്രത്തിന്റെ (Centre for Water Resoruces Development & Management) തിരുവനന്തപുരം റീജിയണല്‍ സെന്ററിലെ ഡോ. ശ്രുതി കെയുടെ നേതൃത്വത്തിലുള്ള സംഘമാണ് കാട്ടാക്കട മണ്ഡലത്തിലെ ഓഡിറ്റ് പൂര്‍ത്തീകരിച്ചത്. Intergovernmental Panel on Climate Change (IPCC) 2006, 2019 മാനദണ്ഡങ്ങള്‍ പാലിച്ചാണിത്. പ്രകൃതിദത്ത ആഗിരണ മാര്‍ഗങ്ങളിലൂടെയുള്ള കാര്‍ബണ്‍ ആഗിരണം 16.1 ശതമാനമാണ്. ആറ് പഞ്ചായത്തുകളും കാര്‍ബണ്‍ ആഗിരണത്തില്‍ പുരോഗതി പ്രകടമാക്കി. മെച്ചപ്പെട്ട വിളഭൂമി ഉല്‍പ്പാദനക്ഷമതയും ജലസമൃദ്ധി പദ്ധതിക്ക് കീഴിലുള്ള ഇടപെടലുകളും മൂലം കാട്ടാക്കട ഗ്രാമപഞ്ചായത്ത് കാര്‍ബണ്‍ ആഗിരണത്തില്‍ 221 ശതമാനം വര്‍ദ്ധനവ് രേഖപ്പെടുത്തി മുന്നിലെത്തി.
മാറനല്ലൂരും മലയിന്‍കീഴും തൊട്ടുപിന്നിലുണ്ട്. റംബൂട്ടാന്‍ അടക്കം കൃഷിയിട തോട്ടങ്ങള്‍ വര്‍ധിച്ചതും ജലസമൃദ്ധി പദ്ധതിയില്‍ ഏറ്റെടുത്ത മറ്റ് പ്രവര്‍ത്തനങ്ങളുമാണ് ഈ നേട്ടത്തിന് പിന്നില്‍. സ്ഥാപനാടിസ്ഥാനത്തില്‍ നടത്തിയ ഇടപെടലുകളിലൂടെയും സാമൂഹികമായി നടത്തിയ പ്രവര്‍ത്തനങ്ങളുടെയും ഫലമായി 2.2 ശതമാനം കുറവ് ഉണ്ടാക്കാനായിട്ടുണ്ട്. ഇതില്‍ സോളാര്‍ പദ്ധതിയുടെ പങ്ക് മൊത്തം കുറവിന്റെ 39.2 ശതമാനവും മാലിന്യമുക്തം കാട്ടാക്കടയുടെ പങ്ക് മൊത്തം കുറവിന്റെ 60 ശതമാനവും ആണ്. കാര്‍ബണ്‍ ന്യൂട്രാലിറ്റി ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനുള്ള നിരവധി ശുപാര്‍ശകളും റിപ്പോര്‍ട്ടിലുണ്ട്. നിലവിലുള്ള സംരംഭങ്ങളെ സുസ്ഥിരമാക്കുകയും വികസിപ്പിക്കുകയും ചെയ്യുക, സൌരോര്‍ജ്ജ പദ്ധതിയില്‍ കൂടുതല്‍ വീടുകളെയും സ്ഥാപനങ്ങളെയും ഉള്‍പ്പെടുത്തുക, മാലിന്യ മുക്തം കാട്ടാക്കടയെ ശക്തിപ്പെടുത്തുക, ഗതാഗത മേഖലയിലെ മലിനീകരണം
കുറക്കുന്നതിനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കുക, പൊതു, മുനിസിപ്പല്‍ ഗതാഗതത്തെ വൈദ്യുതീകരിക്കുക, 2025 മുതല്‍ സീറോ-എമിഷന്‍ ബസുകള്‍, ടാക്‌സികള്‍, മുനിസിപ്പല്‍ വാഹനങ്ങള്‍ എന്നിവ മാത്രം വാങ്ങുന്നതിന് നിര്‍ബന്ധിതമാക്കുക, എല്ലാ പഞ്ചായത്തുകളിലും ഇ.വി ചാര്‍ജിംഗ് അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മ്മിക്കുകയും വികസിപ്പിക്കുകയും ചെയ്യുക, ഇ.വി ഉപയോഗം വര്‍ധിപ്പിക്കുന്നതിന് പ്രോത്സാഹന പദ്ധതികള്‍ അവതരിപ്പിക്കുക, സുസ്ഥിര മൊബിലിറ്റി പ്രോത്സാഹിപ്പിക്കുക, മൊബൈല്‍ ആപ്പുകളിലൂടെയും പൊതു പദ്ധതികളിലൂടെയും ഇ-ബൈക്കുകള്‍, ഷെയര്‍ മൊബിലിറ്റി, മോട്ടോറൈസ് ചെയ്യാത്ത ഗതാഗതം (NMT) എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് ക്യാമ്പയിനുകള്‍ ആരംഭിക്കുക തുടങ്ങിയ ശുപാര്‍ശകള്‍ റിപ്പോര്‍ട്ട് മുന്നോട്ട് വയ്ക്കുന്നു.
CONTENT HIGH LIGHTS; Carbon emissions in Kattakada have been reduced by 46.75 percent, according to a report: This is the first time in the country that a second audit is being conducted in a constituency to assess progress.
















