ചലച്ചിത്രതാരം ശ്വേതാ മേനോനെതിരെ കേസെടുത്ത് പൊലീസ്. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് നടപടി. അമ്മ തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിനിടെയാണ് നഗ്നതാ പ്രചരണത്തിലൂടെ സാമ്പത്തിക ലാഭം നേടിയെന്ന് ചൂണ്ടിക്കാട്ടി സ്വകാര്യവ്യക്തി പരാതി നല്‍കിയത്. മാര്‍ട്ടിന്‍ മേനാച്ചേരി എന്ന പൊതുപ്രവര്‍ത്തകനാണ് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്.
സിനിമകളുടെ പേരടക്കം ചൂണ്ടിക്കാട്ടിയാണ് പരാതി. ശ്വേതാ മേനോന്‍ അഭിനയിച്ച പാലേരി മാണിക്യം, രതിനിര്‍വേദം, കളിമണ്ണ് എന്നിങ്ങനെയുള്ള ചിത്രങ്ങളെല്ലാം ചൂണ്ടിക്കാട്ടിയാണ് പരാതിക്കാരന്‍ കോടതിയെ സമീപിച്ചത്. അനാശാസ്യ നിരോധന നിയമപ്രകാരവും ഐടി ആക്ട് പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്. പ്രതികരിക്കാനില്ലെന്ന് ശ്വേത മേനോന്‍ വ്യക്തമാക്കി. കേസ് വഴിയേ നടക്കട്ടെ എന്നായിരുന്നു പ്രതികരണം.
STORY HIGHLIGHT : Case against Shweta Menon
















