കൊച്ചി: നടി ശ്വേതാ മേനോനെതിരെ വിചിത്ര പരാതിയിൽ എടുത്ത കേസിൽ എഫ്ഐആർ റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാൻ താരം. അശ്ലീല ചിത്രത്തിലൂടെ പണം സമ്പാദിച്ചെന്ന പരാതിയിലെടുത്ത എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹൈകോടതിയെ സമീപിക്കുന്നത്. അമ്മ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കാൻ ഒരാഴ്ച മാത്രം ബാക്കി നിൽക്കേ ഉയർന്ന പരാതിയും കേസും ഗൂഡലക്ഷ്യത്തോടെയാണെന്നാണ് ശ്വേതയുടെ വാദം. കേസിന് പിന്നിൽ അമ്മയ്ക്കുള്ളിൽ നിന്ന് തന്നെ ആരെങ്കിലും ഉണ്ടോ എന്നത് പോലും സംശയിക്കുന്നു. വൈകാതെ നിലപാട് വ്യക്തമാക്കി ശ്വേത മാധ്യമങ്ങളിൽ വരാനും സാധ്യതയുണ്ട്. അശ്ലീല ചിത്രങ്ങളില്‍ അഭിനയിച്ച് പണം സമ്പാദിച്ചെന്ന പേരിലാണ് പരാതി.
എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ നിര്‍ദ്ദേശപ്രകാരം സെന്‍ട്രല്‍ പൊലീസ് ആണ് ശ്വേതയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. നിലവിൽ എറണാകുളം സെൻട്രൽ പൊലീസ് എടുത്ത കേസിൽ ശ്വേതാ മേനോനെതിരെ അനാശാസ്യം തടയൽ നിയമപ്രകാരവും ഐടി നിയമപ്രകാരവുമാണ് കേസെടുത്തത്.
പൊതുപ്രവർത്തകനായ മാർട്ടിൻ മേനാച്ചേരിയുടെ പരാതിയിലാണ് കേസ്. ഐടി നിയമത്തിലെ 67 (എ) വകുപ്പ് പ്രകാരവും അനാശാസ്യ പ്രവര്‍ത്തന നിരോധന നിയമ പ്രകാരവുമാണ് കേസ്. എന്നാല്‍ ശ്വേത മേനോന്‍ അഭിനയിച്ച മലയാള ചിത്രങ്ങളും ഒരു ഗര്‍ഭനിരോധന ഉറയുടെ പരസ്യവുമാണ് പരാതിക്കാരന്‍ കേസിനായി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ശ്വേതാ മേനോന്‍ നേരത്തെ അഭിനയിച്ച ചിത്രങ്ങളില്‍ എല്ലാം രംഗങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പരാതി. സെന്‍സര്‍ ചെയ്ത് ഇറങ്ങിയ രതിനിര്‍വേദം, പാലേരി മാണിക്യം, ശ്വേത നേരത്തെ അഭിനയിച്ച ഗര്‍ഭനിരോധന ഉറയുടെ പരസ്യം, പ്രസവം ചിത്രീകരിച്ച കളിമണ്ണ് എന്നിങ്ങനെയുള്ള സിനിമയുടെ നീണ്ടനിരയാണ് പരാതിയിലുള്ളത്.
















