ന്യൂഡൽഹി: യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് താരിഫ് ഉയർത്തിയതിന് പിന്നാലെ വിഷയത്തിൽ നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. കർഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും ക്ഷീരകർഷകരുടെയും താൽപര്യങ്ങളിൽ ഇന്ത്യ ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ല. ഇതിന് വ്യക്തിപരമായി വലിയ വില നൽകേണ്ടിവരുമെന്ന് എനിക്കറിയാം. പക്ഷേ അതിന് തയ്യാറാണ് എന്നും അദ്ദേഹം പറഞ്ഞു.
ഡൽഹിയിൽ എം.എസ് സ്വാമിനാഥൻ സെനിറ്ററി ഇന്റർനാഷണൽ കോൺഫറൻസിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മോദി. കർഷകരുടെ താൽപര്യങ്ങൾക്കാണ് നമ്മൾ ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുന്നത്. കർഷകർ, കന്നുകാലി വളർത്തുന്നവർ, മത്സതൊഴിലാളികൾ എന്നിവരുടെ താൽപര്യങ്ങൾ ഉയർത്തിപിടിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇതിന് കനത്ത വില നൽകേണ്ടി വരുമെന്ന് തനിക്കറിയാം.
ഇന്ത്യ അതിന് തയാറാണെന്നും മോദി കൂട്ടിച്ചേർത്തു.ഇന്ത്യക്കുള്ള തീരുവ 50 ശതമാനമായി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഉയർത്തിയിരുന്നു. നേരത്തേ പ്രഖ്യാപിച്ച 25 ശതമാനം പകരച്ചുങ്കത്തിനു പുറമേ, റഷ്യൻ എണ്ണ വാങ്ങുന്നതിനു പിഴയായി 25 ശതമാനം കൂടി അധിക തീരുവ ചുമത്തുന്ന എക്സിക്യുട്ടിവ് ഉത്തരവിൽ ട്രംപ് ഒപ്പുവെച്ചു. അമേരിക്കയിലേക്കുള്ള ഇന്ത്യൻ കയറ്റുമതിക്ക് തീരുമാനം കനത്ത തിരിച്ചടിയാകും.
ആഗസ്റ്റ് രണ്ടിന് പ്രഖ്യാപിച്ച പകരച്ചുങ്കം നടപ്പാക്കുന്നത് മൂന്നുതവണ മാറ്റിവെച്ചശേഷം വ്യാഴാഴ്ച പ്രാബല്യത്തിൽ വരാനിരിക്കേയാണ് ട്രംപിെന്റ നടപടി. 25 ശതമാനം പകരച്ചുങ്കം വ്യാഴാഴ്ച നിലവിൽ വരുമെങ്കിലും പിഴയായി ചുമത്തിയ 25 ശതമാനം അധിക തീരുവ 21 ദിവസത്തിനുശേഷമായിരിക്കും പ്രാബല്യത്തിൽ വരുക.
ഇന്ത്യക്കെതിരെ 24 മണിക്കൂറിനുള്ളിൽ അധികതീരുവ ചുമത്തുമെന്ന് ട്രംപ് ചൊവ്വാഴ്ച പ്രഖ്യാപിച്ചിരുന്നു. അമേരിക്കൻ ഉൽപന്നങ്ങൾക്ക് ഉയർന്ന തീരുവ ഈടാക്കുന്നതിനാൽ ഇന്ത്യയുമായി വ്യാപാരം നടത്താനാകുന്നില്ലെന്നാണ് ട്രംപിെന്റ ആരോപണം. യുക്രെയ്നുമായി യുദ്ധം തുടരുന്ന റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നതിനാൽ ഇന്ത്യക്കെതിരെ തീരുവക്ക് പുറമേ, പിഴയും ചുമത്തുമെന്ന് ട്രംപ് കഴിഞ്ഞയാഴ്ച അറിയിച്ചിരുന്നു.
















