ഹൈദരാബാദ്: നടൻ അല്ലു അർജുൻ നായകനായ ‘പുഷ്പ-2’ എന്ന സിനിമയുടെ പ്രദർശനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിച്ച സംഭവത്തിൽ തെലങ്കാന സർക്കാറിന് കാരണം കാണിക്കൽ നോട്ടീസ് അയച്ച് മനുഷ്യാവകാശ കമീഷൻ. തെലങ്കാന ചീഫ് സെക്രട്ടറിക്കും ഹൈദരാബാദ് പൊലീസ് കമീഷണർക്കുമാണ് കമീഷൻ കാരണം കാണിക്കൽ നോട്ടീസ് അയച്ചിരിക്കുന്നത്.
പൊലീസ് സമർപ്പിച്ച റിപ്പോർട്ടിൽ ദേശീയ മനുഷ്യാവകാശ കമീഷൻ (എൻ.എച്ച്.ആർ.സി) അതൃപ്തി രേഖപ്പെടുത്തി. കേസിൽ നിഷ്പക്ഷമായ അന്വേഷണം നടത്തി ആറ് ആഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ കമീഷൻ പൊലീസ് കമീഷണറോട് നിർദ്ദേശിച്ചിട്ടുണ്ട്.
വലിയൊരു ജനക്കൂട്ടം ഒത്തുകൂടിയിട്ടും മതിയായ സുരക്ഷ ഒരുക്കുന്നതിൽ പൊലീസ് സംവിധാനം അശ്രദ്ധ കാണിച്ചതായി കാണപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി എൻ.എച്ച്.ആർ.സി അതൃപ്തി പ്രകടിപ്പിച്ചു. സംഭവത്തിൽ ജീവൻ നഷ്ടപ്പെട്ട ഹൈദരാബാദ് സ്വദേശിനി രേവതിയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിടാത്തത് എന്തുകൊണ്ടാണെന്ന് കമീഷൻ ചോദിച്ചു.
ഡിസംബർ നാലിന് രാത്രി ഹൈദരാബാദിലെ സന്ധ്യ തിയറ്ററിലായിരുന്നു അപകടമുണ്ടായത്. പുഷ്പ 2 റിലീസിനോടനുബന്ധിച്ച് അല്ലുഅർജുനും സംഗീത സംവിധായകൻ ശ്രീപ്രസാദും തിയറ്ററിൽ എത്തിയിരുന്നു. അല്ലു അർജുനെ കാണാൻ ജനങ്ങൾ ഇരച്ചുകയറിയതോടെയാണ് തിക്കിലും തിരക്കിലും പെട്ട് അപകടമുണ്ടായത്. ജനക്കൂട്ടത്തെ നിയന്ത്രിക്കാവാതെ വന്നതോടെ പൊലീസ് ലാത്തിവീശിയാണ് ജനങ്ങളെ പിരിച്ചുവിട്ടത്.
















