മാധ്യമങ്ങള്‍ സ്വതന്ത്രവും ശക്തവുമായി നിലനില്‍ക്കണമെന്നതാണ് കേരളത്തിന്റെ നിലപാടെന്നും അതിന് പരമാവധി പിന്തുണ സര്‍ക്കാര്‍ നല്‍കുമെന്നും ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാല്‍. മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇന്ത്യയില്‍ ഏറ്റവും സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ഒരിടം കേരളമാണ്. കേരളത്തില്‍ ചെറിയ കാര്യങ്ങള്‍ പോലും വലിയ പ്രാധാന്യത്തോടെ അവതരിപ്പിക്കാന്‍ മാധ്യമങ്ങള്‍ക്ക് അവസരം ലഭിക്കാറുണ്ട്.ഈ സ്വാതന്ത്ര്യത്തെ ആരും തടയില്ല. കേരള മീഡിയ അക്കാദമി സംഘടിപ്പിച്ച പ്രതിഭാസംഗമവും ഫെലോഷിപ്പ് വിതരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
മറ്റെല്ലാ മേഖലകളെയും പോലെ,പത്രങ്ങളും ടെലിവിഷനുകളും ഉള്‍പ്പെടുന്ന മാധ്യമരംഗം ഇന്ന് സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ട്. കോവിഡിന് ശേഷം ഈ പ്രശ്നം കൂടുതല്‍ രൂക്ഷമായി. പ്രിന്റ് മീഡിയയുടെ കോപ്പി വില്‍പ്പന സോഷ്യല്‍ മീഡിയയുടെ കടന്നുവരവോടെ ഗണ്യമായി കുറഞ്ഞു. പരസ്യങ്ങളും മറ്റ് ധനസഹായങ്ങളും വര്‍ദ്ധിപ്പിച്ചും കുടിശ്ശികകള്‍ കൃത്യമായി നല്‍കിയും മാധ്യമങ്ങളെ പരമാവധി സഹായിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്.
ഈ വര്‍ഷത്തെ ബജറ്റില്‍ പരസ്യങ്ങള്‍ക്കായി നീക്കിവെച്ച തുക പൂര്‍ണ്ണമായും ആദ്യ പാദത്തില്‍ തന്നെ മാധ്യമങ്ങള്‍ക്ക് നല്‍കിയിരുന്നു. മാധ്യമങ്ങള്‍ നിലനിന്നാല്‍ മാത്രമേ മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവര്‍ത്തിക്കാനാകൂ എന്നും,അവര്‍ നന്നായി പ്രവര്‍ത്തിച്ചാല്‍ മാത്രമേ ജനാധിപത്യം ശക്തിപ്പെടുകയുള്ളൂ എന്നും മന്ത്രി പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളില്‍ പത്രപ്രവര്‍ത്തകരെ തടഞ്ഞുവയ്ക്കുന്നതും കേസുകളില്‍ പെടുത്തുന്നതും ജയിലില്‍ അടയ്ക്കുന്നതും ഉണ്ടാകാറുണ്ട്. കാര്‍ട്ടൂണ്‍ വരച്ചതിന്റെ പേരില്‍ പോലും അറസ്റ്റ് ചെയ്യപ്പെടുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. കാര്‍ട്ടൂണ്‍ വരയ്ക്കുന്നതിന്റെയും വിമര്‍ശിക്കുന്നതിന്റെ പേരില്‍ കേരളത്തില്‍ ആര്‍ക്കും ജയിലില്‍ പോകേണ്ടി വന്നിട്ടില്ല.
എന്നാലും കേരളത്തില്‍ കാര്‍ട്ടൂണുകളുടെ എണ്ണവും കാര്‍ട്ടൂണ്‍ കോളങ്ങളും കുറയുന്നുണ്ട്. ഇത് മാധ്യമങ്ങള്‍ പരിശോധിക്കണം. വിശ്വസനീയമല്ലാത്ത ഏജന്‍സികളിലൂടെ വാര്‍ത്തകള്‍ വരുന്ന സാധ്യത അപകടമാണെന്നും വസ്തുതകള്‍ പുറത്തുവരാന്‍ വ്യവസ്ഥാപിതമായ മാധ്യമങ്ങളെ ശക്തിപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. മാധ്യമപ്രവര്‍ത്തകര്‍ക്കായി വിവിധ പരിപാടികളും ഫെല്ലോഷിപ്പുകളും അവാര്‍ഡുകളും നടത്തുന്ന മീഡിയ അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണ്. പുതിയ ആളുകളെ മാധ്യമരംഗത്തേക്ക് കൊണ്ടുവരുന്നതിനും പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിനും പേപ്പറുകള്‍ തയ്യാറാക്കുന്നതിനും മീഡിയ അക്കാദമി നടത്തുന്ന അക്കാദമിക് പ്രവര്‍ത്തനങ്ങള്‍ പ്രധാനമാണ്.
കൊച്ചി മെട്രോ വന്നപ്പോള്‍ നഷ്ടമായ എറണാകുളത്തെ മീഡിയ അക്കാദമിയുടെ കെട്ടിടത്തിന്റെ നിര്‍മ്മാണത്തിന് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് സഹായം ഉണ്ടാകുമെന്നും അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സര്‍ക്കാര്‍ പിന്തുണ തുടരുമെന്നും മന്ത്രി പറഞ്ഞു. കേരള മീഡിയ അക്കാദമി ഫെലോഷിപ്പ് വിതരണവും അക്കാദമിയുടെ നവീകരിച്ച വെബ്സൈറ്റിന്റെ പ്രകാശനവും മന്ത്രി ചടങ്ങില്‍ നിര്‍വഹിച്ചു. മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്.ബാബു,സെക്രട്ടറി അനില്‍ ഭാസ്‌കര്‍,മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
CONTENT HIGH LIGHTS; Minister KN Balagopal says the government will provide maximum support to the media.
















