ഓണാഘോഷം പൂര്‍ണമായും ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ച് നടത്തുമെന്ന് ഉറപ്പാക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്കും മറ്റ് ഏജന്‍സികള്‍ക്കും സര്‍ക്കാര്‍ നിര്‍ദേശം. പൂക്കളങ്ങള്‍ക്കും കൊടിതോരണങ്ങള്‍ക്കും മറ്റും പ്ലാസ്റ്റിക് ഉപയോഗിക്കരുത്. സ്ഥാപനങ്ങളിലും ഓഫീസുകളിലും ഓണാഘോഷം സംഘടിപ്പിക്കുമ്പോള്‍ പ്ലാസ്റ്റിക് ഇല, പ്ലേറ്റ്, കപ്പുകള്‍ ഒഴിവാക്കണം. വഴിയോരക്കച്ചവടക്കാര്‍ ഉള്‍പ്പെടെ ആരും ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കവറുകളോ കപ്പുകളോ പ്ലേറ്റുകളോ സാധനങ്ങളും ആഹാരപദാര്‍ഥങ്ങളും നല്കാനായി ഉപയോഗിക്കരുതെന്നും നിര്‍ദേശമുണ്ട്.
ഇക്കാര്യങ്ങള്‍ തദ്ദേശഭരണസ്ഥാപനങ്ങള്‍ ഉറപ്പാക്കണമെന്നും സര്‍ക്കുലറില്‍ തദ്ദേശഭരണവകുപ്പ് നിര്‍ദേശിച്ചു. പൊതുവിടങ്ങള്‍ പരമാവധി വൃത്തിയായി സൂക്ഷിക്കണം. എല്ലായിടത്തും ആവശ്യത്തിന് മാലിന്യ ബിന്നുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് ഉറപ്പു വരുത്തണമെന്ന് തദ്ദേശസ്ഥാപന അധികൃതര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ‘മഹാബലി വൃത്തിയുടെ ചക്രവര്‍ത്തി’ എന്ന ആശയത്തിലൂന്നിയാണ് ഇത്തവണ സര്‍ക്കാര്‍ ഓണത്തിന് ഒരുങ്ങുന്നത്. ഓണത്തിന് മുന്നോടിയായി ശുചീകരണയജ്ഞം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഓഗസ്റ്റിലെ മൂന്നാം ശനിയാഴ്ച എല്ലാ പൊതുഇടങ്ങളും വൃത്തിയാക്കാന്‍ ജനകീയ യജ്ഞം തദ്ദേശസ്ഥാപനങ്ങളുടെ മുന്‍കൈയില്‍ സംഘടിപ്പിക്കും. സംസ്ഥാനത്തൊട്ടാകെ പൊതുജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന പരിപാടിയില്‍ വിവിധ ക്ലബുകള്‍, റസിഡന്റ്സ് അസോസിയേഷനുകള്‍, എന്നിവരുടെ സഹകരണം ഉറപ്പാക്കും.
ഹരിത ചട്ടങ്ങള്‍ പാലിച്ച് ഓണാഘോഷം സംഘടിപ്പിക്കുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, റസിഡന്റ്സ് അസോസിയേഷനുകള്‍, വ്യാപാര സ്ഥാപനങ്ങള്‍, ഫ്ലാറ്റ് സമുച്ചയങ്ങള്‍, കലാ, കായിക ക്ലബുകള്‍ എന്നിവയ്ക്ക് തദ്ദേശ അടിസ്ഥാനത്തില്‍ പുരസ്‌കാരം നല്‍കാനും തീരുമാനമായിട്ടുണ്ട്. മികച്ച ക്ലബുകള്‍ക്ക്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ നേതൃത്വം നല്‍കുന്ന എന്‍ഫോഴ്സ്മെന്റ് സമിതിയുടെ ശുപാര്‍ശ പ്രകാരം ഹരിത സര്‍ട്ടിഫിക്കറ്റും നല്‍കും. ജില്ലാ അടിസ്ഥാനത്തില്‍ ഏറ്റവും മികച്ച പഞ്ചായത്തിനും നഗരസഭയ്ക്കും പ്രത്യേകം പുരസ്‌കാരം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.
ആഘോഷങ്ങളുടെ ഭാഗമായി മാലിന്യങ്ങള്‍ പരമാവധി കുറയ്ക്കണമെന്നും നിരോധിത പ്ലാസ്റ്റിക് വസ്തുക്കള്‍ക്കുപകരം പ്രകൃതിസൗഹൃദ വസ്തുക്കള്‍ ഉപയോഗിക്കണമെന്നും ശുചിത്വ മിഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ യു.വി. ജോസ് അഭ്യര്‍ഥിച്ചു.
CONTENT HIGH LIGHTS; Green Onam in the state?: Instructions to completely avoid flower arrangements, flagpoles, and banned plastic; Awards for those celebrating Green Onam
















