ആരോഗ്യഗുണങ്ങൾ ഏറെയുള്ള ഒന്നാണ് ഉണക്കമുന്തിരി. തലേദിവസം വെള്ളത്തിലിട്ട് കുതിർത്തുവെച്ച ഉണക്കമുന്തിരി വെറുംവയറ്റിൽ കഴിക്കുന്നവർ ആണോ നിങ്ങൾ ? എങ്കിൽ തീർച്ചയായും ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം.
ഉണക്കമുന്തിരി കുതിര്‍ക്കുന്നത് എന്തിനാണ്? വെറുതെ കഴിച്ചാല്‍ പോരേ എന്നൊരു ചോദ്യം മനസ്സിലുണ്ടാകും. എന്നാല്‍ ഉണക്കമുന്തിരി വെള്ളത്തിൽ കുതിർക്കുമ്പോൾ അതിലെ പോഷകങ്ങൾ കൂടുതൽ എളുപ്പത്തിൽ ശരീരത്തിന് ആഗിരണം ചെയ്യാൻ സാധിക്കും. കൂടാതെ, ഇതിലെ നാരുകൾ മൃദുവാവുകയും ദഹനപ്രക്രിയ കൂടുതൽ സുഗമമാക്കുകയും ചെയ്യും.
ദഹനം എന്നത് ആരോഗ്യത്തിന്‍റെ അടിസ്ഥാനമാണ്. ഉണക്കമുന്തിരിയിൽ നാരുകൾ ധാരാളമുണ്ട്. ഇത് മലബന്ധം പോലുള്ള പ്രശ്നങ്ങൾ തടയാനും ദഹനവ്യവസ്ഥയെ ‘ഓൺ ട്രാക്കി’ൽ നിർത്താനും സഹായിക്കും. പതിവായി ഇത് കഴിക്കുന്നത് കുടലിന്‍റെ ചലനം മെച്ചപ്പെടുത്തുകയും ആരോഗ്യകരമായ ദഹനത്തിന് വഴിയൊരുക്കുകയും ചെയ്യും.
രാവിലെ തന്നെ മടുപ്പോടെയാണോ ഉണരുന്നത്? എങ്കിൽ ഉണക്കമുന്തിരി രക്ഷകനാകും! ഇതിലെ പ്രകൃതിദത്തമായ പഞ്ചസാരകളായ ഫ്രക്ടോസും ഗ്ലൂക്കോസും ശരീരത്തിന് പെട്ടെന്ന് ഊർജ്ജം നൽകുകയും ദിവസം മുഴുവൻ ഉന്മേഷത്തോടെ പ്രവർത്തിക്കാൻ സഹായിക്കുകയും ചെയ്യും. രാവിലെ കാപ്പി കുടിക്കുന്നതിന് പകരം ഈ ഉണക്കമുന്തിരി കഴിച്ചുനോക്കൂ, അപ്പോഴറിയാം ഇതിന്‍റെ ഗുണം. വ്യായാമം ചെയ്യുന്നവർക്കും കായിക താരങ്ങൾക്കുമെല്ലാം രാവിലെ തന്നെ മികച്ച ഒരു ഊർജ്ജ സ്രോതസ്സാണ് ഇത്.
രക്തക്കുറവ് മാറാന്‍
നമ്മുടെ നാട്ടിൽ പലർക്കും കണ്ടുവരുന്ന ഒരു പ്രശ്നമാണ് വിളർച്ച അഥവാ അനീമിയ. ഉണക്കമുന്തിരിയിൽ ഇരുമ്പ് ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തിന് അത്യാവശ്യമാണ്. കുതിർത്ത് കഴിക്കുമ്പോൾ ഈ ഇരുമ്പിനെ ശരീരം എളുപ്പത്തിൽ വലിച്ചെടുക്കും, അങ്ങനെ അനീമിയയെ ഒരു പരിധി വരെ തടയാനും നിലവിലുള്ള വിളർച്ച കുറയ്ക്കാനും ഇത് സഹായിക്കും.
രക്തസമ്മർദ്ദം നിയന്ത്രിക്കാം
ഉണക്കമുന്തിരിയിൽ അടങ്ങിയിട്ടുള്ള പൊട്ടാസ്യം രക്തക്കുഴലുകളെ വിശ്രമിക്കാനും രക്തസമ്മർദ്ദം നിയന്ത്രിക്കാനും സഹായിക്കുന്നു. ഇത് ഹൃദയാരോഗ്യത്തിനും വളരെ പ്രയോജനകരമാണ്. ഉയർന്ന രക്തസമ്മർദ്ദമുള്ളവർക്ക് ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഗുണം ചെയ്യും.
















