ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ പുതിയ ഇന്‍ഡോര്‍ സ്റ്റേഡിയത്തോടനുബന്ധിച്ച് മണപ്പുറം ഫിനാന്‍സ് നിര്‍മിച്ചു നല്‍കിയ ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ് (ഐഒടി) ക്ലാസ് റൂം മണപ്പുറം ഫിനാന്‍സ് എംഡി വി.പി. നന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു. കോളേജിലെ വികസന പരിപാടികള്‍ക്ക് പൂര്‍വവിദ്യാര്‍ഥി എന്ന നിലയിലുള്ള പിന്തുണ വിപി നന്ദകുമാര്‍ ഉറപ്പു നല്‍കി. കോളേജ് പ്രിന്‍സിപ്പല്‍ ഫാ.ഡോ. ജോളി ആന്‍ഡ്രൂസ്, കോളേജ് മാനേജര്‍ ഫാ. പി.ടി. ജോയ്, മണപ്പുറം ഫിനാന്‍സ് സീനിയര്‍ പിആര്‍ഒ കെ.എം. അഷ്‌റഫ്, മണപ്പുറം ഫൗണ്ടേഷന്‍ സിഇഒ ജോര്‍ജ് ഡി ദാസ്, മണപ്പുറം ഫൗണ്ടേഷന്‍ സി എസ് ആര്‍ ഹെഡ് ശില്‍പ തെരേസ സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
ഒരു ഗ്രാമത്തില്‍ നിന്ന് ലിസ്റ്റ് ചെയ്യപ്പെടുന്ന ആദ്യത്തെ ബാങ്കും എന്‍ബിഎഫ്‌സിയുമാണ് മണപ്പുറം ഫിനാന്‍സെന്ന് വിദ്യാര്‍ഥികളുമായുള്ള ആശയ വിനിമയ ചടങ്ങില്‍ വി.പി. നന്ദകുമാര്‍ പറഞ്ഞു. എല്ലാവരും ചിന്തിക്കുന്നതില്‍ നിന്ന് വ്യത്യസ്തമായി ചിന്തിച്ചതിന്റെ ഫലമാണ് മണപ്പുറം ഗ്രൂപ്പ്. പ്രതിസന്ധികളെ ചവിട്ടുപടിയാക്കിയാണ് മണപ്പുറം വളര്‍ന്നത്. യു എസ് കഴിഞ്ഞാല്‍ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയായി ചൈന മാറിയതിന് പിന്നില്‍ അവിടത്തെ ജനങ്ങളുടെ കഠിനപ്രയത്‌നവും അര്‍പ്പണ മനോഭാവവുമാണ്. സമൂഹത്തിന്റെ ആവശ്യത്തിനും കാലഘട്ടത്തിനുമനുസരിച്ച് വേണം വളരാന്‍. നിരന്തരമായ പഠനമാണ് വളര്‍ച്ചയുടെ അടിത്തറയെന്നും അദ്ദേഹം പറഞ്ഞു.
ബോട്ടണി ഡിപ്പാര്‍ട്ട്‌മെന്റ് നടത്തിയ പ്രത്യേക പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക് വി.പി. നന്ദകുമാര്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. കോളേജ് മാനേജര്‍ ഫാ. പി.ടി. ജോയ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ വി പി. നന്ദകുമാറിനെ ആദരിച്ചു. പ്രിന്‍സിപ്പല്‍ ഫാ.ഡോ. ജോളി ആന്‍ഡ്രൂസ് സ്വാഗതമാശംസിച്ചു. ഷിന്റോ കെ. ജി നന്ദി പറഞ്ഞു. ക്രൈസ്റ്റ് ഇന്നൊവേഷന്‍ സെന്ററിലെ പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനവും വി.പി. നന്ദകുമാര്‍ നിര്‍വഹിച്ചു.
















