ഗാസയിൽ വെടിയൊച്ചകൾ നിലയ്ക്കുന്നില്ല. ചർച്ചകളൊക്കെ വിഫലാമാകുന്നു. ഇസ്രയേൽ ഹമാസ് യുദ്ധത്തിൽ ലോകരാജ്യങ്ങളും പ്രതീക്ഷ കൈവിട്ടിരിക്കുകയാണ്.ഗാസയിൽ ഇസ്രയേൽ സൈനികമായി ഏറെ മുന്നേറിയെങ്കിലും എല്ലാ ബന്ദികളെയും മോചിപ്പിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ലക്ഷ്യം കാണാതെ പിന്നോട്ടില്ലെന്ന വാശിയിലുമാണ് ഇസ്രയേൽ.ഹമാസ് സൈനികമായി ദുർബലമായെങ്കിലും ഗറില്ലാ ആക്രമണങ്ങളിലൂടെ പ്രതിരോധിക്കുന്നുമുണ്ട്. അനന്തമായി നീളുന്ന ഈ യുദ്ധത്തിൽ ഗാസ നഗരം പൂർണമായി തകർന്നിരിക്കുകയാണ്. വിദഗ്ധരുടെ അഭിപ്രായത്തിൽ ഗാസ കടുത്ത ക്ഷാമത്തിലേക്ക് നീങ്ങുകയാണ്. ജനജീവിതം പട്ടിണിയാലും മരണഭീതിയിലും നരകിത്തുന്നു.
യുദ്ധം എങ്ങനെ അവസാനിപ്പിക്കണം എന്നതിനെക്കുറിച്ച് ഇസ്രയേലിനും ഹമാസിനും അവരുടേതായ നിലപാടിലാണ്. മാത്രമല്ല തങ്ങളുടെ കാഴ്ചപ്പാടുകളിൽനിന്ന് ഒരടി പോലും പിന്നോട്ട് പോകൻ അവർ തയ്യാറാകുന്നില്ല എന്നത് ഭിന്നത വർദ്ധിപ്പിക്കുന്നു. ഇത് അമേരിക്ക, ഈജിപ്ത്, ഖത്തർ എന്നിവിടങ്ങളിൽ നിന്നുള്ള മധ്യസ്ഥർക്ക് പോലും യുദ്ധവസാനം എന്ന പ്രതീക്ഷ നഷ്ടപ്പെടുത്തുന്നു. അതേസമയം ഗാസ പൂർണമായി കീഴടക്കാൻ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഉത്തരവിട്ടേക്കുമെന്ന് ഇസ്രയേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രണ്ട് പതിറ്റാണ്ടുകൾക്ക് മുൻപ് ഇസ്രയേൽ സൈന്യത്തെയും കുടിയേറ്റക്കാരെയും പിൻവലിച്ചതിന് ശേഷം ഇതാദ്യമായാണ് ഇങ്ങനെയൊരു നീക്കം ഉണ്ടാകാൻ സാധ്യത. ഈ നീക്കം നടപ്പാക്കുകയാണെങ്കിൽ, ഗാസയിലെ ഭൂരിഭാഗം ജനങ്ങളും അഭയം തേടിയ, ഇതുവരെ പൂർണമായി നശിപ്പിക്കാത്ത ഏകദേശം 25% പ്രദേശങ്ങളിലേക്ക് കരസേനയെ അയക്കേണ്ടി വരും. മുവാസിയിലെ തീരദേശ ക്യാമ്പുകളും ഇതിൽപ്പെടും.
ഇത് കൂടുതൽ പലസ്തീനികളുടെ മരണത്തിനും കൂട്ട പലായനത്തിനും ഇടയാക്കും. കൂടാതെ, നിലവിലെ ബന്ദികളുടെ ജീവന് ഇത് വലിയ അപകടമുണ്ടാക്കും. ഈ നീക്കം നടപ്പാക്കുകയാണെങ്കിൽ, ഗാസയുടെ പൂർണ നിയന്ത്രണം ഇസ്രയേലിന് ലഭിക്കും. അന്താരാഷ്ട്ര നിയമമനുസരിച്ച് ജനങ്ങൾക്ക് സുരക്ഷയും അടിസ്ഥാന ആവശ്യങ്ങളും ഉറപ്പാക്കേണ്ടത് ഇസ്രയേലിൻ്റെ ഉത്തരവാദിത്തമായി മാറും.
ഗാസയെ തിരിച്ചുപിടിക്കാനുള്ള ഈ നീക്കം അന്താരാഷ്ട്ര തലത്തിൽ വലിയ പ്രതിഷേധത്തിന് കാരണമാവുകയും ഇസ്രയേലിനെയും അമേരിക്കയെയും കൂടുതൽ ഒറ്റപ്പെടുത്തുകയും ചെയ്യും. ബന്ദികളുടെ സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടുന്നവരും, ഈ നീക്കം വലിയ പ്രതിസന്ധിക്ക് വഴിവയ്‌ക്കുമെന്ന് മുന്നറിയിപ്പ് നൽകുന്ന മുൻ സുരക്ഷാ മേധാവിമാരും ഉൾപ്പെടെ ഇസ്രയേലിനുളളിൽ തന്നെ ഇതിന് എതിർപ്പുണ്ട്. എന്നാൽ, ഗാസ തിരിച്ചുപിടിക്കാനും അവിടത്തെ ജനസംഖ്യയെ മറ്റ് രാജ്യങ്ങളിലേക്ക് മാറ്റി ജൂത കുടിയേറ്റങ്ങൾ പുനർനിർമിക്കാനും ആഹ്വാനം ചെയ്യുന്ന നെതന്യാഹുവിൻ്റെ തീവ്ര വലതുപക്ഷ സഖ്യകക്ഷികൾക്ക് ഇതിന് വലിയ പിന്തുണയുണ്ട്.
അവശേഷിക്കുന്ന ബന്ദികളെ വിട്ടയക്കുന്നതിന് പകരമായി തടവിലുളള പലസ്തീനികളെ മോചിപ്പിക്കുക, ഇസ്രയേൽ സൈന്യം ഗാസയിൽ നിന്ന് പൂർണമായി പിൻവാങ്ങുക, ദീർഘകാലത്തേക്ക് വെടിനിർത്തൽ പ്രഖ്യാപിക്കുക എന്നിവയാണ് ഹമാസിൻ്റെ ആവശ്യങ്ങൾ. ഈ ആവശ്യങ്ങൾ ഒരു വർഷം മുൻപ് ബൈഡൻ ഭരണകൂടവും യു എൻ സുരക്ഷാ കൗൺസിലും അംഗീകരിച്ചിരുന്നു. ട്രംപ് ഭരണകൂടം ജനുവരിയിൽ പൂർത്തിയാക്കിയ വെടിനിർത്തൽ കരാറിലും ഇത് ഉൾപ്പെടുത്തിയിരുന്നു.
ഇത് ആറ് ആഴ്ചത്തെ വെടിനിർത്തലിനും, 25 ബന്ദികളുടെയും 8 പേരുടെ മൃതദേഹങ്ങളുടെയും മോചനത്തിനും, മാനുഷിക സഹായം ലഭ്യമാക്കുന്നതിനും കാരണമായി. ഒരു ദീർഘകാല വെടിനിർത്തലിനായി ചർച്ച ചെയ്യാൻ ഇരുപക്ഷവും ഈ ഇടവേള ഉപയോഗിക്കുമെന്ന് കരുതിയിരുന്നു. എന്നാൽ, ഇസ്രയേൽ മാർച്ചിൽ വെടിനിർത്തൽ അവസാനിപ്പിക്കുകയും മറ്റൊരു താത്കാലിക വെടിനിർത്തലിനും അവശേഷിക്കുന്ന ബന്ദികളെ മോചിപ്പിക്കാനും ആവശ്യപ്പെടുകയായിരുന്നു.
ഗാസയിൽ നിന്ന് പിന്മാറിയാൽ ഹമാസ് അവരുടെ സൈനിക ശക്തി വീണ്ടെടുക്കാനും സ്വാധീനം നിലനിർത്താനും ശ്രമിച്ചേക്കുമെന്ന് ഇസ്രയേൽ ഭയപ്പെടുന്നു. ഇത് ഒക്ടോബർ 7-ലെ പോലുളള മറ്റൊരു ആക്രമണത്തിന് വഴിയൊരുക്കും. കൂടാതെ, ഹമാസിൻ്റെ ആവശ്യങ്ങൾ അംഗീകരിക്കുകയാണെങ്കിൽ, നെതന്യാഹുവിൻ്റെ വലതുപക്ഷ സഖ്യകക്ഷികൾ ഭരണം അട്ടിമറിച്ചേക്കുമെന്നും അദ്ദേഹം ഭയപ്പെടുന്നു. ഇത് 16 വർഷത്തോളം നീണ്ട അദ്ദേഹത്തിൻ്റെ അധികാരത്തിന് അന്ത്യം കുറിക്കുകയും, നിലവിലുളള അഴിമതിക്കേസുകളിലും 2023-ലെ സുരക്ഷാ വീഴ്ചകളെക്കുറിച്ചുളള അന്വേഷണങ്ങളിലും അദ്ദേഹത്തെ കൂടുതൽ ദുർബലനാക്കുകയും ചെയ്യും.
എല്ലാ ബന്ദികളെയും മോചിപ്പിക്കുകയും ഹമാസ് പൂർണമായി പരാജയപ്പെടുകയോ അല്ലെങ്കിൽ നിരായുധരായി പ്രവാസികളായി പോകാൻ സമ്മതിക്കുകയോ ചെയ്താൽ മാത്രമേ യുദ്ധം അവസാനിപ്പിക്കൂ എന്ന് നെതന്യാഹു പറഞ്ഞിരുന്നു. അതിനുശേഷവും, ഗാസയിലെ ജനങ്ങളെ മറ്റ് രാജ്യങ്ങളിലേക്ക് ‘സ്വമേധയാ കുടിയേറ്റം’ നടത്താൻ ഇസ്രയേൽ പദ്ധതിയിടുമെന്നും അദ്ദേഹം പറയുന്നു. ഇത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നാണ് പലസ്തീനും അന്താരാഷ്ട്ര സമൂഹവും കരുതുന്നത്.
ഹമാസ് ചില ബന്ദികളെയും മരിച്ചവരുടെ മൃതദേഹങ്ങളും വിട്ടയച്ചാൽ തടവിലുളള പലസ്തീനികളെ മോചിപ്പിക്കാനും, മാനുഷിക സഹായം നൽകാനും, ഭാഗികമായി സൈന്യത്തെ പിൻവലിക്കാനും ഒരു താത്കാലിക വെടിനിർത്തലിന് സമ്മതിക്കാൻ ഇസ്രയേൽ തയാറാണ്. അതിനുശേഷം ഒരു യുദ്ധാവസാനം ചർച്ച ചെയ്യാം, പക്ഷേ അതിന് ഹമാസ് നിരായുധരാകണം എന്ന് ഇസ്രയേൽ ആവശ്യപ്പെടുന്നു.
മറ്റെല്ലാ പലസ്തീനികൾക്കും അധികാരം കൈമാറാൻ തങ്ങൾ തയാറാണെന്ന് ഹമാസ് പറയുന്നു. എന്നാൽ, പലസ്തീനികൾക്ക് ഒരു ഭാവി രാഷ്ട്രത്തിനായി ആവശ്യമുള്ള ഭൂമി ഇസ്രയേൽ പിടിച്ചടക്കിയിരിക്കുമ്പോൾ തങ്ങൾ ആയുധം താഴെ വയ്ക്കാൻ തയാറല്ല. മാർച്ചിൽ ചെയ്തതുപോലെ ഇസ്രയേൽ യുദ്ധം പുനരാരംഭിക്കില്ലെന്ന് ഹമാസിന് ഉറപ്പും വേണം.
കൂടുതൽ സൈനിക നീക്കങ്ങൾ കൂടുതൽ ഇളവുകൾക്ക് വഴിയൊരുക്കിയേക്കാം. പക്ഷേ ഹമാസിന് ഇതിനോടകം ആയിരക്കണക്കിന് പോരാളികളെയും ഗാസയിലെ മിക്കവാറും എല്ലാ ഉന്നത നേതാക്കളെയും നഷ്ടമായി. ഇപ്പോൾ പല പ്രദേശങ്ങളിലും അവർക്ക് നിയന്ത്രണമില്ല. ഹമാസിൻ്റെ ശക്തരായ സഖ്യകക്ഷികളായ ഇറാനും ഹിസ്ബുല്ലയും ദുർബലരായി. ബന്ദികളാണ് ഹമാസിൻ്റെ കൈയിലുളള അവസാനത്തെ വിലപേശൽ ആയുധം.
യുദ്ധം നിലവിലെ അവസ്ഥയിൽ തുടരാൻ സാധ്യതയുണ്ട്. ഇസ്രയേൽ സൈന്യം ഭീകരരെ മാത്രം ലക്ഷ്യമിട്ടാണ് ആക്രമണം നടത്തുന്നതെന്ന് പറയുമ്പോഴും, ഈ വ്യോമാക്രമണങ്ങളിൽ സാധാരണക്കാരും കുട്ടികളും കൊല്ലപ്പെടാൻ സാധ്യതയുണ്ട്. ഹമാസ് ഒളിഞ്ഞും തെളിഞ്ഞും ആക്രമണങ്ങൾ തുടരുകയും, ഇടയ്ക്കിടെ ഇസ്രയേലി സൈനികരെ കൊല്ലുകയും ചെയ്യാം. ഗാസയിൽ കൂടുതൽ ഭക്ഷ്യവസ്തുക്കൾ എത്തിക്കാനുളള നടപടികൾ ക്ഷാമം ഒഴിവാക്കാൻ സഹായിച്ചേക്കാം. ബന്ദികൾ മാസങ്ങളോ വർഷങ്ങളോ തടവിൽ കഴിഞ്ഞേക്കാം.
ഇസ്രയേലിൽ 2026 ഒക്ടോബറിൽ, അല്ലെങ്കിൽ അതിനുമുൻപ് തന്നെ തെരഞ്ഞെടുപ്പ് നടന്നേക്കാം. ഇത് നെതന്യാഹുവിൻ്റെ സഖ്യം നിലനിന്നാൽ പോലും പുതിയ നേതൃത്വത്തിന് വഴിയൊരുക്കും. ഏത് സാധ്യത നടപ്പാകുമെന്ന് പ്രധാനമായും യു എസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനെ ആശ്രയിച്ചിരിക്കും. ഇസ്രയേലിന് നിർണായകമായ സൈനികവും നയതന്ത്രപരവുമായ പിന്തുണ നൽകിയത് ട്രംപാണ്. ജൂണിൽ ഇസ്രയേലും ഇറാനും തമ്മിലുളള 12 ദിവസത്തെ യുദ്ധത്തിന് ശേഷം അദ്ദേഹം വെടിനിർത്തലിന് മധ്യസ്ഥത വഹിച്ചത് നെതന്യാഹുവിൻ്റെ മേൽ അദ്ദേഹത്തിനുളള സ്വാധീനം വ്യക്തമാക്കുന്നു.
ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനും അവശേഷിക്കുന്ന ബന്ദികളെ തിരിച്ചെത്തിക്കാനും ട്രംപും ആഗ്രഹിക്കുന്നുണ്ട്. എന്നാൽ അദ്ദേഹം ഇസ്രയേലിൻ്റെ മേൽ പരസ്യമായി സമ്മർദം ചെലുത്തുനാൻ അമേരിക്കയ്ക്ക് കഴിയുന്നില്ല. വെടിനിർത്തലിനുളള ഇസ്രയേലിൻ്റെ ആവശ്യങ്ങൾ ട്രംപ് പൂർണമായും അംഗീകരിച്ചമട്ടാണ്. ഗാസ തിരിച്ചുപിടിക്കുന്നതിനെ താൻ പിന്തുണയ്ക്കുമോ എന്ന് ചോദിച്ചപ്പോൾ, “അത് ഇസ്രയേലിൻ്റെ ഇഷ്ടമാണ്” എന്നാണ് ട്രംപിന്റെ ഭാഗത്തുനിന്നുള്ള മറുപടി. ഇസ്രയേൽ ഗാസ യുദ്ധത്തിൽ ലോകരാജ്യങ്ങളെല്ലാം നോക്കുകുത്തികളാകുന്നു എന്നതാണ് ശരി.
















