സ്ത്രീകളുടെ തിരോധാനക്കേസിലെ പ്രതി സെബാസ്റ്റ്യൻ പണ്ട് മുതലേ ക്രിമിനൽ സ്വഭാവമുള്ളയാളാണെന്നാണ് സമീപവാസികൾ പറയുന്നത്.ബന്ധുക്കൾക്ക് ചോറിൽ വിഷംകലർത്തി നൽകി 17-ാം വയസ്സിൽ തന്നെ ക്രിമിനൽസ്വഭാവം പുറത്തുകാട്ടിയയാളാണ് സെബാസ്റ്റ്യനെന്ന് പരിസരവാസികൾ സാക്ഷ്യപ്പെടുത്തുന്നുണ്ട്.സ്വത്തുതർക്കത്തിന്റെ പേരിൽ പിതാവിന്റെ അടുത്ത ബന്ധുക്കൾക്കാണ് വിഷം നൽകിയത്. തലനാരിഴയ്ക്കാണ് അവർ മൂന്നുപേരും രക്ഷപ്പെട്ടത്. തുടർന്ന്, സഹോരങ്ങളുമായും അയൽവാസികളുമായും സെബാസ്റ്റ്യൻ പലഘട്ടത്തിലും തർക്കമുണ്ടാക്കി.സൗമ്യനെന്നു തോന്നുമെങ്കിലും പകതോന്നിയാൽ പലവഴികളിലൂടെ ആക്രമിക്കുന്നതാണ് ഇയാളുടെ സ്വഭാവം.
എസ്എസ്എല്‍സി വിദ്യാഭ്യാസം മാത്രമുള്ള സെബാസ്റ്റ്യന് ആദ്യം ഒരു സ്വകാര്യ ബസിലെ ജീവനക്കാരനായിരുന്നു. പിന്നീട് അംബാസഡര്‍ കാര്‍ വാങ്ങി ടാക്‌സി ഓടി. ഇതിനിടയിലാണ് സ്ഥലക്കച്ചവട രംഗത്തേക്ക് ഇറങ്ങുന്നത്. ഈ കാലയളവിലാണ് കാണാതായെന്നു പറയുന്ന സ്ത്രീകളുമായി സെബാസ്റ്റ്യന് ബന്ധപ്പെടുന്നത്.
നാലു സ്ത്രീകളുടെ തിരോധാനക്കേസ് മുന്നിലുണ്ടെങ്കിലും അത് സെബാസ്റ്റ്യനുമായി കണക്ട് ചെയ്യാന്‍ കൃത്യമായ തെളിവ് കണ്ടെത്താന്‍ ഇതുവരെയും അന്വേഷണ സംഘത്തിനു കഴിഞ്ഞിട്ടില്ല. ഡോഗ് സ്ക്വാഡ്, ഫോറന്‍സിക് വിദഗ്ധര്‍, റഡാര്‍ സംവിധാനം തുടങ്ങി എല്ലാവിധ രീതിയിലും അന്വേഷണം നടത്തിയിട്ടും സെബാസ്റ്റ്യനെതിരേ കൃത്യമായ തെളിവുകൾ ഇനിയും ലഭിച്ചിട്ടില്ല.
സെബാസ്റ്റ്യന്റെ വീട്ടില്‍നിന്നു ലഭിച്ച അസ്ഥിക്കഷണങ്ങളുടെ ഡിഎന്‍എ പരിശോധനാഫലം കാണാതായ സ്ത്രീകളുടേതാണെന്നു തെളിഞ്ഞാല്‍ മാത്രമേ ഇയാളെ പ്രതിക്കൂട്ടിലാക്കാനാകൂ. അതേസമയം, ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിൽ ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി നിസഹകരിക്കുകയാണ് ഇയാൾ. കുറ്റമൊന്നും ചെയ്തിട്ടില്ലെന്നാണ് നിലപാട്. സ്ത്രീകളെ മാത്രമാണ് സെബാസ്റ്റ്യന്‍ ലക്ഷ്യമിട്ടതെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. ആലപ്പുഴയിലെ ആലപ്പുഴയിലെ പള്ളിപ്പുറത്ത് രണ്ടരയേക്കര്‍ സ്ഥലം കേരളത്തിലെ ധര്‍മ്മസ്ഥലയോ എന്ന സംശയത്തിലാണ് അന്വേഷണസംഘം. ആലപ്പുഴയിലെ പള്ളിപ്പുറത്തെ രണ്ടരയേക്കര്‍ സ്ഥലം സെബാസ്റ്റ്യനു പാരമ്പര്യസ്വത്തായി കിട്ടിയതാണ്.
50-ാം വയസ്സിലാണ് ഏറ്റുമാനൂരുകാരി സുബിയുമായുള്ള വിവാഹം. ശേഷം ഏറ്റുമാനൂരിലായിരുന്നു സെബാസ്റ്റ്യന്റെ താമസം. എന്നാൽ, പകലും പല രാത്രികളിലും പള്ളിപ്പുറത്തെ വീട്ടിലെത്തുമായിരുന്നു. വിവാഹം കഴിഞ്ഞ് നാലാംവർഷമാണ് ആൺകുട്ടി ജനിച്ചത്. ഭാര്യയും മകനും ഏതാനും ദിവസം മാത്രമേ പള്ളിപ്പുറത്തെ വീട്ടിൽ താമസിച്ചിട്ടുള്ളൂ.എന്നാൽ നാലു സ്ത്രീകളെ കൊലപ്പെടുത്തിയ സംഭവത്തില്‍ സെബാസ്റ്റ്യന് കുറ്റക്കാരനാണെന്ന രീതിയിലുള്ള പ്രചാരണം നടക്കുമ്പോഴും അയാള്‍ സൗമ്യനാണെന്നും ഇങ്ങനെയുള്ള കാര്യങ്ങള്‍ ചെയ്യുമെന്നു വിശ്വസിക്കുന്നില്ലെന്നുമാണ് സെബാസ്റ്റ്യന്റെ ഭാര്യ പറയുന്നത്.
















